"സം ടൈംസ് ദി ഒൺലി വേ ദി ഗുഡ് ലോർഡ് കാൻ ഗെറ്റ് ഇന്റു സം ഹാർട്ട് ഈസ് ടു ബ്രേക്ക് ഇറ്റ് "
( "ചിലപ്പോൾ കർത്താവിനു ചില ഹൃദയങ്ങളിലേക്ക് കടക്കാൻ അത് തകർക്കേണ്ടി വരും ")
ബിഷപ്പ് ഫുൾടൺ ജെ ഷീന്റെ വാക്കുകൾ ആണ് ഇതു. ഹൃദയം തകർക്കുന്നവനാണോ കർത്താവു എന്ന് തോന്നിപ്പോകും ഇത് കാണുമ്പോൾ. അമേരിക്കക്കാരനായ ബിഷപ്പ് ഷീൻ റേഡിയോ പ്രഭാഷങ്ങളിലൂടെയും ടിവി പ്രഭാഷണങ്ങളിലൂടെയും ആണ് പ്രശസ്തനായത്. കാമ്പുള്ളതും നർമ്മം കലർന്നതുമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ശ്രോതാക്കൾ ഏറെ ആയിരുന്നു. 1979 ൽ ന്യൂയോർക്കിൽ വച്ച് മരണമടഞ്ഞ ബിഷപ് വിശുദ്ധ പദവിയിലേക്കുള്ള വഴിത്താരയിലാണ്. ധന്യനായ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നാമകരണ നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു.
ബിഷപ്പിന്റെ വാക്കുകളിലേക്ക് തിരികെ വരാം. ഹൃദയം തകർക്കുന്ന കർത്താവിനെ പറ്റി പറയുന്നതിന് മുൻപ് ഒരു ചിത്രകാരനെയും അദ്ദേഹം വരച്ച ചിത്രവും ഒന്ന് പരിചയപ്പെടാം.
നമ്മുക്കു എല്ലാം പരിചയമുള്ള ഒരു ചിത്രം ആണ് ഇത് . വില്യം ഹോൾമാൻ ഹണ്ട് എന്ന ജർമൻകാരനായ ഒരു ചിത്രകാരനാണ് ഇതിന്റെ സൃഷ്ടാവ് . " ദി ലൈറ്റ് ഓഫ് ദി വേൾഡ് " എന്ന് പേരുകൊടുത്തിരിക്കുന്ന ഈ ചിത്രം പ്രതിനിധീകരിക്കുന്നത് , ' അടഞ്ഞ മനസ്സി'നെ ആണ് എന്ന് ചിത്രകാരൻ വിശദീക്കുന്നു. ഈശോ അടഞ്ഞു കിടക്കുന്ന ഒരു വാതിലിൽ മുട്ടുന്ന ചിത്രം ആണ് അത് . വാതിലിനു ചുറ്റും കാടുപിടിച്ചു കിടക്കുന്നു . ചുറ്റും ഇരുട്ട്. ഈശോ കൈയിൽ ഒരു തൂക്കുവിളക്കു പിടിച്ചുകൊണ്ടു വാതിലിൽ മുട്ടുന്നു. വാതിലിന്റെ ഒരു പ്രത്യേകത, അതിനു പുറത്തു നിന്നും പിടി ഇല്ല എന്നതാണ്. ചിത്രകാരൻ പറയുന്നത് ആ ചിത്രം വരച്ചത് വെളിപാട് പുസ്തകം 3:20 അടിസ്ഥാനമാക്കിയാണ് എന്ന് .
"ഇതാ, ഞാൻ വാതില്ക്കൽ വന്ന് മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്ന് തന്നാൽ ഞാൻ അകത്തു വരികയും അവൻ എന്നോടൊപ്പം ഭക്ഷിക്കുകയും ചെയ്യും". ഇതാണ് ആ ചിത്രത്തിന്റെ ആധാരം.
അകത്തുനിന്നും തുറന്നാൽ മാത്രമേ ഈശോക്ക് അകത്തു പ്രവേശിക്കാൻ സാധിക്കു എന്നുള്ളതുകൊണ്ട്, തുറക്കാത്ത വാതിൽ ഒന്ന് തകർത്തു അകത്തുകയറണം , വൈകിയാൽ അപകടമാണ് എന്ന് തോന്നിയാൽ ഈശോ ആ വാതിൽ തകർത്ത് അകത്തു കയറില്ലേ ? ചില ജീവിതങ്ങൾ കണ്ടിട്ടില്ലേ , അപ്രതീകഷിതമായ തകർച്ചകളിലൂടെ കർത്താവിനെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നത് ? തകർന്ന ഹൃദയങ്ങളിലല്ലേ കർത്താവ് പ്രവേശിക്കുന്നത് ? എന്നാൽ അവൻ തകർത്തത് അവൻ തന്നെ പുതുക്കി പണിയും. പാട് പോലും അവശേഷിക്കാതെ അതുവഴി ഉണ്ടായ മുറിവുകൾ വച്ചുകെട്ടി സുഖപ്പെടുത്തും.
ശരിയല്ലേ ബിഷപ് പറഞ്ഞത്, കർത്താവു ഹൃദയം തകർക്കും എന്ന് . എന്നാൽ, കൂടുതൽ ബലമുള്ളതായി പണിയാൻ വേണ്ടി ആണ് തകർക്കുന്നത് എന്ന് മാത്രം. വെളിപാട് പുസ്തകത്തിൽ പറയുന്നതുപോലെ "ഞാൻ അകത്തു കടക്കുകയും അവൻ എന്റെ കൂടെ ഭക്ഷിക്കുകയും ചെയ്യും ". സാധാരണ ആതിഥേയൻ അതിഥിയുടെ കൂടെ അല്ലെ ഭക്ഷിക്കുന്നത് ? കർത്താവു ഹൃദയത്തിൽ കയറിയാൽ പിന്നെ അതിഥി ആയി , നിയന്ത്രണം ഏറ്റെടുത്തു എന്നല്ലേ "എന്റെ കൂടെ " എന്ന ആ വാക്കുകളുടെ അർഥം ? തകർക്കുന്നു , അകത്തു കയറുന്നു വീട്ടുകാരനാവുന്നു സ്വന്തം ഇഷ്ടം അനുസരിച്ചു പുതുക്കിപ്പണിയുന്നു !
ഒരു വിശുദ്ധരുടെയും വാക്ക് പാഴ് വാക്കല്ല , ഓരോ വാക്കും ദൈവിക ജ്ഞാനം തുളുമ്പുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26