ഒരു ഗ്രാമം മുഴുവന്‍ പിശാചെന്ന് വിളിച്ച് അവഹേളിച്ച ഒരമ്മയുടെ മകള്‍ ജീവിതത്തിന്റെ ഏത് കോണിലേക്കാകും എറിയപ്പെടുകയെന്ന് ഊഹിക്കാവുന്നതേയുള്ളു. എന്നാല്‍ അപരിഷ്‌കൃത സമൂഹത്തിന്റെ പരിഹാസങ്ങളോടും സ്വന്തം ജീവിത സാഹചര്യങ്ങളോടും പോരാടി ഇന്ന് ലോകത്തിന്റെ നെറുകയില്‍ വിജയ കിരീടം ചൂടി നില്‍ക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 കൗമാര ക്രിക്കറ്റ് താരം അര്‍ച്ചന ദേവിക്ക് പറയാനുണ്ട് പോരാടി നേടിയ ജീവിത വിജയത്തിന്റെ കഥ.
ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ രതായ് പുര്‍വ ഗ്രാമത്തിലാണ് അര്‍ച്ചന ദേവി ജനിച്ചത്. അച്ഛന്‍ ക്യാന്‍സര്‍ രോഗം വന്നും സഹോദരന്‍ പാമ്പുകടിയേറ്റും മരിക്കുന്നത് വരെ ദാരിദ്രത്തിലും ഏറെക്കൂറെ സന്തോഷകരമായിരുന്നു ആ കുടുംബത്തിന്റെ ജീവിതം. രണ്ട് മരണങ്ങള്‍ അടുപ്പിച്ച് വന്നതോടെ അത് അമ്മയുടെ ദോഷമായി ഗ്രാമം പറഞ്ഞു തുടങ്ങി. അത് പിന്നെ ഉറച്ച വിശ്വാസമായി മാറി. അങ്ങനെ അമ്മ സാവിത്രി ദേവിയെ ആ ഗ്രാമം പിശാചെന്ന് മുദ്രകുത്തി. സാവിത്രിയെ കാണുമ്പോള്‍ ആളുകള്‍ വഴിമാറിപ്പോകുന്നതും പതിവായി.
ആക്ഷേപങ്ങളിലും കുറ്റപ്പെടുത്തലുകളിലും പതറി നില്‍ക്കാന്‍ സാവിത്രി ദേവിക്ക് ആകുമായിരുന്നില്ല. ഇനിയുള്ള രണ്ട് മക്കളെ വളര്‍ത്തണം. പഠിപ്പിക്കണം. അവരുടെ ആഗ്രഹത്തിനൊത്ത നിലയിലെത്തിക്കണം. ജീവിത വിജയം നേടുന്നതിനുള്ള പോരാട്ടത്തിന് അവര്‍ ഉറച്ചു. ക്രിക്കറ്റ് കളിക്കണമെന്ന മകളുടെ സ്വപ്നത്തിന് മുന്നില്‍ ആ അമ്മ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്നു. മകളെ ക്രിക്കറ്റ് താരമാക്കാന്‍ സാവിത്രി തന്നാലാകുന്ന കാര്യങ്ങളെല്ലാം ചെയ്തു. പരിശീലനത്തിലായി ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ മകളെ തെറ്റായ വഴിയ്ക്ക് നയിക്കുന്ന അമ്മയായി ഗ്രാമവാസികള്‍ സാവിത്രിയെ മുദ്രകുത്തി.
അര്‍ച്ചനയുടെ സ്‌കൂളിലെ കായിക അധ്യാപികയായ പൂനം ഗുപ്തയാണ് അവളിലെ കഴിവിനെ വളര്‍ത്തിയെടുത്തിയത്. അര്‍ച്ചനയ്ക്ക് നന്നായി ക്രിക്കറ്റ് കളിക്കാനാവുമെന്ന് കണ്ടെത്തിയ പൂനം വേനലവധിയ്ക്ക് അര്‍ച്ചനയെ കാണ്‍പൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ താമസിപ്പിച്ച് പരിശീലനം നല്‍കി. അര്‍ച്ചന പന്തെറിയുന്ന വീഡിയോ പൂനം ഗുപ്ത പ്രമുഖ പരിശീലകനായ കപില്‍ പാണ്ഡെയ്ക്ക് അയച്ചുകൊടുത്തു. ഇന്ത്യന്‍ താരം കുല്‍ദീപ് യാദവിന്റെ പരിശീലകനാണ് കപില്‍. അര്‍ച്ചനയുടെ പ്രകടനത്തില്‍ അത്ഭുതപ്പെട്ട കപില്‍ സ്വന്തം ചിലവില്‍ അവളെ മികച്ച ക്രിക്കറ്ററായി വളര്‍ത്തിയെടുത്തു. പിന്നീട് അര്‍ച്ചനയ്ക്ക് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. സംസ്ഥാന ടീമില്‍ കളിച്ച് തുടങ്ങിയ അര്‍ച്ചന വൈകാതെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലും സ്ഥാനം നേടി.
മകള്‍ പടവുകള്‍ ഓരോന്നായി കയറുമ്പോഴും സാവിത്രി ഗ്രാമവാസികളുടെ കുത്തി നോവിക്കലുകളില്‍ തലതാഴ്ത്തി നടക്കുകയായിരുന്നു. മകളെ പണത്തിനായി സാവിത്രി വിറ്റു എന്നുവരെ നാട്ടുകാര്‍ പറഞ്ഞു പരത്തി. സാവിത്രിയ്ക്കും അര്‍ച്ചനയ്ക്കും തുണയായി മൂത്തമകന്‍ രോഹിത് നിലകൊണ്ടു. രോഹിത്ത് ജോലി ചെയ്യാനാരംഭിച്ചതോടെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ 2022 മാര്‍ച്ചില്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രോഹിത്തിന്റെ ജോലി നഷ്ടമായി. ഇതോടെ സാവിത്രി വീണ്ടും മുന്നിട്ടിറങ്ങേണ്ടിവന്നു.
അപ്പോഴാണ് നിനച്ചിരിക്കാതെ അര്‍ച്ചന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയത്. ഈ വാര്‍ത്ത ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഇതോടെ ഗ്രാമവാസികള്‍ സാവിത്രിയുടെ മനോധൈര്യത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. അര്‍ച്ചന ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഓരോ മത്സരങ്ങളും കാണാന്‍ സാവിത്രിയുടെ വീട്ടില്‍ ഗ്രാമവാസികള്‍ കൂട്ടമായി എത്തി. ഒടുവിലിതാ പിശാചെന്ന് വിളിച്ച അതേ നാട്ടുകാര്‍ സാവിത്രിയെ പ്രകീര്‍ത്തിച്ചു. ആശംസകള്‍ കൊണ്ട് മൂടി.
പ്രഥമ അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയുടെ പെണ്‍കൊടികള്‍ വിശ്വകിരീടം ചൂടിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അര്‍ച്ചന ദേവിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകളാണ് അര്‍ച്ചന പിഴുതെടുത്തത്. അതില്‍ അപകടകാരിയായ ഇംഗ്ലീഷ് നായിക ഗ്രേസ് സ്‌ക്രീവെന്‍സിന്റെ വിക്കറ്റും ഉള്‍പ്പെടും. അര്‍ച്ചനയുടെ അത്യുജ്ജലമായ പ്രകടനമികവില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ സത്യത്തില്‍ ലോകം കീഴടക്കിയത് അമ്മ സാവിത്രിയാണ്. ഒരിക്കല്‍ തള്ളിപ്പറഞ്ഞവരെ കൊണ്ട് അത് മാറ്റിപ്പറയിപ്പിച്ച സാവിത്രിയുടെയും അര്‍ച്ചനയുടെയും ജീവിതകഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.