വ്യക്തിയുടെ അന്തസ്സിനെ വൈകൃതമാക്കുന്ന മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്രാൻസിസ് മാർപ്പാപ്പ

വ്യക്തിയുടെ അന്തസ്സിനെ വൈകൃതമാക്കുന്ന മനുഷ്യക്കടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരുടെ അന്തസിനെ ഹനിക്കുന്ന മനുഷ്യക്കടത്തിനെ അപലപിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശവുമായി ഫ്രാൻസിസ് മാർപ്പാപ്പ. വിശുദ്ധ ജോസഫൈൻ ബഖിതായുടെ തിരുനാളിൽ കത്തോലിക്കാ സഭയിൽ ആചരിക്കുന്ന മനുഷ്യക്കടത്തിനെതിരെയുള്ള ഒൻപതാം ആഗോള പ്രാർത്ഥനാദിനത്തിന്റെയും വിചിന്തനത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു സന്ദേശം.

മനുഷ്യക്കടത്ത് ഓരോ വ്യക്തിത്വങ്ങളുടെയും അഭിമാനത്തെ വികൃതമാക്കുന്നുവെന്ന് വിമർശിച്ച ഫ്രാൻസിസ് പാപ്പ ലജ്ജാകരമായ ഈ വിപത്തിനെ ചെറുക്കണമെന്നും അഭ്യർത്ഥിച്ചു.

അന്തസ്സോടെയുള്ള യാത്ര

പ്രധാനമായും യുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള "അന്തസ്സോടെയുള്ള യാത്ര" എന്ന പ്രമേയത്തെ മുൻനിർത്തിയാണ് 2023 ലെ സന്ദേശം ഫ്രാൻസിസ് മാർപ്പാപ്പ നൽകിയത്. മനുഷ്യന്റെ മാന്യത കാത്തുസൂക്ഷിക്കുന്നതിന് നാം ഒരുമിച്ചു നടക്കണമെന്ന് പാപ്പ യുവാക്കളെ പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

"നിങ്ങളുടേതും നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയുടെയും അന്തസ് കാത്തുസൂക്ഷിക്കുന്ന" തരത്തിൽ ജീവിതത്തിൽ മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാകണമെന്ന് പാപ്പ യുവജങ്ങളോട് അടിവരയിട്ടു പറയുന്നു.

മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്തിനെതിരെയും നാം പ്രതിജ്ഞാബദ്ധരാക്കണമെന്നും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി. "നിങ്ങൾക്ക് പ്രത്യാശ നിലനിർത്താനുള്ള സംഭാവനകൾ നൽകാം. ഒപ്പം ഞാൻ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവവചനത്തോടൊപ്പം ചേർത്ത് വെയ്ക്കാൻ കഴിയുന്ന സന്തോഷം നൽകാം. നിങ്ങൾ അത് കാത്തുസൂക്ഷിക്കണം. കാരണം യഥാർത്ഥ സന്തോഷം ക്രിസ്തുവാണ്!" മാർപ്പാപ്പ വിശദീകരിച്ചു.

മനുഷ്യക്കടത്ത് മാന്യതയെ അപകീർത്തിപ്പെടുത്തുന്നു. ചൂഷണവും യുദ്ധവും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയും മനുഷ്യരെ ഉപയോഗിച്ച് ഉപേക്ഷിക്കാനുള്ള വസ്തുക്കളാക്കി മാറ്റുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദുർബലാവസ്ഥയിൽ ജീവിക്കാൻ ബാധ്യസ്ഥരാക്കുന്ന അനീതിയിൽ നിന്നും ദുഷ്ടതയിൽ നിന്നുമാണ് മനുഷ്യക്കടത്തുപോലെയൊരു സമ്പ്രദായം ലാഭം കൊയ്യുന്നതെന്നും ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ചു.

സാമ്പത്തിക പ്രതിസന്ധി, യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, തുടങ്ങി അസ്ഥിരതയുടെ പല രൂപങ്ങളിലും ബുദ്ധിമുട്ടുന്ന ദരിദ്രരായ ആളുകളാണ് ഏറ്റവും എളുപ്പത്തിൽ മനുഷ്യക്കടത്തിന് ഇരകളാകുന്നത്. സ്ത്രീകളെയും കുട്ടികളെയും കുടിയേറ്റക്കാരെയും മനുഷ്യക്കടത്ത് സംഘങ്ങൾ ലക്ഷ്യമിടുന്നു. ഇത്തരം ഒരു കാലഘട്ടത്തിൽ നന്മയ്ക്കായി കൈകോർക്കണമെന്നും മാർപ്പാപ്പ യുവജനങ്ങളെ ഓർമ്മപ്പെടുത്തുന്നു.

യുവാക്കളുടെ പങ്ക്

നാം ഒരു പ്രയാസകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നതെങ്കിൽപ്പോലും മനുഷ്യക്കടത്തെന്ന തിന്മയ്‌ക്കെതിരെ പോരാടാൻ യുവജനങ്ങൾ ക്രിസ്തുവിൽ നിന്നും അവന്റെ സുവിശേഷത്തിൽ നിന്നും ജ്വലിക്കുന്ന പ്രകാശമായി ജീവിതത്തിൽ മാറണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

"മനുഷ്യക്കടത്തിനും എല്ലാത്തരം ചൂഷണത്തിനും എതിരെ, മനുഷ്യമഹത്വത്തിന്റെ മിഷനറിമാരായി" ഉയർന്നുവരാൻ മാർപ്പാപ്പ യുവാക്കളോട് ആഹ്വാനം ചെയ്തു.

മറ്റ് യുവജനങ്ങൾക്ക് ഒരു അനുഗ്രഹമാകുക

ഒരു നല്ല മാതൃക നൽകിക്കൊണ്ട് "മറ്റ് യുവജനങ്ങൾക്ക് ഒരു അനുഗ്രഹമാകാൻ" മാർപ്പാപ്പ യുവാക്കളോട് ആഹ്വാനം ചെയ്തു. മനുഷ്യക്കടത്തിനെതിരായ ബോധവൽക്കരണത്തിൽ യുവജനങ്ങളുടെ പങ്കാളിത്തത്തിന്റെ ഒരു പ്രത്യേക വർഷമായി ഇത്തവണത്തെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നുവെന്നും പാപ്പ വ്യക്തമാക്കി.

"നമ്മുടെ സമൂഹങ്ങളെ പരിവർത്തനം ചെയ്യുന്നതിനും മനുഷ്യക്കടത്ത് എന്ന ലജ്ജാകരമായ വിപത്തിനെ തടയുന്നതിനുമുള്ള വഴികൾ തേടുന്നതിൽ നിന്ന് നാം ഒരിക്കലും പിന്മാറരുത്" പാപ്പ വിശദീകരിച്ചു, മനുഷ്യക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും "കൈകോർത്ത്" ഒരുമിച്ച് നടക്കാനും മാർപ്പാപ്പ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

ആരെയും പിൻതട്ടിൽ നിർത്താതെ കൂടെ കൂട്ടുവാനും, തുറന്ന കണ്ണുകളാൽ മറ്റുള്ളവരെ മനസിലാക്കുവാനും, ശ്രദ്ധയുള്ള ഹൃദയത്തോടെ മറ്റുള്ളവരെ കണ്ടെത്തുവാനും, അടിമത്തത്തിനെതിരെ പ്രതീക്ഷകളോടെ ചുവടുകൾ വായിക്കുവാനും നമുക്ക് കഴിയണം. അങ്ങനെ പരസ്പരം കൈകൾ കോർത്തുകൊണ്ട് മുൻപോട്ടു പോകുവാൻ സാധിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

മനുഷ്യക്കടത്തിനെതിരേ ഒരുമിച്ചു നടക്കുക

ലൈംഗിക-തൊഴിൽ ചൂഷണത്തിന്റെ അക്രമത്താൽ നശിപ്പിക്കപ്പെടുന്നവർ, കുടിയേറ്റക്കാർ, കുടിയിറക്കപ്പെട്ടവർ, സമാധാനത്തിലും കുടുംബത്തിലും ജീവിക്കാൻ ഒരിടം തേടുന്നവർ എന്നിവരുമായി അടുത്തിടപഴകാൻ മാർപ്പാപ്പ യുവാക്കളെ ഉദ്ബോധിപ്പിച്ചു.

മാനുഷിക മഹത്വത്തിന്റെ മൂല്യം ധൈര്യപൂർവം ഊട്ടിയുറപ്പിക്കാനും മുന്നോട്ട് പോകാനും എല്ലാ ആളുകളെയും ക്ഷണിച്ച ഫ്രാൻസിസ് മാർപ്പാപ്പ തന്റെ അപ്പസ്തോലിക ആശീർവാദം നൽകിക്കൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.

മനുഷ്യക്കടത്തിനെതിരെ ഒരു ആഗോളദിനാചരണം

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെയാണ് ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിന്റെ (UISG) ആഭിമുഖ്യത്തിൽ, മനുഷ്യക്കടത്തിന് ഇരയായവരുടെ രക്ഷാധികാരിയായ വിശുദ്ധ ജോസഫൈൻ ബഖിതയുടെ ഓർമദിനത്തിൽ മനുഷ്യക്കടത്തിനെതിരായ ആഗോള പ്രാർത്ഥനാദിനം കത്തോലിക്കാ സഭയിൽ ആചരിക്കാൻ ആഹ്വാനം ചെയ്തത്.

തുടർന്ന് മനുഷ്യക്കടത്തിനെതിരെ ബോധവത്ക്കരണവുമായി ഒൻപതു വർഷങ്ങൾക്കു മുമ്പ് സുഡാനിൽ നിന്നുള്ള വിശുദ്ധ ജോസഫൈൻ ബഖിതയുടെ ഓർമദിവസമായ ഫെബ്രുവരി എട്ടിന് ആഗോള മനുഷ്യക്കടത്ത് രഹിത പ്രാർത്ഥനാദിനമായി ആചരിക്കാൻ ആരംഭിച്ചു. തുടർന്ന് ഓരോ വർഷവും ഈ ദിവസം മാർപ്പാപ്പയുടെ സന്ദേശവും പ്രാധാന്യത്തോടെ ജനങ്ങൾ സ്വീകരിച്ചുവന്നു.

ജൂലായ് 30 ന് ഐക്യരാഷ്ട്രസഭയും പ്രത്യേകമായി മനുഷ്യക്കടത്തിനെതിരായ ലോക ദിനം ആചരിക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.