കാന്‍ബറ: സുരക്ഷാ ഭീഷണിയെതുടര്‍ന്ന് ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകള്‍ ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് ചൈന. അല്‍ബനീസിന്റെ സര്‍ക്കാരിന്റെ അമിതമായ ദേശീയ സുരക്ഷാ താല്‍പര്യം സൃഷ്ടിക്കുന്ന അബദ്ധ തീരുമാനങ്ങളെ തങ്ങളുടെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗിന്റെ പ്രതികരണം.
ഓസ്‌ട്രേലിയയിലെ 250 ലധികം സര്‍ക്കാര്‍ ഏജന്‍സികളിലായി 1,000 ചൈനീസ് നിര്‍മിത നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ആറ് മാസത്തെ അന്വേഷണത്തിനു ശേഷം പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ചൈനയില്‍ നിര്‍മിച്ച ക്യാമറകള്‍ ഡേറ്റ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അവ നീക്കം ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ, വിദേശകാര്യ ഓഫീസുകളില്‍ ഉള്‍പ്പെടെയുള്ള ചൈനീസ് ക്യാമറകള്‍ സംശയ നിഴലിലാണ്.
ഡേറ്റ മോഷണത്തിന് സാധ്യതയുള്ളതിനാല്‍ അമേരിക്കയും ബ്രിട്ടണും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ചൈനീസ് ക്യാമറകള്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയുടെയും ആകാശത്ത് ചൈനയുടെ ചാര ബലൂണ്‍ കൂടി കണ്ടെത്തിയതോടെ ഈ രാജ്യത്തിന്റെ ഓരോ നീക്കങ്ങളും സംശയ ദൃഷ്ടിയോടെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്.
ആന്റിനകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര ബലൂണില്‍ കണ്ടെത്തിയെന്നാണ് യു.എസ്. എറ്റവും ഒടുവിലായി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, വിപണി തത്വങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍, പ്രാദേശിക നിയമങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി അന്താരാഷ്ട്ര വിപണിയില്‍ ഇടപെടാനാണ് ചൈനീസ് കമ്പനികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും മാവോ നിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചൈനീസ് കമ്പനികളുടെ നേരേ വിവേചനം കാണിക്കാനും അടിച്ചമര്‍ത്താനും ഓസ്‌ട്രേലിയന്‍ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുന്നതിനെ ചൈന എതിര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ചൈനീസ് ക്യാമറകള്‍ വിലയിരുത്തുകയാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. വിദൂരത്തിരിക്കുന്നവര്‍ക്ക് അവയുടെ പൂര്‍ണ്ണ നിയന്ത്രണം ലഭിക്കുന്നതുള്‍പ്പെടെ ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അറ്റോര്‍ണി ജനറല്‍, ഫിനാന്‍സ്, പ്രതിരോധം എന്നിവയുള്‍പ്പെടെ വിവിധ ഏജന്‍സികളില്‍ ചൈനീസ് കമ്പനികളായ ഹൈക്‌വിഷന്‍, ദാഹുവ എന്നിവ നിര്‍മ്മിച്ച നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്.
വിശദമായ വായനയ്ക്ക്:
ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ചൈനീസ് നിരീക്ഷണ ക്യാമറകള്‍ നീക്കം ചെയ്യും; സുരക്ഷാ ഭീഷണിയെന്ന് റിപ്പോര്‍ട്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.