ശാസ്ത്രം മനുഷ്യരാശിയുടെ സേവനത്തിലൂന്നിയതായിരിക്കണം; സാങ്കേതികവിദ്യ സാധ്യമാക്കുന്നതെല്ലാം ധാർമ്മികമാകണമെന്നില്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പ

ശാസ്ത്രം മനുഷ്യരാശിയുടെ സേവനത്തിലൂന്നിയതായിരിക്കണം; സാങ്കേതികവിദ്യ സാധ്യമാക്കുന്നതെല്ലാം ധാർമ്മികമാകണമെന്നില്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: ശാസ്ത്രം മനുഷ്യരാശിയുടെ സേവനത്തിലൂന്നിയതായിരിക്കണമെന്നും ധാർമ്മികമായ നന്മതിന്മകൾ തിരിച്ചറിയണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ. സയൻസിന്റെ പുരോഗമനത്തിലൂടെ സാധ്യമാകുന്നവയെല്ലാം ധാർമ്മികമായ നിയമങ്ങൾക്കനുസരിച്ചുള്ളവയാകണമെന്നില്ലെന്നും പാപ്പാ ഓർമിപ്പിച്ചു.

ജർമ്മൻ ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ മാക്സ് പ്ലാങ്ക് എന്ന ശാസ്ത്രസംഘടനയിലെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച് നൽകിയ സന്ദേശത്തിലാണ് മാർപ്പാപ്പയുടെ ഉദ്‌ബോധനം. മാക്‌സ് പ്ലാങ്ക് സൊസൈറ്റി ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസിന്റെ ഗവേഷണങ്ങളുടെയും പദ്ധതികളുടെയും കേന്ദ്രത്തിൽ മാനവികതയെ പ്രതിഷ്ഠിക്കണമെന്നും മാർപ്പാപ്പ അവരെ ഓർമിപ്പിച്ചു.

ശാസ്ത്രത്തിന്റെ പുരോഗതിക്കും ഗവേഷണത്തിന്റെ പ്രത്യേക മേഖലകളിലെ പുരോഗതിക്കും വേണ്ടിയുള്ള പ്രതിബദ്ധതയിൽ മാക്‌സ് പ്ലാങ്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് വത്തിക്കാൻ നൽകുന്ന ആദരവ് മാർപ്പാപ്പ പ്രത്യേകം എടുത്തുപറഞ്ഞു. രാഷ്ട്രീയമോ സാമ്പത്തികമോ ആയ മുൻവിധികളാൽ സ്വാധീനിക്കപ്പെടാത്ത "ശുദ്ധമായ ശാസ്ത്രത്തിന്റെ" നിലവാരം നിലനിർത്താൻ മാർപ്പാപ്പ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ശാസ്ത്രീയമായി സാധ്യമായവയെല്ലാം ധാർമ്മികമായി ശരിയാകണമെന്നില്ല. സാധ്യമായവയെല്ലാം ശരിയാണെന്ന ഒരു നിലപാടിനെ സഭയ്ക്ക് അംഗീകരിക്കാനാകില്ലെന്നും ഓർമ്മപ്പെടുത്തി.

മനുഷ്യന്റെ ചിന്തയെ മാറ്റിസ്ഥാപിക്കുന്ന കൃത്രിമബുദ്ധിയുടെ അപകടസാധ്യതകൾ

ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ ഈ കാലത്ത്, കൃത്രിമബുദ്ധിയിലൂടെ മനുഷ്യരുടെ ബൗദ്ധികവും വൈകാരികവുമായ ചിന്തകളെ യന്ത്രങ്ങളുടേതുമായി കൂട്ടിച്ചേർക്കുന്നതിനെതിരെ മാർപ്പാപ്പ മുന്നറിയിപ്പ് നൽകി.

ഇത് "ധാർമ്മികതയെയും സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്നതുമായ" സുപ്രധാന പ്രശ്നങ്ങളെ മുൻ‌നിരയിലേക്ക് കൊണ്ടുവരുന്നു. മാത്രമല്ല ജീവിതത്തിന്റെ ആത്യന്തികമായ അർത്ഥമെന്താണ് എന്ന ചോദ്യവും ഇത്തരം പ്രവർത്തങ്ങൾ ഉയർത്തുന്നു.

അതുകൊണ്ട് പ്രകൃതിയിൽനിന്ന് ലഭിക്കുന്നതും, കൃത്രിമമായി നിർമ്മിക്കുന്നതും ചേർത്ത് വച്ച്, മനുഷ്യവർഗ്ഗത്തെത്തന്നെ മാറ്റിമറിക്കുന്ന ഒരു ഹൈബ്രിഡ് ശൈലി മുന്നോട്ട് വയ്ക്കുവാൻ ആലോചിക്കുന്ന ആളുകൾ, ശാസ്ത്രത്തിന്റെ വളർച്ചയിൽ നേടുവാൻ കഴിയുന്നതെല്ലാം ധാർമ്മികമാകണമെന്നില്ലെന്ന് ഓർക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു.

പരിചരണത്തിനുള്ള ഉത്തരവാദിത്തം

"രണ്ടാം ആധുനികതയുടെ" ഈ കാലഘട്ടത്തിൽ "സാങ്കേതിക" ഉത്തരവാദിത്തം എന്ന തത്വത്തിനാണ് പലപ്പോഴും മുൻഗണന നൽകിയിട്ടുള്ളതെന്ന് മാർപ്പാപ്പ പറഞ്ഞു. നല്ലതോ ചീത്തയോ എന്ന വിവേചനത്തിൽ ധാർമ്മികതയ്ക്ക് ഇടമില്ല. ലോകത്ത് സംഭവിച്ചതിനൊക്കെ ഉത്തരം നൽകുക എന്നതിനേക്കാൾ, മറ്റുള്ളവരുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയ്ക്കാൻ പ്രാധാന്യം നൽകേണ്ടതെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

ധാർമ്മികമായ നന്മതിന്മകൾ എന്നതിനേക്കാൾ, സാങ്കേതികപരമായ ഉത്തരവാദിത്വത്തിന്റെ മാത്രം പ്രാധാന്യം നൽകുന്ന ആധുനികതയുടെ ശൈലിയെക്കുറിച്ച് പാപ്പാ ഉത്കണ്ഠ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയുടെ വളർച്ചയിൽ, സാധ്യമാകുന്നതെല്ലാം ധാർമ്മികമായി നിയമാനുസൃതമാണെന്ന ചിന്ത വളർത്തുന്ന ഇന്നത്തെ ചില ചിന്താധാരകൾ സഭയ്ക്ക് അംഗീകരിക്കാനാകില്ലെന്ന് പാപ്പ വ്യക്തമാക്കി.

അന്തിമഫലങ്ങൾ എല്ലാറ്റിനുമുപരിയായി സ്ഥാപിക്കുന്നതിന് പകരം മറ്റുള്ളവരെ പരിപാലിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് മാർപ്പാപ്പ വാദിച്ചു. ചെയ്ത കാര്യങ്ങൾക്ക് മാത്രമല്ല, ചെയ്യാതിരുന്ന കാര്യങ്ങൾക്കും നമുക്ക് ഉത്തരവാദിത്വമുണ്ടന്നും ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

തുടർന്ന് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് നന്ദി അറിയിക്കുകയും അവരുടെ ഗവേഷണങ്ങളിലും വിവിധ പദ്ധതികളിലും അവരെ സഹായിക്കാൻ പരിശുദ്ധാത്മാവിന്റെ മാധ്യസ്ഥ്യം അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് മാർപ്പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

എന്താണ് മാക്‌സ് പ്ലാങ്ക് കൂട്ടായ്മ?

ജർമ്മൻ ഗവേഷണ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ സർക്കാരിതര, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് മാക്‌സ് പ്ലാങ്ക് സൊസൈറ്റി ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസ്. 1911 ൽ കൈസർ വിൽഹെം സൊസൈറ്റി എന്ന പേരിലാണ് കൂട്ടായ്മ സ്ഥാപിതമായത്. പിന്നീട് അതിന്റെ മുൻ പ്രസിഡന്റും സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനുമായ മാക്സ് പ്ലാങ്കിന്റെ ബഹുമാനാർത്ഥം 1948 ൽ മാക്സ് പ്ലാങ്ക് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.