ദുരന്ത ഭൂമിയിലെ 'രക്ഷകര്‍'; മെക്സിക്കോയിലെ സെലിബ്രിറ്റി നായ്ക്കള്‍ തുര്‍ക്കിയിലേക്ക്

ദുരന്ത ഭൂമിയിലെ 'രക്ഷകര്‍'; മെക്സിക്കോയിലെ സെലിബ്രിറ്റി നായ്ക്കള്‍ തുര്‍ക്കിയിലേക്ക്

അങ്കാറ: കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ ഒരു തുടിപ്പെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വരാന്‍ ശേഷിയുള്ള, ദുരന്ത ഭൂമിയിലെ രക്ഷകരായ ഒരു സംഘവുമായി മെക്‌സിക്കോയില്‍ നിന്നും തുര്‍ക്കിയിലേക്ക് ഒരു വിമാനം പറന്നു. റെക്സ് എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് മുതല്‍ ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പെട്ട എക്കോ വരെ ഈ സംഘത്തിലുണ്ട്.

തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടുപോയവരെ മണത്ത് കണ്ടെത്താനുള്ള സ്‌പെഷല്‍ രക്ഷാ സംഘമാണ് ഈ 16 നായ്ക്കള്‍.


ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള മെക്സിക്കോയില്‍, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായിക്കാന്‍ വിന്യസിച്ചിരിക്കുന്ന ഉയര്‍ന്ന വൈദഗ്ധ്യമുള്ള നായ്ക്കളാണിവ. തുര്‍ക്കിയിലെ ദുരന്തത്തിന്റെ വ്യാപ്തി അതിവേഗം തിരിച്ചറിഞ്ഞ മെക്‌സിക്കന്‍ അധികൃതര്‍ ഉടന്‍ തന്നെ എംബസിയുമായി ബന്ധപ്പെട്ട് ഈ രക്ഷാസംഘത്തെ അയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.


വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കള്‍ക്കൊപ്പം സൈനികരും സംഘത്തിലുണ്ട്. ജീവന്റെ ഒരു തുള്ളിയെങ്കിലും ശേഷിച്ചാല്‍ അതിവേഗം രക്ഷാപ്രവര്‍ത്തകരെ അറിയിക്കാന്‍ മിടുക്കരാണ് മെക്‌സിക്കോയുടെ ഈ നായ്ക്കൂട്ടം. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തിലുള്ള എക്കോയാണ് പതിനാറംഗ സംഘത്തിന്റെ നിലവിലെ തലവന്‍.

2017 ല്‍ മെക്‌സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ നിരവധി ജീവന്‍ രക്ഷിച്ചപ്പോഴാണ് നായ്ക്കള്‍ ലോക ശ്രദ്ധ നേടിയത്. അന്ന് മഞ്ഞ നിറത്തിലുള്ള ലാബ് റിട്രീവര്‍ ഫ്രിദയാണ് രാജ്യത്തെ സെലിബ്രിറ്റിയായി മാറിയത്. സുരക്ഷാ കണ്ണടയും ഷൂവുമായി ദുരന്ത ബാധിത പ്രദേശങ്ങളില്‍ തിരച്ചിലിനിറങ്ങിയിരുന്ന 12 ജീവന്‍ രക്ഷിക്കുകയും 40 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫ്രിദ ജീവൻ വെടിഞ്ഞു. എങ്കിലും അന്ന് തെരച്ചിലില്‍ പങ്കെടുത്ത മറ്റ് നായ്ക്കൾ ഇക്കൂട്ടത്തിലുണ്ട്.


ഫ്രിദ

മെക്‌സിക്കോയ്ക്ക് പുറമേ ക്രൊയേഷ്യ, ചെക്ക് റിപബ്ലിക്, ജര്‍മനി, ഗ്രീസ്, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നായ് സംഘങ്ങളും തിരച്ചിലിനായി തുര്‍ക്കിയിലേക്കും സിറിയയിലേക്കും എത്തിയിട്ടുണ്ട്. മെഷീന്‍ ഉപയോഗിച്ച് തിരച്ചില്‍ അസാധ്യമായ സ്ഥലങ്ങളിലാകും നായ്ക്കളുടെ സേവനം ഉപയോഗിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.