വാദം കേള്‍ക്കുന്നതിനിടെ സത്യപ്രതിജ്ഞ; വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി

 വാദം കേള്‍ക്കുന്നതിനിടെ സത്യപ്രതിജ്ഞ; വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി

ന്യൂഡല്‍ഹി: നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ അഭിഭാഷക എല്‍.സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആക്ടിങ് ചീഫ് ജസ്റ്റിസ് ടി. രാജയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

വിക്ടോറിയ ഗൗരിക്ക് പുറമെ, പി.കെ ബാലാജി, കെ.കെ രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കലൈമതി, കെ. ഗോവിന്ദരാജന്‍ തിലകവാടി എന്നിവരും മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റു. ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ തന്നെയാണ് രംഗത്തുവന്നത്.

മഹിളാമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അഭിഭാഷക എല്‍.സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ സുപ്രീം കോടതിയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍.

ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ കോടതി രാവിലെ 9.15 ന് പ്രത്യേക സിറ്റിങ്ങ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് ചേര്‍ന്നില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റിയതായി അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിലേക്കാണ് മാറ്റിയത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രൈസ്തവ വിരുദ്ധ ലേഖനം എഴുതുകയും ചെയ്‌തെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് വിക്ടോറിയ ഗൗരി. ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കാത്ത ഇത്തരം ആളുകളെ ശുപാര്‍ശ ചെയ്ത നടപടി പിന്‍വലിക്കണമെന്നായിരുന്നു ഹര്‍ജിയുടെ ഉള്ളടക്കം. അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി കണക്കിലെടുത്ത കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

യോഗ്യതയില്ലാത്ത വ്യക്തികളെ ന്യായാധിപ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ ക്വോ വാറന്റോ നല്‍കാമെന്ന സാധ്യതയും നിയമവിദഗ്ധര്‍ മുന്നില്‍ കണ്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.