ബെന്യൂ: നൈജീരിയയില്‍ പൊതു തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ തീവ്രവാദ ഭീഷണിയെതുടര്‍ന്ന് മകുര്‍ദിയിലെ കത്തോലിക്കാ രൂപതയിലെ ജീവനക്കാരെ സൈന്യം ഒഴിപ്പിച്ചു.
ബെന്യൂ സംസ്ഥാനത്തെ മകുര്‍ദി കത്തോലിക്കാ രൂപതയുടെ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍ (ജെപിസി) ഡയറക്ടര്‍ ഫാ. റെമിജിയൂസ് ഇഹ്യുലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച 'എ.സി.ഐ ആഫ്രിക്ക' മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. വോട്ടെടുപ്പിന്റെ അന്നും തൊട്ടടുത്ത ദിവസങ്ങളിലുമായി 30-ലധികം ആളുകള്‍ അവരുടെ വാസസ്ഥലങ്ങളില്‍ കൊല്ലപ്പെട്ടതായി ഫാ. ഇഹ്യുല വെളിപ്പെടുത്തിയിരുന്നു. നിരവധി ഗ്രാമങ്ങള്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായി. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. ഇത്തരം ആക്രമണങ്ങളെ തുടര്‍ന്നാണ് രൂപതയിലെ ജീവനക്കാരെ സൈന്യം ഒഴിപ്പിച്ചത്.
നൈജീരിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബോല അഹമ്മദ് ടിനുബു(70) വിജയിച്ചിരുന്നു. മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ടിനുബു.
സൈനിക ആയുധങ്ങളുമായാണ് ഫുലാനി തീവ്രവാദികള്‍ ബെന്യൂ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മകുര്‍ദിയില്‍ ഇറങ്ങിയത്. ഫുലാനി തീവ്രവാദികള്‍ക്ക് ഇത്തരം ആയുധങ്ങള്‍ ലഭിക്കുന്നത് അവര്‍ക്ക് അധികാരികളില്‍ നിന്ന് സഹായം ലഭിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ഫാ. ഇഹ്യുല ചൂണ്ടിക്കാട്ടി.
ഫുലാനി ഗോത്രങ്ങളില്‍ ഭൂരിഭാഗവും മുസ്ലീം വംശജരാണ്. അവരുടെ ആക്രമണങ്ങളില്‍ ഇരകളാക്കപ്പെടുന്നത് ക്രിസ്ത്യാനികളും.
ഫെബ്രുവരി 23 മുതല്‍ തീവ്രവാദികളാല്‍ കുടിയിറക്കപ്പെട്ട ഗ്രാമീണരെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് താനും തന്റെ സഹപ്രവര്‍ത്തകരുമെന്ന് വൈദികന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 25-ന് ത്യോപാവ് എന്ന ഗ്രാമത്തില്‍, ആളുകളെ കഴുത്തറുക്കുന്നതിന് നേരിട്ടു സാക്ഷ്യം വഹിച്ചതായി ഒരു വ്യക്തി തന്നെ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് അന്‍വാസെ എന്ന ഗ്രാമത്തില്‍ നിന്ന് കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു - ഫാ. ഇഹ്യുല പറഞ്ഞു.
ആക്രമണത്തിന് വിധേയമായ ഗ്രാമങ്ങള്‍ അഗാഗ്‌ബെ ക്യാമ്പിന് സമീപമാണ്. ഈ ക്യാമ്പിലാണ് കുടിയിറക്കപ്പെട്ട ഗ്രാമീണരെ സഹായിക്കാന്‍ മകുര്‍ദി കത്തോലിക്കാ രൂപതയിലെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് ഒന്നിന്, സായുധരായ അക്രമികള്‍ ക്യാമ്പിന് വളരെ അടുത്തുവന്നു. ഇതോടെ ക്യാമ്പില്‍ കുടുങ്ങിയ ജീവനക്കാരെ സൈന്യത്തിന്റെ അകമ്പടിയോടെ പുറത്തിറക്കേണ്ടിവന്നു.
അഗാഗ്ബെ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ ദിവസവും ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും നിരവധി കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവരെല്ലാം കടുത്ത മാനസിക ആഘാതത്തോടെയാണ് ജീവിക്കുന്നതെന്നും ഇഹ്യുല കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.