ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചു; നിയമങ്ങൾ ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ചു; നിയമങ്ങൾ ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിച്ച് മാതൃ സ്ഥാപനമായ മെറ്റ. രണ്ട് വർഷത്തെ വിലക്കിന് ശേഷമാണ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. 2021 ജനുവരി ആറിന് ഉണ്ടായ കാപിറ്റോള്‍ കലാപത്തെ തുടർന്നാണ് ട്രംപിന് ഈ സമൂഹമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയതെന്ന് മെറ്റ വക്താവ് ആൻഡി സ്റ്റോൺ വ്യക്തമാക്കി.

ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉടൻതന്നെ പുനസ്ഥാപിക്കുമെന്നും മുൻ പ്രസിഡന്റ് വീണ്ടും ഉള്ളടക്ക നയങ്ങൾ ലംഘിച്ചാൽ വീണ്ടും രണ്ട് വർഷത്തേക്ക് വിലക്കുമെന്നും ഉയർന്ന പിഴ ചുമത്തുമെന്നും ജനുവരിയിൽ മെറ്റ അറിയിച്ചിരുന്നു. 2024 പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കെയാണ് ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പുനസ്ഥാപിക്കുന്നത്.

"കാപിറ്റോള്‍ അക്രമത്തിൽ ഏർപ്പെട്ടിരുന്ന" ആളുകളെ അന്നത്തെ പ്രസിഡന്റായിരുന്ന ട്രംപ് പ്രശംസിച്ചതിന് പിന്നാലെയാണ് മെറ്റ ഈ തീരുമാനമെടുത്തത്.  വിലക്ക് നീക്കിയ ശേഷം ട്രംപ് നിയമങ്ങൾ ലംഘിച്ചാൽ, അദ്ദേഹത്തിന് വീണ്ടും സമൂഹമാധ്യമങ്ങളിൽ നിന്നും നിരോധനമേർപ്പെടുത്തുമെന്നും മെറ്റ അറിയിച്ചു.

ട്രംപിന് ആദ്യം ഈ സമൂഹമാധ്യമങ്ങളിൽ നിന്ന് അനിശ്ചിതകാലത്തേക്കാണ് സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് വിമർശനങ്ങളെ തുടർന്ന് ഇത് രണ്ട് വർഷത്തെ നിരോധനമായി പരിഷ്കരിക്കുകയായിരുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്ത ദശലക്ഷക്കണക്കിന് ആളുകൾക്ക് അപമാനം എന്നാണ് അദ്ദേഹം മെറ്റയുടെ നടപടിയെ അന്ന് വിശേഷിപ്പിച്ചത്.

ട്രംപിന്റെ അക്കൗണ്ടുകൾ പൊതു സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കില്ലെന്ന് ഒരു അവലോകനത്തിൽ കണ്ടെത്തിയതായി തീരുമാനം വെളിപ്പെടുത്തികൊണ്ട് കമ്പനിയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ 23 മില്യണും ഫേസ്ബുക്കിൽ 34 മില്യണും ഫോളോവേഴ്സുണ്ട് ട്രംപിന്. ഫേസ്ബുക്ക് വിലക്കിനെ പരിഹസിച്ച് ട്രംപ് നേരത്തെ രംഗത്തുവന്നിരുന്നു. തന്റെ അഭാവത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഫേസ്ബുക്കിനുണ്ടായത് എന്നായിരുന്നു ട്രംപിന്റെ പരിഹാസ പ്രസ്താവന.

2021 ജനുവരി ആറിനാണ് അമേരിക്കൻ കാപിറ്റോൾ കലാപം നടന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപ് അനുകൂലികൾ കലാപമുണ്ടാക്കിയത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയുന്നതിനായിരുന്നു കാപിറ്റോളിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി ആക്രമണം നടത്തിയത്. കലാപം ട്രംപിന്റ പിന്തുണയോടെയാണ് നടന്നതെന്നായിരുന്നു ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.