പെരിന്തല്‍മണ്ണയില്‍ നിന്നും കാണാതായ വോട്ടുപെട്ടി കണ്ടെത്തി; ദുരൂഹത

പെരിന്തല്‍മണ്ണയില്‍ നിന്നും കാണാതായ വോട്ടുപെട്ടി കണ്ടെത്തി; ദുരൂഹത

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനിടെ പെരിന്തല്‍മണ്ണയില്‍ നിന്നും കാണാതായ വോട്ടുപെട്ടി കണ്ടെത്തി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് പെട്ടികളില്‍ ഒന്നാണ് പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് കാണാതായത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.

ഉദ്യോഗസ്ഥന്‍ ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

തപാല്‍ വോട്ടുകള്‍ ഹൈക്കോടതിലേക്ക് മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പെട്ടി കാണാനില്ലെന്ന കാര്യം മനസിലായത്. പിന്നീട്, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് വോട്ടുപെട്ടി കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.