ഉക്രെയ്‌നില്‍ കിന്റര്‍ ഗാര്‍ട്ടന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ആഭ്യന്തര മന്ത്രിയടക്കം 18 പേര്‍ മരിച്ചു

ഉക്രെയ്‌നില്‍ കിന്റര്‍ ഗാര്‍ട്ടന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ആഭ്യന്തര മന്ത്രിയടക്കം 18 പേര്‍ മരിച്ചു

കീവ്: ഉക്രെയ്‌നില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കീവിന്റെ കിഴക്കന്‍ പ്രാന്തപ്രദേശമായ ബ്രോവറിയിലെ ഒരു കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂളിന് സമീപമാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഡെനിസ് മൊണാസ്റ്റിസ്‌കിയുടെ പ്രഥമ ഉപ മന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തിന്റെ കാരണം വ്യക്തമല്ല.

ഉക്രെയ്‌ന്റെ ദേശീയ അടിയന്തര സേവന ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് പോലീസ് മേധാവി ഐഹോര്‍ ക്ലിമെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു. ഹെലികോപ്ടര്‍ താഴെ പതിച്ചയുടന്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികളെയും ജീവനക്കാരെയും ഉടന്‍ തന്നെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. പത്തു കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കിന്റര്‍ ഗാര്‍ട്ടന്‍ പൂര്‍ണമായും നശിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്. അപകടത്തിനുപിന്നാലെ ഹെലികോപ്ടറിനെ തീ വിഴുങ്ങുന്നതും നിലവിളി ശബ്ദം ഉയരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കീവിന് 20 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ദുരന്തമുണ്ടായ ബ്രോവറി ടൗണ്‍. ഇവിടം പിടിച്ചടക്കാന്‍ റഷ്യന്‍ -യുക്രൈന്‍ സേനകള്‍ ശക്തമായ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റഷ്യന്‍ സേനയ്ക്ക് ഇവിടം വിട്ടുപോകേണ്ടിവന്നു.

ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മൊണാസ്റ്റിര്‍സ്‌കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.