കിഴക്കു നിന്നും ഒരു ഗണിത ശാസ്ത്രജ്ഞന്‍: ബെന്‍വെനിദോ നേബ്രെസ്

കിഴക്കു നിന്നും ഒരു ഗണിത ശാസ്ത്രജ്ഞന്‍: ബെന്‍വെനിദോ നേബ്രെസ്

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ നാല്‍പ്പത്തിരണ്ടാം ഭാഗം.

ശാസ്ത്രത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നാം പെട്ടെന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ശ്രദ്ധ തിരിക്കുക സ്വാഭാവികമാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലും മികവുറ്റ ശാസ്ത്രജ്ഞര്‍ ഉണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കിഴക്കന്‍ നാടുകളുടെ ഒരു സവിശേഷതയാണ് വ്യത്യസ്ത ചിന്താധാരകളെ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുക എന്നത്.

മതവും സംസ്‌കാരവും സാഹിത്യവും കലയും കായികവുമെല്ലാം ഇതുപോലെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന മറ്റു പ്രദേശങ്ങളില്ല. ഭേദം കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധം ശാസ്ത്രത്തെയും വിശ്വാസത്തെയുമെല്ലാം ഒരുമിപ്പിക്കാന്‍ കിഴക്കന്‍ നാടുകളിലെ ചിന്തകര്‍ക്ക് അനുപമമായ ഒരു കഴിവുണ്ട്. അത്തരത്തിലൊരാളാണ് ബെന്‍വെനിദോ നേബ്രെസ്.

ഫിലിപ്പൈന്‍സില്‍ 1940 മാര്‍ച്ച് 15 നാണ് ബെന്‍വെനിദോ നേബ്രെസിന്റെ ജനനം. ഗണിത ശാസ്ത്രത്തില്‍ അതുല്യമായ അറിവും പാണ്ഡിത്യവുമുണ്ടായിരുന്ന അദ്ദേഹം ഗണിതത്തെ വിശ്വാസവുമായി ബന്ധിപ്പിക്കുന്നതില്‍ ഏറെ പരിശ്രമിച്ച ആളാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനും സെമിനാരി പരിശീലനത്തിനും ശേഷം അദ്ദേഹം ജെസ്യൂട്ട് സഭയില്‍ അംഗമായി ചേര്‍ന്നു.

തന്നെ സ്‌കൂളില്‍ പഠിപ്പിച്ച ഒരു സന്യസ്തയുടെ ജീവിതമാതൃകയും പ്രേരണയുമാണ് ബെന്‍വെനിദോയെ സെമിനാരിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. 1962 ല്‍ അദ്ദേഹം തത്വശാസ്ത്ര ബിരുദ പഠനം പൂര്‍ത്തീകരിച്ചു. തൊട്ടടുത്ത വര്‍ഷത്തില്‍ തന്നെ തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തീകരിച്ചു. ഈ പഠനങ്ങള്‍ ഫിലിപ്പൈന്‍സ് തന്നെയാണ് ചെയ്തത്.

പിന്നീട്് അദ്ദേഹം തുടര്‍ പഠനത്തിനായി അമേരിക്കയിലേക്ക് പോയി. അവിടെ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഗണിതതില്‍ ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി.  തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ ഗണിതശാസ്ത്ര സൊസൈറ്റിയുടെ തലവനായി അനേക വര്‍ഷങ്ങള്‍ സേവനം ചെയ്തു.

ഇക്കാലത്ത് ആ രാജ്യം മുഴുവനും ഗണിതശാസ്ത്ര പഠനവും അധ്യാപനവും കാര്യക്ഷമമാക്കാനും ആസ്വാദ്യകരമാക്കാനും അദ്ദേഹം നടപടികള്‍ സ്വീകരിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ഗണിത ശാസ്ത്രജ്ഞരില്‍ ഒരാളാണ് ബെന്‍വെനിദോ നേബ്രെസ്. ഗണിതശാസ്ത്രത്തിലെ അതിന്റെ അധ്യാപന മേഖലയിലുമായി 15 അധികം ശാസ്ത്രീയ ഡോക്യൂമെന്റുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഫിലിപ്പൈന്‍സിന്റെ Engineering and Science Education Project ന് നേതൃത്വം കൊടുത്തു കൊണ്ട് ബെന്‍വെനിദോ രാജ്യത്തെ പ്രാഥമിക- സെക്കണ്ടറി വിദ്യാഭ്യാസ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊണ്ടു. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിലെയും വികസനം എത്തിച്ചേരാത്ത കുഗ്രാമങ്ങളിലെയും വിദ്യാഭ്യാസ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി.

Science and Mathematics of the Commission on Higher Education എന്ന സമിതിയില്‍ അംഗമായി് ഫിലിപ്പൈന്‍സിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്തു. Southeast Asian Mathematical Society യുടെ പ്രസിഡന്റും ദീര്‍ഘകാലം ഫിലിപ്പൈന്‍സിനെ പ്രതിനിധീകരിച്ച് ആ സമിതിയില്‍ അംഗവുമായിരുന്നു. ഈ സമിതി രൂപീകരിക്കുന്നതില്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചു.

മനിലയിലെ ഏറ്റവും പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളെ ഒന്നിച്ചു ചേര്‍ത്ത് ഗണിതശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളെ പരസ്പരം ബന്ധിപ്പിച്ച് പഠിക്കാന്‍ അദ്ദേഹം സാഹചര്യം ഒരുക്കി. ഇത് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ മൂന്നു വിഷയങ്ങളിലും പ്രതിഭ തെളിയിച്ച ശാസ്ത്രജ്ഞരെ വളര്‍ത്തിയെടുക്കാന്‍ സഹായകമായി.

ഇന്നത് 110 സ്‌കൂളുകളും 30 കോളജുകളും സര്‍വകലാശാലകളും ഉള്‍പ്പെടുന്ന വലിയ ഒരു ശൃംഖലയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ ഈ പദ്ധതിയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മനില യൂണിവേഴ്‌സിറ്റിയുടെ തലവനായി 1993 മുതല്‍ അദ്ദേഹം ജോലി ചെയ്തു. ആ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം പ്രസിഡന്റ് എന്ന പദവി അലങ്കരിച്ചത് ബെന്‍വെനിദോ നേബ്രെസ് ആണ്.

ഫ്രഞ്ച് ഗവണ്മെന്റ് നല്‍കുന്ന Ordre des Palmes Académiques 1981 ലും Alumni Hall of Fame of the Asian Activities Center of Stanford University യിലെ അംഗത്വം 1999 ലും ഫ്രഞ്ച് ഗവണ്മെന്റ് നല്‍കുന്ന Officier de L'Ordre National du Mérite 2001 ലും അദ്ദേഹത്തിന് ലഭിച്ചു. 2012 ല്‍ American Mathematical Society യില്‍ അംഗത്വം ലഭിച്ചു. പല സര്‍വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണറേറി ഡോക്ടറേറ്റ് നല്കപ്പെട്ടിട്ടുണ്ട്.

ജെസ്യൂട്ട് സഭയില്‍ അന്‍പതിലധികം വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച അദ്ദേഹം ഈ ജോലികള്‍ക്കിടയിലും സഭാ സംബന്ധമായ ചുമതലകളും വഹിച്ചിട്ടുണ്ട്. ഗണിതത്തെ വളര്‍ത്തുന്നതോടൊപ്പം ഗണിതവും വിശ്വാസവും തമ്മിലുള്ള പാരസ്പര്യം വെളിവാക്കാനും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.ബെന്‍വെനിദോ നേബ്രെസിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും നമുക്കോരോരുത്തര്‍ക്കും മാതൃകയാണ്.

ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.