ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ; മരണസംഖ്യ 6200

ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ; മരണസംഖ്യ 6200

അങ്കാറ: ശക്തമായ ഭൂചലനത്തെതുടര്‍ന്ന് കനത്ത നാശമുണ്ടായ തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥാ ഉത്തരവ് പുറപ്പെടുവിച്ചത്. തുര്‍ക്കിയിലും സിറിയയിലും അയല്‍ രാഷ്ട്രങ്ങളിലുമായി കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരണം 62,00 ലേറെയായി.

തുര്‍ക്കിയില്‍ മാത്രം ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 4,544 ആയെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ 1,600പേരാണ് മരിച്ചത്. ഉറ്റവരും ഉടയവരും ഇതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളുമൊക്കെ നഷ്ടപ്പെട്ട മനുഷ്യരുടെ കണ്ണീരിന്റെ മുഖങ്ങളാണ് തുര്‍ക്കിയിലെ ദുരന്തഭൂമിയിലെവിടെയും.

അതേസമയം, രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ഭൂകമ്പം നടന്ന് 33 മണിക്കൂര്‍ പിന്നിട്ട ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുവയസുകാരിയെ ജീവനോടെ കണ്ടെടുത്തു.

തുര്‍ക്കിയിലെ ഹതായിലാണ് രക്ഷാപ്രവര്‍ത്തകര്‍ നാല് വയസുകാരിയെ കണ്ടെത്തിയത്. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് ഗുല്‍ ഇനാലിന്‍ എന്ന നാലു വയസുകാരിയെ വീണ്ടെടുത്തത്.

കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പത്തിന് ശേഷം മേഖലയില്‍ അഞ്ച് തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ശക്തമായ തണുപ്പും മഴയും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.