കുഞ്ഞുങ്ങള്‍ ജനിച്ചയുടന്‍ നടത്തേണ്ട മൂന്ന് പരിശോധനകള്‍

കുഞ്ഞുങ്ങള്‍ ജനിച്ചയുടന്‍ നടത്തേണ്ട മൂന്ന് പരിശോധനകള്‍

ഒരു കുഞ്ഞ് ജനിക്കും മുമ്പ് തന്നെ അതിന്റെ ആരോഗ്യം സംബന്ധിച്ച പല കാര്യങ്ങളും സ്‌കാനിങിലൂടെയും മറ്റും ഡോക്ടര്‍മാര്‍ മനസിലാക്കും. ഇതനുസരിച്ചാണ് ഗര്‍ഭിണിയെ പരിചരിക്കുകയും ആവശ്യമെങ്കില്‍ ചികിത്സ നല്‍കുകയും ചെയ്യുന്നത്.

എന്നാല്‍ കുഞ്ഞിനുള്ള എല്ലാ ആരോഗ്യപ്രശ്‌നങ്ങളും ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കില്ല. പല പ്രശ്‌നങ്ങളും കുഞ്ഞ് ജനിച്ച ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ.

ഇങ്ങനെ വൈകി രോഗങ്ങള്‍ തിരിച്ചറിയുന്നത് സ്വാഭാവികമായും ചികിത്സയുടെ ഫലത്തെയും കുഞ്ഞിന്റെ തുടര്‍ന്നുള്ള കാലത്തെ ആരോഗ്യാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ തന്നെ കഴിയുന്നതും കുഞ്ഞുങ്ങള്‍ ജനിച്ചയുടന്‍ തന്നെ ഇവരുടെ ആരോഗ്യാവസ്ഥയും അസുഖങ്ങളും സവിശേഷതകളും സംബന്ധിച്ച് ലഭ്യമാക്കാവുന്ന വിവരങ്ങളെല്ലാം ലഭ്യമാക്കുന്നതാണ് ഉചിതം.

ഇതിന് സഹായകരമാകുന്ന മൂന്ന് പരിശോധനകളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. കുഞ്ഞ് ജനിച്ച് 48 മുതല്‍ 72 മണിക്കൂറിനുള്ളിലാണ് ഈ പരിശോധനകള്‍ നടത്തേണ്ടത്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത്തരം പരിശോധനകള്‍ സാധാരണമായി നടക്കുന്നതാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതത്ര സാധാരണമല്ല.

പരിശോധനകള്‍:-

1) ഒന്നാമതായി വരുന്നത് രക്ത പരിശോധനയാണ്. കുഞ്ഞിന്റെ കാലില്‍ നിന്ന് ശേഖരിക്കുന്ന രക്തം വിവിധ പരിശോധനകള്‍ക്കായി ലാബിലേക്ക് അയക്കുകയാണ് ചെയ്യുക. ഇതില്‍ കുഞ്ഞിന്റെ ആരോഗ്യം സംബന്ധിക്കുന്ന പല നിരീക്ഷണങ്ങളും വരാം.

2) അടുത്തത് കേള്‍വി പരിശോധനയാണ്. കുഞ്ഞിന്റെ ചെവിയില്‍ ചെറിയ ഇയര്‍പീസോ മൈക്രോ ഫോണോ വച്ചുകൊണ്ടാണ് ഈ പരിശോധന നടത്തുന്നത്. അതല്ലെങ്കില്‍ കുഞ്ഞ് ഉറക്കത്തിലായിരിക്കുമ്പോള്‍ തലയില്‍ ഇലക്ട്രോഡുകള്‍ വച്ചും പരിശോധിക്കാം.

3) സിസിഎച്ച്ഡി സ്‌ക്രീന്‍ ടെസ്റ്റാണ് മൂന്നാമതായി വരുന്ന പരിശോധന. കുഞ്ഞിന്റെ ഓക്‌സിജന്‍ നില മനസിലാക്കുന്നതിനായി ഒരു ഓക്‌സിമീറ്റര്‍ ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്.

കുഞ്ഞിന്റെ തലച്ചോറുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ജനിതക തകരാറുകള്‍ എന്നിവയെല്ലാം മനസിലാക്കുന്നതിനായി സൂചനകള്‍ നല്‍കാന്‍ ഈ പരിശോധനകള്‍ക്ക് സാധ്യമാകും. അതായാത് ഈ പരിശോധനകളുടെ ഫലത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങളോ അവ്യക്തതകളോ മറ്റ് വിദഗ്ധ പരിശോധനകളിലേക്ക് വാതില്‍ തുറക്കുന്നു. ഇതിലൂടെ കുഞ്ഞിനുള്ള പ്രശ്‌നങ്ങള്‍ വളരെ നേരത്തെ കണ്ടെത്താനും വൈകാതെ ചികിത്സയിലേക്ക് കടക്കാനും സഹായിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.