ചരിത്രമുറങ്ങുന്ന എടത്വാ പള്ളി

ചരിത്രമുറങ്ങുന്ന എടത്വാ പള്ളി

ചരിത്രമുറങ്ങുന്ന പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണ് എടത്വാ. നെല്‍ക്കൃഷിക്കു പേരുകേട്ട കുട്ടനാടിന്റെ സിരാകേന്ദ്രമായും ആത്മീയ തീര്‍ഥാടനകേന്ദ്രമായും അറിയപ്പെടുന്ന എടത്വയുടെ പ്രശസ്തിക്കു കാരണം 1810 സെപ്റ്റംബര്‍ 29ന് വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളന്റെ നാമധേയത്തില്‍ സ്ഥാപിതമായ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയാണ്.

പള്ളിയിലെ താളിയോലക്കെട്ടുകളും തലമുറകള്‍ വായ്മൊഴിയായി കൈമാറി വന്ന വിവരങ്ങളും വിശ്വാസ പാരമ്പര്യവും പള്ളിയുടെയും എടത്വായുടേയും ഭൂതകാലത്തേക്കു നമ്മെ നയിക്കുന്നു. പമ്പാ നദിയുടെ തീരമായിരുന്നതു കൊണ്ടുതന്നെ ഗതാഗതം വളളത്തിലൂടെയായിരുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട എടത്വായില്‍ ഇഴജന്തുക്കളുടെ ശല്യം കൂടുതലായിരുന്നിരിക്കണം. ഗീവര്‍ഗീസ് പുണ്യവാളന്റെ പളളി സ്ഥാപിക്കാനുളള കാരണം അന്വേഷിച്ചാല്‍ ആദ്യ ലഭിക്കുന്ന കാരണം ഇതാണ്.

പ്രദേശവാസികള്‍ക്കു പുണ്യവാളന്റെ സഹായം ഏറെ ലഭ്യമാകുകയും അത് പ്രസിദ്ധമാകുകയും ചെയ്തതോടെ ദൂരസ്ഥലത്തു നിന്നും തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. ഇഴജന്തുക്കളില്‍ നിന്നും പൈശാചിക ശക്തികളില്‍ നിന്നും മോചനം തേടി തെക്കന്‍നാടുകളില്‍ നിന്ന് ധാരാളം ജനങ്ങള്‍ എടത്വായിലെത്തിയിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

എടത്വാപ്പളളി സ്ഥാപിതമാകുന്നതിനു മുമ്പ് കുട്ടനാടന്‍ തുരുത്തുകളില്‍ താമസിച്ചിരുന്ന ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്നത് വിശുദ്ധ തോമ്മാശ്ലീഹ എ.ഡി 54 ല്‍ സ്ഥാപിച്ച നിരണം വലിയപള്ളിയിലായിരുന്നു. ചങ്ങങ്കരി, തെക്കേമുറി, എടത്വാ, തലവടി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ വളളത്തില്‍ തലവടിയിലെത്തി ഒരുമിച്ചു ചേര്‍ന്ന് ഒരു ദിവസം യാത്ര ചെയ്ത് നിരണത്തെത്തിയാണ് ആരാധനയില്‍ പങ്കെടുത്തിരുന്നത്.

ചമ്പക്കുളത്ത് കല്ലൂര്‍ക്കാട് കന്യകാ മറിയത്തിന്റെ പേരില്‍ മറ്റൊരു പള്ളി സ്ഥാപിച്ചതോടെ എടത്വാ പ്രദേശത്തെ ആളുകള്‍ ചമ്പക്കുളത്ത് എത്തിത്തുടങ്ങി. കാലക്രമത്തില്‍ കരപ്രദേശത്തിന്റെ വിസ്തൃതി ഏറിയതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള കുടിയേറ്റം ശക്തമായി. കുട്ടനാട്ടില്‍, പ്രത്യേകിച്ച് എടത്വായില്‍, ജനസംഖ്യ പെരുകി. ക്രിസ്തു വര്‍ഷം 1100ല്‍ ആലപ്പുഴയിലും 1410ല്‍ പ്രക്കാട്ടും 1557ല്‍ പുളിങ്കുന്നിലും പുതിയ പളളികള്‍ സ്ഥാപിതമായി. അപ്പോഴും എടത്വായിലെ ജനങ്ങള്‍ ആരാധനയ്ക്കായി ചമ്പക്കുളം പള്ളിയെയാണ് ആശ്രയിച്ചിരുന്നത്.

ചമ്പക്കുളത്തേക്കും നിരണത്തേക്കുമുളള യാത്ര വളരെ ക്ലേശകരമായിരുന്നതിനാല്‍ എടത്വായിലെ വിശ്വാസികള്‍ സ്വന്തമായൊരു ദേവാലയമെന്ന ആശയം മുന്നോട്ടു വച്ചു. എടത്വാ ഇടവകയിലെ ആദ്യ വൈദികനായിരുന്ന ചങ്ങങ്കരി വലിയവീട്ടില്‍ ഗീവര്‍ഗീസ് കത്തനാര്‍ ഇതിനു വലിയ പ്രോത്സാഹനവും നല്‍കി.

പാണ്ടങ്കരി ഊരാംവേലില്‍ കുര്യന്‍ തരകന്‍, എടത്വ തെക്കേടത്ത് പോത്തന്‍ മാപ്പിള, വെട്ടുതോട്ടുങ്കല്‍ തൊമ്മി മാപ്പിള, ചെക്കിടിക്കാട് മെതികളത്തില്‍ മാത്തന്‍ മാപ്പിള തുടങ്ങിയവരാണ് പളളി സ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്വന്തമായി ഒരു പളളി പണിയുന്നതിന് വിശ്വാസികള്‍ വരാപ്പുഴ അതിരൂപതയെ സമീപിക്കുകയും അന്ന് അതിരൂപതാ ഭരണാധികാരിയായിരുന്ന ഫാ. റെയ്മണ്ട് പളളി പണിയുന്നതിന് കാനോനിക അനുമതി നല്‍കുകയും ചെയ്തതായി ചരിത്രം വ്യക്തമാക്കുന്നു.

തുടര്‍ന്ന് 1810 സെപ്റ്റംബര്‍ 29 ന് പമ്പയാറിന്‍ വടക്കോട്ടൊഴുകിയിരുന്ന കൈവഴിയുടെ പടിഞ്ഞാറേ തീരത്ത് പുതിയ പളളിയുടെ ശിലാസ്ഥാപനം നടത്തി. എടത്വയിലെ ചങ്ങങ്കരി വെള്ളാപ്പള്ളി എന്ന പ്രമുഖ നായര്‍ തറവാട്ടിലെ കൊച്ചെറുക്കപ്പണിക്കര്‍ സൗജന്യമായി സംഭാവന ചെയ്ത സ്ഥലത്താണ് ശിലാസ്ഥാപനം നടത്തിയതെന്നാണ് ചരിത്രം.

അക്കാലത്ത് സുലഭമായിരുന്ന ചെറിയ ഓടാണ് മേയാന്‍ ഉപയോഗിച്ചത്. ചെറുതായിരുന്നെങ്കിലും തോറ, ഹൈക്കല, സങ്കീര്‍ത്തി, മുറിത്തട്ട് എന്നിവയടങ്ങിയതായിരുന്നു ആദ്യത്തെ പളളി.

പള്ളി സ്ഥാപിച്ചെങ്കിലും പള്ളിയില്‍ സ്ഥാപിക്കാന്‍ ഗീവര്‍ഗീസിന്റെ ഒരുരൂപം വിശ്വാസികള്‍ക്കു ലഭിച്ചില്ല. അതിനായി നടത്തിയ അന്വേഷണങ്ങളെത്തുടര്‍ന്ന് പുരാതനമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധന്റെ ഒന്നിലധികം രൂപങ്ങള്‍ ഉണ്ടെന്നറിഞ്ഞ് ഇടവകയിലെ പുരോഹിതനായിരുന്ന വലിയവീട്ടില്‍ ഗീവര്‍ഗീസച്ചനും ഒരുസംഘം ആളുകളും വരാപ്പുഴ രൂപതാധ്യക്ഷന്റെ അനുമതിയോടെ രണ്ട് കളിവള്ളങ്ങളിലായി ഇടപ്പള്ളിയിലേക്കു പോകുകയും അവിടെയെത്തി വികാരിയച്ചനെ കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എടത്വാക്കാരുടെ ആവശ്യം ന്യായമെന്നു കണ്ട് പള്ളിയുടെ തട്ടിന്‍പുറത്ത് ഉപയോഗമില്ലാതെ കിടക്കുന്ന രണ്ടുമൂന്നു രൂപങ്ങളില്‍ ഏതുവേണമെങ്കിലും കൊണ്ടു പൊയ്ക്കൊളളാന്‍ ഇടപ്പളളിയിലെ അച്ചന്‍ അനുമതി നല്‍കി.

ഇടതുകൈ അല്‍പ്പം ഒടിഞ്ഞതും പൊടിയും മാറാലയുംപിടിച്ചുകിടന്ന ഒരെണ്ണം പൊതു സ്വീകാര്യമാവുകയും ചെയ്തതിനെത്തുടര്‍ന്ന് അതുമായി പുറത്തിറങ്ങിയ വിശ്വാസികള്‍ അതു തുടച്ചുവൃത്തിയാക്കി പള്ളിക്കിണറ്റിലെ വെള്ളത്തില്‍ കഴുകി ശുദ്ധിവരുത്തി. അപ്പോള്‍ അതിന് കൂടുതല്‍ ആകര്‍ഷകത ഉണ്ടായി. അതുകണ്ട ഇടപ്പളളിക്കാരില്‍ ചിലര്‍ അത് കൊടുത്തുവിടേണ്ടതില്ലെന്നു അഭിപ്രായപ്പെട്ടു. ഇടപ്പളളിക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് എടത്വാക്കാര്‍ ആ രൂപവുമായി വളളക്കടവിലേക്കു നീങ്ങി.

ഈസമയം ഇടപ്പള്ളിയില്‍ അസാധാരണ സംഭവങ്ങളുടെ നീണ്ടപരമ്പര തുടങ്ങുകയായിരുന്നു. ദേവാലയമണികള്‍ മുഴങ്ങി. രൂപം കൊണ്ടുപോകുന്നതിനെതിരേ പ്രതിഷേധിച്ചവര്‍ കൂട്ടമണിയടിച്ച് ആളുകളെ കൂട്ടാന്‍ ശ്രമിച്ചതാണെന്നും അതല്ലെന്നു പള്ളിയുടെ ഒരുഭാഗത്ത് തീപിടിക്കുകയും ചെയ്തതായി തലമുറകള്‍ കൈമാറിയ ചരിത്രകഥകള്‍ പറയുന്നു.

വിശുദ്ധന്റെ രൂപം കൈവിട്ടുപോകുന്നതിലുള്ള പ്രതിഷേധ സൂചനയായിരുന്നു ആ സംഭവമെന്നു ഭയപ്പെട്ട് എടത്വക്കാര്‍ പെട്ടെന്നു രൂപവുമായി വള്ളക്കടവിലേക്ക് ഓടി, വേഗം എടത്വായ്ക്ക് തിരിച്ചു. അതേസമയം പളളിയുടെ നിര്‍മാണവും രൂപം പ്രതിഷ്ഠിക്കലിനേയും സംബന്ധിക്കുന്ന താളിയോലകള്‍ ഒന്നും ഇന്ന് ലഭ്യമല്ല.
ഇടപ്പള്ളിക്കാര്‍ രൂപം തിരിച്ചെടുക്കാന്‍ വരുമെന്നു ഭയന്നു വിശുദ്ധന്റെ രൂപം ഓലഷെഡ് മാത്രമായിരുന്ന പള്ളിയില്‍ ഇറക്കാതെ നേരേ പാണ്ടങ്കരിയിലുള്ള ഊരാംവേലിക്കാരുടെ നെല്ലറയിലാണ് സൂക്ഷിച്ചത്. ഊരാംവേലില്‍ കുര്യന്‍ തരകന്‍ എന്നയാളാണ് ഈ പള്ളിയില്‍ നിന്നു രൂപം കൊണ്ടുവരുന്നതിനു നേതൃത്വം കൊടുത്തത്. 1920-ല്‍ ആറ്റുതീരത്തു ചെറിയപള്ളി പണിയുന്നതുവരെ ഞായറാഴ്ചകളിലും വിശുദ്ധന്റെ തിരുനാള്‍ ദിവസങ്ങളിലും മാത്രമേ തിരുസ്വരൂപം പള്ളിയില്‍ കൊണ്ടുവന്നിരുന്നുള്ളൂ.

പിന്നീട് 1839 നവംബര്‍ മാസത്തില്‍ വരാപ്പുഴ സഹായമെത്രാനായിരുന്ന ലുദിവിക്കോസ് മാര്‍ട്ടിനിയാണ് ഇന്നു കാണുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. എടത്വ ഇടവകാംഗവും കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിപുണനുമായ ഉലക്കപ്പാടില്‍ തോമസ് അച്ചനാണ് പള്ളിപണിക്ക് തുടക്കം കുറിച്ചത്.
ശാസ്ത്രാവബോധം തുച്ഛമായിരുന്ന കാലത്ത് പണിതിട്ടും പേരും പെരുമയും അവകാശപ്പെടുന്ന ആധുനിക വാസ്തുശില്‍പികള്‍ക്കു പോലും എന്തിന് വാസ്തുശില്പശാസ്ത്രത്തിനു പോലും എടത്വാ പളളി ഒരു അത്ഭുത പ്രതിഭാസമാണ്. യാതൊരു കോട്ടവുമില്ലാതെ ഈ പളളി ഇന്നും നിലനില്‍ക്കുന്നു. ഉറപ്പില്ലാത്ത അടിത്തറയില്‍ തേക്കിന്‍ തടികള്‍ നെടുകയും കുറുകയും നിരത്തി ബലപ്പെടുത്തിയ ശേഷം അതിന്‍മേലാണ് പള്ളി പണിത് ഉയര്‍ത്തിയിരിക്കുന്നത്. കുളമാവിന്റെ തൊലി ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ വരാല്‍പശയും (വരാല്‍ മീനില്‍ നിന്നും ശേഖരിക്കുന്നത്) കുമ്മായവും ചരലും കുഴച്ച് നിര്‍മിച്ച കൂട്ട് ഉപയോഗിച്ചാണ് പളളിയുടെ ഭിത്തി നിര്‍മാണ നടത്തിയത്.

പളളി മോടിപിടിപ്പിക്കാന്‍ ഉപയോഗിച്ച ചായങ്ങള്‍ ഇന്നും നിറംമങ്ങാതെ നില്‍ക്കുന്നു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് ശേഷം 1888ല്‍ പൊന്നിന്‍കുരിശു പണിതു. 337 രൂപ തൂക്കത്തില്‍ നിര്‍മിച്ച സ്വര്‍ണക്കുരിശ് ശില്‍പവിദ്യയുടെ മികച്ച ഉദാഹരണമാണ്. പുരാവസ്തുഗണത്തില്‍പ്പെടുന്ന ഈ കുരിശ് നാലുപൂട്ട് എന്നറിയപ്പെടുന്ന പ്രത്യേക മുറിയില്‍ വന്‍ സുരക്ഷയോടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ കുരിശാണ് ഇന്നും പെരുന്നാള്‍ ദിനത്തില്‍ പ്രദക്ഷിണത്തിനു ഉപയോഗിക്കുന്നത്.
അശ്വാരൂഢനായ വിശുദ്ധന്റെ തിരുസ്വരൂപത്തോടൊത്തു കാണുന്ന രാജകുമാരിയും സര്‍പ്പവും തിന്മയുടെ ശക്തികളില്‍നിന്നുള്ള മോചനത്തിന്റെ അടയാളമായി വിശ്വാസികള്‍ കാണുന്നു. കൈയിലൊന്നുമില്ലാതെ തീര്‍ഥാടകരാരും വിശുദ്ധനെ ദര്‍ശിക്കാറില്ല. വിശുദ്ധന്റെ അടിമയായി തീര്‍ന്നാല്‍ രോഗങ്ങളില്‍ നിന്നും അത്യാഹിതങ്ങളില്‍ നിന്നും മോചനം നേടാമെന്നും ലോകത്തിന്റെ ഏതുകോണിലായിരുന്നാലും ഗീവര്‍ഗീസ് പുണ്യവാളന്‍ തങ്ങളെ കാത്തുരക്ഷിക്കുമെന്നും വിശ്വാസികള്‍ കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.