മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ഡോക്യൂമെന്ററിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബിബിസി ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് അവസാനിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് എട്ടോടെ മുംബൈ ബിബിസി ഓഫീസും രാത്രി പത്തരയോടെ ഡല്‍ഹി ഓഫീസിലും പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി.
മൂന്ന് ദിവസമായി പരിശോധന നടന്നത് 59 മണിക്കൂറോളമാണ്. അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ജീവനക്കാരില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാല്‍ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
അന്താരാഷ്ട്ര വിനിമയം, മാതൃ കമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. അക്കൗണ്ട്‌സ് വിഭാഗത്തില്‍ നടക്കുന്ന പരിശോധനയില്‍ 10 വര്‍ഷത്തെ കണക്കുകള്‍ വിശദമായി ആദായ നികുതി വകുപ്പ് പരിശോധിച്ചിരുന്നു. നാളെ പരിശോധനയെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.
നോട്ടിസ് നല്‍കിയിട്ടും ബിബിസിയുടെ ഭാഗത്ത് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകള്‍ക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. എന്നാല്‍ പരിശോധനകളോട് സഹകരിക്കാന്‍ ബിബിസി കേന്ദ്രകാര്യാലയം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും നിര്‍ദേശിച്ചു.
രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥരാണ് ഡല്‍ഹിയിലും മുംബൈയിലും പരിശോധന നടത്തിയത്. ബിബിസിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഓഫീസിന് മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. ബിബിസിയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.