ബുറേവി യാത്ര തുടങ്ങി; ഇന്ന് തീരം തൊടും: കേരളത്തിലും കനത്ത ജാഗ്രത

ബുറേവി യാത്ര തുടങ്ങി; ഇന്ന് തീരം തൊടും: കേരളത്തിലും കനത്ത ജാഗ്രത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറി. ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം തൊടുന്ന ബുറേവി വെള്ളിയാഴ്ച പുലർച്ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്‌.

ഇപ്പോൾ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ശ്രീലങ്കൻ തീരത്തെത്തുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി നാളെയും മറ്റന്നാളും തെക്കൻ തമിഴ് നാട്ടിലും തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ സർക്കാർ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്.

തീരമേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന്  ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം കല്ലട റിസർവ്വോയർ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകുന്നു. ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. തീർത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.