കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പുക അടങ്ങാൻ ദിവസങ്ങളെടുക്കും. കത്തിയെരിഞ്ഞ മാലിന്യത്തിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന പുക ബ്രഹ്മപുരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ വരെ വ്യാപിച്ചിരിക്കുകയാണ്.
വിഷപ്പുക ശ്വസിച്ചു തീ അണക്കൽ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുട്ടികൾക്കും മുതിർന്നവർക്കും വരെ ചുമയും ശ്വാസതടസം അനുഭവപ്പെട്ടു. നാല് ദിവസം വരെ പുക അന്തരീക്ഷത്തിൽ ഉണ്ടാകുമെന്നാണ് അഗ്നിശമന സേനയിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്.
അതേ സമയം തീ പൂർണമായി അണക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഞായറാഴ്ച വൈകിട്ടോടെ തീ പൂർണമായും അണഞ്ഞെന്ന് അഗ്നിശമന സേന അവകാശപ്പെട്ടെങ്കിലും രാത്രി മാലിന്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് തീ ഉയർന്നത് ആശങ്ക ഉണ്ടാക്കി. ഇത് പിന്നീട് വെള്ളം ഒഴിച്ചു കെടുത്തി.
വെള്ളം തളിക്കൽ ഇന്നും തുടരും. മാലിന്യത്തിനുളിൽ തീയുടെ അംശം ഉണ്ടെങ്കിൽ അതില്ലാതാകുന്നതിനും ചൂട് കുറക്കുന്നതിനുമാണ് ഇത്. ആദ്യം നാവിക സേനയുടെ ഹെലികോപ്റ്ററിൽ ആകാശത്തു നിന്ന് വെള്ളം തളിക്കും. മാലിന്യ കൂനക്ക് മുകളിലെ അന്തരീക്ഷം കൂടി തണുക്കുന്നതിനാണിത്. ശേഷം അഗ്നിശമന സേന മാലിന്യത്തിന് മുകളിലേക്കുള്ള വെള്ളം തളിക്കൽ തുടരും.
തീപിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. ഇന്നലെ ഇവിടേക്ക് വന്ന മാലിന്യ ലോറികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിക്കാൻ കഴിയാത്തതോടെ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.
അന്തരീക്ഷത്തിൽ മലിനമായ പുക ഇപ്പോഴും തങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും സ്കൂളുകൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് വരെയുള്ള ക്ലാസുകൾക്കാണ് അവധി. ഏഴിന് മുകളിലുള്ള ക്ലാസുകൾക്ക് അവധി നൽകാത്തതിൽ കളക്ടറുടെ ഫേസബുക്ക് പോസ്റ്റിന് താഴെ പരാതി പ്രവാഹമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.