സ്വന്തം ജനതയുടെ കാര്യം ശ്രദ്ധിക്കൂ; മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാനും തുര്‍ക്കിക്കും ശക്തമായ മറുപടി നല്‍കി ഇന്ത്യ

സ്വന്തം ജനതയുടെ കാര്യം ശ്രദ്ധിക്കൂ; മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാനും തുര്‍ക്കിക്കും ശക്തമായ മറുപടി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാകിസ്ഥാനും തുര്‍ക്കിക്കും ശക്തമായ മറുപടി നല്‍കി ഇന്ത്യ.

പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ വിമര്‍ശനത്തിനാണ് കൗണ്‍സിലില്‍ ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി തിരിച്ചടിച്ചത്. 'സ്വന്തം രാജ്യത്തെ ജനങ്ങള്‍ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പേരാടുമ്പോള്‍ പാക്കിസ്താന്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. ആ രാജ്യത്തെ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടും അടിസ്ഥാനരഹിതമായ പ്രചാരണത്തിനുപകരം സ്വന്തം ജനതയുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ഉപദേശിക്കുന്നു' എന്നായിരുന്നു സീമ പുജാനിയുടെ വാക്കുകള്‍.

കഴിഞ്ഞ ദിവസമാണ് കാശ്മീര്‍ വിഷയത്തില്‍ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാര്‍ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ അധിനിവേശ അധികാരികള്‍ വീടുകള്‍ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കശ്മീരികളുടെ ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതാക്കിയെന്നും കശ്മീരികള്‍ക്കെതിരായ ശിക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു എന്നുമായിരുന്നു ഇവരുടെ പരാമര്‍ശം.

തുര്‍ക്കി പ്രതിനിധിയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനും (ഒഐസി) നടത്തിയ അഭിപ്രായങ്ങളെയും സീമ പൂജാനി അപലപിച്ചു.

'ഇന്ത്യയുടെ ആഭ്യന്തരമായ ഒരു വിഷയത്തില്‍ തുര്‍ക്കി നടത്തിയ അഭിപ്രായങ്ങളെ അപലപിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആവശ്യപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരെ ഉപദേശിക്കുന്നു' എന്ന് സീമ പൂജാനി പറഞ്ഞു.

ഒഐസിയുടെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള അനാവശ്യ പരാമര്‍ശങ്ങള്‍ നിരസിക്കുന്നു. ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവന്‍ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നതാണ് വസ്തുത.

ഇന്ത്യന്‍ പ്രദേശത്ത് പാകിസ്ഥാന്‍ നിയമവിരുദ്ധമായ അധിനിവേശത്തിലാണ്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം ഉപേക്ഷിക്കാനും ഇന്ത്യന്‍ പ്രദേശത്തെ അധിനിവേശം പിന്‍വലിക്കാനും അതിന്റെ അംഗമായ പാകിസ്ഥാനോട് ആവശ്യപ്പെടുന്നതിന് പകരം ഒഐസി ഇന്ത്യയ്‌ക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചരണത്തിന് അനുവാദം നല്‍കുകയായിരുന്നു എന്ന് അവര്‍ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.