അബുദബി: വിദേശത്ത് നിന്ന് യുഎഇയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകള്‍ ഇനി മൂന്ന് നടപടിക്രമങ്ങള്‍ പൂർത്തിയാക്കണമെന്ന് നിർദ്ദേശം. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനമായി വേണ്ടതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വ്യാജ വിസ തട്ടിപ്പിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുന്നതിനാണ് ഈ നിയമം കർശനമാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ആദ്യം വിദേശ റിക്രൂട്ട്മെൻ്റിന് മുൻപ് സ്ഥാപനങ്ങൾ വിസ ക്വാട്ട ലഭിക്കുന്നതിനായി തൊഴിൽ മന്ത്രാലയത്തിൽ അപേക്ഷ നൽകണം. ക്വാട്ട പാസായാൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഓഫർ ലെറ്റർ തയാറാക്കി നൽകും. ഇതാണ് രണ്ടാമത്തെ ഘട്ടം. പാസ്പോർട്ടിലേത് പോലെ വ്യക്തിഗത വിവരങ്ങൾ, ഫോട്ടോ എന്നിവയും തസ്തിക, ശമ്പളം, മറ്റു ആനുകൂല്യങ്ങൾ എന്നിവയും രേഖപ്പെടുത്തിയ ഓഫർ ലെറ്റർ ഉദ്യോഗാർഥിക്കു നൽകണം. ഒപ്പിട്ട് തിരിച്ചയച്ചാൽ മാത്രമേ മന്ത്രാലയത്തിൽ സമർപ്പിച്ച് അംഗീകാരം നേടാനാകൂ. ഫീസ് അടച്ച് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ലേബർ അനുമതി നേടണം.
തുടർന്ന് അനുമതിയുമായി എമിഗ്രേഷനിലെത്തി അപേക്ഷ നൽകിയാൽ തൊഴിലാളിക്ക് യു എ ഇ യിലേക്ക് പ്രവേശിക്കാൻ രണ്ട് മാസത്തെ കാലാവധിയുള്ള എൻട്രി പെർമിറ്റ് ലഭിക്കും. എൻട്രി പെർമിറ്റ് ഇഷ്യൂ ചെയ്ത് 60 ദിവസത്തിനകം തന്നെ തൊഴിലാളി രാജ്യത്ത് എത്തിയിരിക്കണം. തൊഴിലാളിയെ കൊണ്ടുവരാനാവശ്യമായ വിസ, ടിക്കറ്റ് ചെലവുകൾ എന്നിവ കമ്പനി ഉടമ വഹിക്കണം. തൊഴിലാളി രാജ്യത്ത് എത്തിയാലുടൻ തൊഴിൽ കരാർ തയാറാക്കുകയും കമ്പനി ഉടമയും തൊഴിലാളിയും അംഗീരിച്ച് ഒപ്പിടുകയും ചെയ്യണം. കൂടാതെ വിസയ്ക്ക് മുൻപുള്ള മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയിരിക്കണം.
മെഡിക്കൽ ടെസ്റ്റിൽ പാസായാൽ തൊഴിൽ വിസ, എമിറേറ്റ്സ് ഐഡി, ലേബർ കാർഡ് എന്നീ നടപടികൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വർക്ക് പെർമിറ്റ് ലഭിക്കുകയുള്ളു. ഇതോടെ ഔദ്യോഗികമായി രാജ്യത്ത് ജോലി ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവും. തൊഴിൽ വിസയിൽ രാജ്യത്തെത്തുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കുന്നതിനും തടസമില്ല. അതേസമയം രണ്ട് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്ന അനുകൂല്യവുമുണ്ട്.തൊഴിൽ കരാർ അറബിക്, ഇംഗ്ലിഷ് എന്നീ രണ്ട് ഭാഷകളിലായിരിക്കണമെന്നും നിർദ്ദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.