അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലെ ചൈനീസ് ബലൂൺ; ഗതിയിൽ നിന്ന് വ്യതിചലിച്ച ഗവേഷണത്തിനുള്ള സിവിലിയൻ എയർഷിപ്പെന്ന് ചൈന

അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലെ ചൈനീസ് ബലൂൺ; ഗതിയിൽ നിന്ന് വ്യതിചലിച്ച ഗവേഷണത്തിനുള്ള സിവിലിയൻ എയർഷിപ്പെന്ന് ചൈന

വാഷിങ്ടണ്‍: അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ആശങ്കയ്ക്കിടയാക്കിയ ചൈനീസ് നിരീക്ഷണ ബലൂൺ ഗതിയിൽ നിന്ന് വ്യതിചലിച്ച ഗവേഷണത്തിനുള്ള 'സിവിലിയൻ എയർഷിപ്പ്' ആണെന്ന് ചൈന. ഈ നിരീക്ഷണ ബലൂൺ പ്രധാനമായും കാലാവസ്ഥാ ഗവേഷണത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും ചൈനീസ് അധികൃതർ വിശദീകരിച്ചു.

ബലൂൺ ട്രാക്ക് ചെയ്യുന്നതായി പെന്റഗൺ വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് എയർഷിപ്പ് ചൈനയിൽ നിന്നാണ് പുറപ്പെട്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അംഗീകാരിച്ചിരിക്കുന്നത്.

“ഇത് ഗവേഷണത്തിനായി, പ്രധാനമായും കാലാവസ്ഥാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സിവിലിയൻ എയർഷിപ്പാണ്. പടിഞ്ഞാറൻ കാറ്റ് വീശിയതിനാലും പരിമിതമായ സ്വയം നിയന്ത്രണ ശേഷിയുള്ളതിനാലുമാണ് എയർഷിപ്പ് അതിന്റെ ആസൂത്രിത ഗതിയിൽ നിന്ന് വളരെ വ്യതിചലിച്ചത്. അനുവാദമില്ലാതെ അമേരിക്കൻ വ്യോമാതിർത്തിയിലേക്ക് ബലൂൺ അപ്രതീക്ഷിതമായി പ്രവേശിച്ചതിൽ ചൈന ഖേദിക്കുന്നു” ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

തുടർന്ന് അമേരിക്കയുമായി തങ്ങൾ ആശയവിനിമയം തുടരുന്നുണ്ടെന്നും അപ്രതീക്ഷിത സാഹചര്യം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുമെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.

കഴിഞ്ഞ വർഷം പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈന സന്ദർശനത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാത്തിരിക്കുന്നതിനുള്ള മാർഗമായാണ് പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

അമേരിക്കയുടെ തന്ത്ര പ്രധാന മേഖലയിലായിരുന്നു ചൈനയുടെ ബലൂണുകള്‍ വട്ടം ചുറ്റിയിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. വ്യാവസായിക വ്യോമഗതാഗതത്തിന് വളരെ മുകളിലായിരുന്നു ബലൂണിന്റെ യാത്ര. അതിനാൽ ഇത് ഭൂമിയിലുള്ള ആളുകൾക്ക് സൈനികമോ ശാരീരികമോ ആയ ഭീഷണി ഉയർത്തിയിരുന്നില്ലെന്ന് പെന്റഗൺ വക്താവ് ബ്രിജി. ജനറൽ പാട്രിക് റൈഡർ പറഞ്ഞിരുന്നു.

ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം ബലൂണ്‍ വെടിവെച്ചിടാന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനിച്ചെങ്കിലും, വെടിവെച്ചിടുമ്പോള്‍ ഭൂമിയില്‍ പതിക്കുന്ന ബലൂണ്‍ ആളുകളുടെ മരണത്തിനിടവരുത്തുമെന്ന് ഒരു മുതിർന്ന അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടതിനാൽ നിർദേശത്തിൽ നിന്നും പിന്മാറുകയായിരുന്നു.

രാജ്യത്തിന്റെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്‌ട്രോം എയര്‍ഫോഴ്‌സ് ബേസ് സ്ഥിതി ചെയ്യുന്ന മൊണ്ടാന സംസ്ഥാനത്താണ് ബലൂണ്‍ കണ്ടെത്തിയത്. നേരത്തെയും സമാനമായ ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പെന്റഗണ്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.