ശബരിമല മാസ്റ്റര്‍ പ്ലാന്‍: വന്യമൃഗ സംരക്ഷണം മാത്രമല്ല, ജനവികാരം കൂടി കണക്കിലെടുക്കണം: സുപ്രീം കോടതി

ശബരിമല മാസ്റ്റര്‍ പ്ലാന്‍: വന്യമൃഗ സംരക്ഷണം മാത്രമല്ല, ജനവികാരം കൂടി കണക്കിലെടുക്കണം: സുപ്രീം കോടതി

ന്യുഡല്‍ഹി: ശബരിമല വികസനവുമായി ബന്ധപ്പെട്ട മാസ്റ്റര്‍ പ്ലാനില്‍ വന്യമൃഗ സംരക്ഷണം മാത്രമല്ല, ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് സുപ്രീം കോടതി.

ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.

ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി.ആര്‍ ഗവായ് ആണ് ശബരിമല വികസനത്തില്‍ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കണമെന്ന് അഭിപ്രായപ്പെട്ടത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അമിക്കസ്‌ക്യൂറി കെ.പരമേശ്വര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ശബരിമല വിഷയങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും ജില്ലാ ജഡ്ജിയും ഉണ്ടെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വ്യക്തമാക്കി. ഈ മൂന്ന് സംവിധാനങ്ങളും ഉളള സാഹചര്യത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു.

ഇതിനിടെ ശബരിമലയില്‍ വനം, പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഹൈക്കോടതി അനുമതി നല്‍കുന്നതായി ഉന്നതാധികാര സമിതി സെക്രട്ടറി കെ.അമര്‍നാഥ് ഷെട്ടി സുപ്രീംകോടതിയില്‍ ആരോപിച്ചു. ഹൈക്കോടതിയുടെ വിധികളില്‍ തെറ്റുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്ന് സുപ്രീം കോടതി പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഡ്വ. പി.എസ് സുധീറും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ശങ്കറും ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.