നാവിക സേനയ്ക്ക് ചരിത്ര നിമിഷം; ഐഎന്‍എസ് വിക്രാന്തില്‍ ആദ്യ യുദ്ധവിമാനം പറന്നിറങ്ങി

നാവിക സേനയ്ക്ക് ചരിത്ര നിമിഷം; ഐഎന്‍എസ് വിക്രാന്തില്‍ ആദ്യ യുദ്ധവിമാനം പറന്നിറങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി തേജസും മിഗ് 29 കെയും. ഇന്ത്യന്‍ നിര്‍മിത ലൈറ്റ് കോംബാറ്റ് എയര്‍ ക്രാഫ്റ്റ് (എല്‍സിഎ) ആണ് തേജസ്. റഷ്യന്‍ നിര്‍മിത യുദ്ധവിമാനമാണ് മിഗ് 29 കെ. കപ്പലില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കിയുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് രണ്ട് വിമാനങ്ങളും ഇറക്കിയത്.

ഇന്ത്യന്‍ നാവിക സേന ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് നാവിക സേന പ്രസ്താവനയില്‍ പറഞ്ഞു. വിമാനവാഹിനി കപ്പലും യുദ്ധവിമാനവും തദ്ദേശീയമായി രൂപകല്‍പന ചെയ്യാനും വികസിപ്പിക്കാനും നിര്‍മിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശേഷിയാണ് ഇതിലൂടെ പ്രകടിപ്പിക്കപ്പെടുന്നതെന്നും നാവിക സേന വ്യക്തമാക്കി.

തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായ ഐഎന്‍എസ് വിക്രാന്ത് 2022 സെപ്റ്റംബറിലാണ് കമ്മീഷന്‍ ചെയ്തത്. നാവിക സേനയുടെ ആഭ്യന്തര വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി) ആണ് കപ്പല്‍ രൂപകല്‍പന ചെയ്തത്. 2,300ലധികം കംപാര്‍ട്‌മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും.

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്തിന് 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ട്. 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.