കാന്‍ബറ: ചൈനീസ് ചാര ബലൂണുകള്‍ ലോക രാജ്യങ്ങള്‍ക്കാകെ ആശങ്ക സൃഷ്ടിച്ചതിനു പിന്നാലെ ചൈനീസ് നിര്‍മിതമായ നിരീക്ഷണ ക്യാമറകളും സംശയ നിഴലില്‍. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
പ്രതിരോധ, വിദേശകാര്യ ഓഫീസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള 900 ലധികം നിരീക്ഷണ ക്യാമറകളാണ് നീക്കം ചെയ്യുന്നത്. ചൈനയില്‍ നിര്‍മിച്ച ക്യാമറകളെ വിശ്വാസമില്ലെന്നും ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ഷാഡോ സൈബര്‍ സുരക്ഷാ മന്ത്രി ജെയിംസ് പാറ്റേഴ്‌സണ്‍ തയാറാക്കിയ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് കമ്പനികളായ ഹൈക്‌വിഷന്‍, ദാഹുവ എന്നിവ നിര്‍മിച്ച 900 ലധികം ക്യാമറകള്‍ രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ചാരവൃത്തിയും ഡേറ്റ മോഷണവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയതോടെ അമേരിക്കയും യു.കെയും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ചൈനീസ് ക്യാമറകള്‍ ഇതിനകം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയയും കടുത്ത നടപടിക്കൊടുങ്ങുന്നത്.
250 ലധികം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുറഞ്ഞത് 913 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഇവയുടെ ഓഡിറ്റിങ് ആരംഭിച്ചതായി ഓസ്ട്രേലിയയുടെ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അറിയിച്ചു.
29 സ്ഥലങ്ങളിലായി അറ്റോര്‍ണി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് മാത്രം 195 ചൈനീസ് നിര്‍മ്മിത നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പാറ്റേഴ്സണ്‍ നടത്തിയ ഓഡിറ്റ് വെളിപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാന ഊര്‍ജ വകുപ്പില്‍ 154 ക്യാമറകളും സാമൂഹിക സേവന ഓഫീസുകളില്‍ 134 ക്യാമറകളുമുണ്ട്.
പാര്‍ലമെന്റ് ഹൗസിനുള്ളില്‍ പോലും ഹൈക്‌വിഷന്‍, ദാഹുവ ക്യാമറകള്‍ ഘടിപ്പിട്ടുണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായി പാറ്റേഴ്സണ്‍ ചൂണ്ടിക്കാട്ടി.
ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന ചില ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്കും നിരീക്ഷണ ക്യാമറകള്‍ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കും നേരത്തേ തന്നെ അമേരിക്കയില്‍ നിയന്ത്രണമുണ്ട്. ഇത്തരം ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ അമേരിക്കയുടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷനും രംഗത്തുവന്നിരുന്നു.
എത്ര സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ചൈനീസ് ക്യാമറകളോ ആക്സസ് കണ്‍ട്രോള്‍ സിസ്റ്റങ്ങളോ ഇന്റര്‍കോമുകളോ സ്ഥാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന് പറയാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഓരോ ഫെഡറല്‍ ഏജന്‍സിക്കും ഇതുസംബന്ധിച്ച വിശദീകരണം നല്‍കാന്‍ ഷാഡോ സൈബര്‍ സെക്യൂരിറ്റി മന്ത്രി ജെയിംസ് പാറ്റേഴ്സണ്‍ നിര്‍ദേശം നല്‍കി.
അതേസമയം, ക്യാമറകള്‍ നീക്കം ചെയ്യുന്നത് ചൈനയുമായുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു. 'ഞങ്ങള്‍ ഓസ്ട്രേലിയയുടെ ദേശീയ താല്‍പ്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നു, അത് ഏറ്റവും സുതാര്യമായി നിര്‍വഹിക്കുന്നു' - കാന്‍ബറയില്‍ ഒരു പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
നിരീക്ഷണ ക്യാമറകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളായ ഹാങ്സൗ ഹൈക്‌വിഷന്‍ ഡിജിറ്റല്‍ ടെക്നോളജി, ദാഹുവ ടെക്നോളജി എന്നീ കമ്പനികളെ നിരോധിക്കാന്‍ ചില രാജ്യങ്ങള്‍ നീക്കം നടത്തുന്നുണ്ട്. രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വാദമുയര്‍ത്തിയാണ് ഈ നടപടി. ഇത്തരം ക്യാമറകളും മറ്റും വില്‍ക്കാനുള്ള അനുമതി ചില രാജ്യങ്ങള്‍ പിന്‍വലിച്ചേക്കുമെന്നും പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26