ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിൾ ലേലത്തിന്; 50 മില്യൺ ഡോളർ വരെ നേടിയേക്കുമെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിൾ ലേലത്തിന്; 50 മില്യൺ ഡോളർ വരെ നേടിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും സമ്പൂർണവുമായ ഹീബ്രു ബൈബിൾ ലേലത്തിൽ വെക്കുന്നു. മെയ് മാസത്തിലെ ലേലത്തിന് മുമ്പ് കോഡെക്സ് സാസൂൺ എന്നറിയപ്പെടുന്ന ബൈബിൾ അടുത്തയാഴ്ച ലണ്ടനിൽ പ്രദർശിപ്പിക്കും. 1,000 വർഷത്തിലേറെ പഴക്കമുള്ള ഈ ബൈബിൾ 50 മില്യൺ ഡോളർ വരെ ലേലത്തിൽ നേടിയേക്കുമെന്നാണ് പ്രതീക്ഷ.

വിശുദ്ധ ഗ്രന്ഥം അതിന്റെ കണക്കാക്കിയ മൂല്യത്തിനടുത്ത് വിൽക്കുകയാണെങ്കിൽ, ഇതുവരെ ലേലം ചെയ്തതിൽ വച്ച് ഏറ്റവും മൂല്യവത്തായ ചരിത്രരേഖയാക്കും ഇതെന്ന് പരമ്പരാഗത ലേല സ്ഥാപനമായ സോത്ത്ബൈസ് വ്യക്തമാക്കി.

1929 ൽ ബൈബിൾ സ്വന്തമാക്കുകയും പിന്നീട് 20-ാം നൂറ്റാണ്ടിൽ ജൂഡൈക്ക, ഹെബ്രൈക്ക എന്നീ കൈയെഴുത്തുപ്രതികളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ശേഖരങ്ങളിലൊന്ന് കൂട്ടിച്ചേർക്കുകയും ചെയ്ത ബൈബിളിന്റെ മുൻ ഉടമ ഡേവിഡ് സോളമൻ സാസൂണിനോടുള്ള ബഹുമർത്ഥമാണ് കോഡെക്സ് സാസൂൺ എന്ന് പേര് നൽകിയിരിക്കുന്നത്.


ഒൻപതാം നൂറ്റാണ്ടിലെ ചാവുകടൽ ചുരുളുകളുടെയും മറ്റ് യഹൂദ വാമൊഴി പാരമ്പര്യത്തെയും ഇന്നത്തെ ഹീബ്രു ബൈബിളിന്റെ ആധുനികമായി അംഗീകരിക്കപ്പെട്ട രൂപത്തെയും ബന്ധിപ്പിക്കുന്ന ഒരു നിർണായക രേഖയാണിത്.

ബൈബിളിന്റെ വിൽപ്പന കണക്ക് 30 ദശലക്ഷം ഡോളർ മുതൽ 50 ദശലക്ഷം ഡോളർ വരെയാണ്. ശതകോടീശ്വരനും നിക്ഷേപകനുമായ കെന്നത്ത് ഗ്രിഫിൻ 2021 ൽ അമേരിക്കൻ ഭരണഘടനയുടെ ആദ്യ പതിപ്പിനായി സോത്ത്ബൈസിന്റെ ലേലത്തിൽ 43.2 മില്യൺ ഡോളർ നൽകി റെക്കോർഡ് സ്ഥാപിച്ചിരുന്നു. ആ റെക്കോർഡാണ് ഈ ചരിത്ര രേഖ മറികടക്കാൻ പോകുന്നത്.

ലിയോനാർഡോ ഡാവിഞ്ചിയുടെ ചിത്രരചനകൾ അടങ്ങിയ ശാസ്ത്രീയ രചനകളുടെ ഒരു ശേഖരമായ കോഡെക്‌സ് ലെയ്‌സെസ്റ്ററിനായി 1994 ൽ ബിൽ ഗേറ്റ്‌സ് 30.8 മില്യൺ ഡോളർ നൽകിയിരുന്നു. ഇതാണ് നിലവിൾ രണ്ടാം സ്ഥാനം നിലനിർത്തുന്ന മൂല്യവത്തായ ചരിത്രരേഖ.


മനുഷ്യചരിത്രത്തിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് സോത്ത്ബൈസിന്റെ പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ആഗോള തലവനായ റിച്ചാർഡ് ഓസ്റ്റിൻ പറഞ്ഞു.

സോത്ത്ബൈസിന്റെ അഭിപ്രായത്തിൽ, മറ്റ് രണ്ട് പ്രധാന ആദ്യകാല ഹീബ്രു ബൈബിളുകളായ അലപ്പോ കോഡെക്‌സിനേക്കാളും ലെനിൻഗ്രാഡ് കോഡെക്‌സിനേക്കാളും ഈ ഹീബ്രു ബൈബിൾ പഴയതാണ്. എന്നാൽ ഈ അടുത്ത കാലം വരെ ഇത് സ്ഥിരീകരിക്കാനായി കോഡെക്‌സ് സാസൂണിന്റെ കാർബൺ കാലപ്പഴക്കത്തെക്കുറിച്ചുള്ള രേഖകൾ നിലവിലെ ഉടമസ്ഥനായ കളക്ടർ ജാക്വി സഫ്രയുടെ പക്കൽ ഉണ്ടായിരുന്നില്ല.

എന്നാൽ അടുത്തിടെ അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും കാർബൺ കാലപ്പഴക്കം എത്രയാണ് എന്നത് കണ്ടെത്തുകയുമായിരുന്നു. പരിശോധനയിൽ ഒൻപതാം നൂറ്റാണ്ടിലുള്ളതാണ് ഈ ചരിത്ര പ്രാധാന്യമുള്ള ബൈബിൾ എന്ന് വ്യക്തമായതായും സോത്ത്ബൈസ് വിശദീകരിച്ചു.

40 വർഷത്തിന് ശേഷം അടുത്തയാഴ്ച സോത്ത്ബൈസ് ലണ്ടനിൽ കോഡെക്സ് പൊതുജനങ്ങൾക്ക് നേരിൽ കാണാൻ അവസരം ഒരുങ്ങും. തുടർന്ന് ടെൽ അവീവ്, ഡാലസ്, ലോസ് ഏഞ്ചൽസ്, ഒടുവിൽ മെയ് മാസത്തിൽ ന്യൂയോർക്ക് എന്നിവിടങ്ങളിൽ പ്രദർശനം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.