'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ ഗ്രൂപ്പ് ഇടപെട്ടു': കണ്ടെത്തലിലേക്ക് നയിച്ചത് ഗൗരി ലങ്കേഷ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗാര്‍ഡിയന്‍

'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ ഗ്രൂപ്പ് ഇടപെട്ടു': കണ്ടെത്തലിലേക്ക് നയിച്ചത് ഗൗരി ലങ്കേഷ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗാര്‍ഡിയന്‍

ലണ്ടന്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇസ്രയേല്‍ ഗ്രൂപ്പിന്റെ അനധികൃത ഇടപെടല്‍ ഉണ്ടായതായി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയില്‍ അടക്കം ലോകത്ത് നടന്ന മുപ്പതിലധികം തിരഞ്ഞെടുപ്പുകളില്‍ ഇസ്രയേലി കമ്പനിയുടെ അനധികൃത ഇടപെടലുണ്ടായതായാണ് വെളിപ്പെടുത്തല്‍. വ്യാജമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പ്രത്യേക പക്ഷത്തിന് അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ പുറത്തുവിട്ടിരിക്കുന്നത്.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്നാണ് ഈ അന്വേഷണം നടത്തിയതെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയ മാധ്യമ കൂട്ടായ്മ പറയുന്നു.

അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ടീം ഹോര്‍ഹെ' എന്ന ഗ്രൂപ്പാണ് തിരഞ്ഞെടുപ്പുകളിലടക്കം ജനാഭിപ്രായത്തെ കൃത്രിമമായി സ്വാധീനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, യുകെ, യുഎസ്, കാനഡ, ജെര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, മെക്സിക്കോ, സെനഗല്‍, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇവര്‍ ഇന്ത്യയില്‍ നടത്തിയ ഇടപടല്‍ എപ്രകാരമുള്ളതായിരുന്നെന്നോ ഏതു തിരഞ്ഞെടുപ്പിലാണ് ഇടപെടല്‍ നടത്തിയതെന്നോ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നില്ല.

'ടീം ഹോര്‍ഹെ' ഗ്രൂപ്പിന്റെ അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ് (എയിംസ്) എന്ന പ്രത്യേക സോഫ്റ്റ്‌വെയര്‍ പാക്കേജ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് അനുകൂലമായി ഇടപെടല്‍ നടത്തുക എന്നതാണ് കമ്പനിയുടെ പ്രവര്‍ത്തന രീതി. പണം വാങ്ങി വന്‍കിട കമ്പനികള്‍ക്കുവേണ്ടി ഇത്തരം കാമ്പയിനുകള്‍ നടത്തുക എന്നതാണ് സാധാരണയായി ചെയ്തുവരുന്നതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയും ഇടപെടല്‍ നടത്തിയിട്ടുള്ളതായാണ് കണ്ടെത്തല്‍.

ഇസ്രയേലിന്റെ മുന്‍ സ്പെഷല്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ താല്‍ ഹനാന്‍ എന്നയാളാണ് ഹോര്‍ഹെ എന്ന പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇയാള്‍ ലോകത്തിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ ഈ വിധം ഇടപെട്ടിട്ടുണ്ട്. ഇടപാടുകാര്‍ എന്ന വ്യാജേന ഇയാളെ സമീപിച്ച മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെയുള്ള വെളിപ്പെടുത്തലുകളും ദൃശ്യങ്ങളും ഗാര്‍ഡിയന്‍ പുറത്തുവിട്ടിട്ടുണ്ട്.

ജനാഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിനുവേണ്ടി ഇടപെടല്‍ നടത്തുന്നതിനാണ് വന്‍കിട കമ്പനികളും രാഷ്ട്രീയ കക്ഷികളും തങ്ങളെ സമീപിക്കുന്നതെന്ന് താല്‍ ഹനാന്‍ വെളിപ്പെടുത്തുന്നുണ്ട്. ആഫ്രിക്ക, ദക്ഷിണ-മധ്യ അമേരിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. ജിമെയിലും ടെലഗ്രാമും അടക്കമുള്ളവ ഹാക്ക് ചെയ്ത് എതിരാളികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും ഇവര്‍ വെളിപ്പെടുത്തുന്നു.

ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഫേയ്സ്ബുക്ക്, ടെലഗ്രാം, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയില്‍ ആയിരക്കണക്കിന് വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍മിക്കുകയും അവയെ കാമ്പയിനുവേണ്ടി ഉപയോഗിക്കുകയുമാണ് അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ് എന്ന സോഫ്റ്റ് വെയര്‍ പാക്കേജിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ, ഇത്തരം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്ക് ഷെയര്‍ ചെയ്യുന്നതിനായി പ്രത്യേക വെബ്സൈറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനവും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് അന്വേഷണം നടത്തിയത്. ലോകത്തിലെ 30 ല്‍ അധികം മുന്‍നിര മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതാണ് ഈ സംഘം. തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ അന്വേഷണം നടത്തുകയാണ് പ്രധാന ലക്ഷ്യം.

കൊല്ലപ്പെട്ടതുമൂലമോ ഭീഷണി മൂലമോ ജയിലിലടയ്ക്കപ്പെട്ടതു മൂലമോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനാകാതെ പോയ മാധ്യമപ്രവര്‍ത്തകരുടെ പൂര്‍ത്തിയാക്കാതെപോയ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനായി പ്രവര്‍ത്തിക്കുന്ന ഫോര്‍ബിഡന്‍ സ്റ്റോറീസ് എന്ന കൂട്ടായ്മയും ഈ അന്വേഷണ സംഘത്തിന്റെ ഭാഗമാണ്.

2017-ല്‍ ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്ന്, അവര്‍ തയ്യാറാക്കിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സംഘം അന്വേഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗൗരി ലങ്കേഷ് അവസാനമായി തയ്യാറാക്കിയ ഇന്‍ ദി ഏജ് ഓഫ് ഫാള്‍സ് ന്യൂസ് എന്ന ലേഖനം പൂര്‍ത്തിയാക്കിയതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത് തങ്ങളുടെ അന്വേഷണത്തിന് വഴിമരുന്നിട്ടതായി ഫോര്‍ബഡന്‍ സ്റ്റോറീസ് വ്യക്തമാക്കുന്നു.

ഓണ്‍ലൈനിലൂടെ ഇന്ത്യയില്‍ നടക്കുന്ന 'നുണഫാക്ടറികള്‍' എങ്ങനെയൊക്കെ രാജ്യത്ത് നുണപ്രചാരണം നടത്തുന്നു എന്ന് വിശകലനം ചെയ്യുന്നതായിരുന്നു ഗൗരി ലങ്കേഷിന്റെ ഈ ലേഖനമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.