കാലിഫോര്‍ണിയ: സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമെന്ന് തോന്നിപ്പിക്കുന്ന പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പായ ജെയിംസ് വെബ് ജെയിംസ് വെബ്. നാസയാണ് ഇക്കാര്യം അറിയിച്ചത്.
സൂര്യനു ചുറ്റിലും ഭൂമി ഭ്രമണം ചെയ്യുന്നതു പോലെ മറ്റൊരു നക്ഷത്രത്തിന് ചുറ്റിലുമാണ് ഈ ഗ്രഹം കറങ്ങുന്നത്. ജെയിംസ് വെബ് ടെലസ്‌കോപ്പ് കണ്ടെത്തുന്ന ആദ്യ ഗ്രഹമാണിത്. പുതിയ കണ്ടെത്തലോടെ ജെയിംസ് വെബ് അതിന്റ വിജയപട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ത്തിരിക്കുകയാണ്.
എല്‍.എച്ച്.എസ് 475 ബി എന്ന് നാസ പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയുടെ വ്യാസത്തിനു സമാനമായ വലിപ്പം ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. അമേരിക്കയിലെ മെരിലന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ കെവിന്‍ സ്റ്റീവന്‍സണ്‍, ജേക്കബ് ലുസ്റ്റിംഗ് യീഗര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31-നാണ് പുതിയ ഗ്രഹത്തെ വിശദമായി നിരീക്ഷിച്ചത്. നിയര്‍ ഇന്‍ഫ്രാ റെഡ് സ്പെക്ട്രോഗ്രാഫ് എന്ന ഉപകരണം പാറക്കെട്ടുകള്‍ നിറഞ്ഞ പുതിയ ഗ്രഹത്തിന്റെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തി.
സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ (എക്‌സോപ്ലാനെറ്റ്) കണ്ടെത്താനുള്ള നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനെറ്റ് സര്‍വേ ഉപഗ്രഹം നേരത്തേ തന്നെ ഈ ഗ്രഹത്തെ പറ്റി സൂചനകള്‍ തന്നിരുന്നു. ജെയിംസ് വെബ് ടെലസ്‌കോപ്പാണ് ഇത് സ്ഥിരീകരിച്ചത്.
ദക്ഷിണ ആകാശത്തിലെ ഒക്ടാന്‍സ് എന്നറിയപ്പെടുന്ന നക്ഷത്രസമൂഹത്തില്‍ നിന്ന് 41 പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹം. രണ്ട് ദിവസത്തിലൊരിക്കലാണ് ഇതു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നത്.
പുതിയ ഗ്രഹത്തിന് ഭൂമിക്ക് സമാനമായ അന്തരീക്ഷമുണ്ടോ എന്നത് വ്യക്തമല്ല. എന്നാല്‍ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നൂറുകണക്കിന് ഡിഗ്രി ചൂടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കട്ടിയുള്ള മേഘപടലമുള്ള ശുക്ര ഗ്രഹത്തിന്റെ അന്തരീക്ഷമാവാം പുതിയ ഗ്രഹത്തിനെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ജെയിംസ് വെബ് ടെലസ്‌കോപ്പിന് മാത്രമാണ് ഇത്തരം വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷ തന്മാത്രകള്‍ കണ്ടെത്താന്‍ ശേഷിയുള്ളത്. വൈകാതെ അതിന്റെ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.