റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; നടപടി ബൈഡന്റെ ഉക്രെയ്ന്‍ സന്ദര്‍ശനത്തിന് പിന്നാലെ

റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; നടപടി ബൈഡന്റെ ഉക്രെയ്ന്‍ സന്ദര്‍ശനത്തിന് പിന്നാലെ

വാഷിംഗ്ടണ്‍: ഉക്രെയ്നിലെ അധിനിവേശത്തിന്റെ ഒന്നാം വര്‍ഷികത്തില്‍ റഷ്യയ്ക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധനകാര്യസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം. ഒരു വര്‍ഷമായി ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാന്‍ റഷ്യയെ സഹായിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും തിരഞ്ഞുപിടിച്ചാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

250 വ്യക്തികളും കമ്പനികളും ഉപരോധ പട്ടികയിലുണ്ട്. ആയുധ കച്ചവടക്കാര്‍, ആയുധ നിര്‍മാണവുമായി ബന്ധമുള്ള സാങ്കേതിക കമ്പനികള്‍ എന്നിവയുടെ മേലും ഉപരോധം ഏര്‍പ്പെടുത്തി. പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്ന കാര്‍ബണ്‍ ഫൈബറുകള്‍ നിര്‍മിക്കുന്ന കമ്പനികളും ഉപരോധം നേരിടും.

ഉപരോധത്തെ വകവെക്കാതെ റഷ്യയെ സഹായിച്ച യുഎഇ, സൈപ്രസ്, മാള്‍ട്ട, സ്വിറ്റ്‌സര്‍ലന്‍ഡ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ബഹാമാസ് എന്നീ രാജ്യങ്ങളിലെ നിയമ ലംഘകര്‍ക്കെതിരെയും നടപടിയുണ്ട്.

പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രെയ്ന്‍ സന്ദര്‍ശിച്ച് മടങ്ങി നാലുദിവസം പിന്നിടുമ്പോഴാണ് അമേരിക്കയുടെ പ്രഖ്യാപനം. ജി7 രാജ്യങ്ങളുടെ പിന്തുണയോട് കൂടിയാണ് ഉപരോധം. ജി7 രാജ്യങ്ങളും സഖ്യകക്ഷികളും റഷ്യയിലെ പ്രധാന സാമ്പത്തിക മേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക പറഞ്ഞു.

"ഞങ്ങളുടെ ഉപരോധത്തിന് ഹ്രസ്വകാല ആഘാതവും ദീര്‍ഘകാല ആഘാതവുമുണ്ട്. ആവശ്യമുള്ള കാലത്തോളം ഞങ്ങള്‍ ഉക്രെയ്‌നൊപ്പം ഉണ്ടാവുമെന്നാണ് ജി7 രാജ്യങ്ങളോട് ചേര്‍ന്നുള്ള ഈ നടപടികള്‍ വ്യക്തമാക്കുന്നത്" അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു.

കൂടാതെ ഉക്രെയ്‌ന് 200 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഉക്രെയ്‌നും അയല്‍രാജ്യമായ മോള്‍ഡോവയ്ക്കും അവരുടെ ഊര്‍ജസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 550 മില്യന്‍ ഡോളര്‍ നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു.

സ്വയം പ്രതിരോധിക്കാനുള്ള യുക്രെയ്‌നിന്റെ അവകാശത്തോടൊപ്പം നില്‍ക്കുമെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ഉക്രെയ്‌നൊപ്പം നിന്ന അമ്പതോളം രാജ്യങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെട്ടുവെന്നും പ്രതിരോധ വകുപ്പ് പറഞ്ഞു.

അതിനിടെ റഷ്യയ്ക്കെതിരായ പോരാട്ടത്തെ സഹായിക്കാന്‍ ഉക്രെയ്നിലേക്ക് കൂടുതല്‍ ഡ്രോണുകള്‍ അയയ്ക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരും പ്രഖ്യാപിച്ചു. കൂടാതെ 90 റഷ്യന്‍ വ്യക്തികള്‍ക്കും 40 സ്ഥാപനങ്ങള്‍ക്കുമെതിരെ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി.

ഊര്‍ജ്ജം, വിഭവങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന റഷ്യന്‍ മന്ത്രിമാരും ആയുധ നിര്‍മ്മാതാക്കളായ കലാഷ്‌നിക്കോവ് കണ്‍സേണ്‍, വ്യോമയാന സ്ഥാപനമായ ടുപോളേവ്, അന്തര്‍വാഹിനി ഡെവലപ്പര്‍ അഡ്മിറല്‍റ്റി ഷിപ്പ്യാര്‍ഡ്‌സ് എന്നിവയുള്‍പ്പെടെ പ്രതിരോധത്തിലെ പ്രധാനികളും ഏറ്റവും പുതിയ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.