മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ സായുധ സംഘം തട്ടിക്കൊണ്ടുപോയ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ വെടിയേറ്റു മരിച്ചു. നാലുപേരില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതായും അമേരിക്കയിലെത്തിച്ചതായും മെക്സിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. മറ്റ് രണ്ട് അമേരിക്കക്കാരെ രക്ഷപ്പെടുത്താനായി. ഇവര്‍ സ്വദേശത്ത് തിരിച്ചെത്തി.
അമേരിക്കയിലെ ടെക്സസില്‍ നിന്ന് കാറില്‍ മെക്സിക്കോയിലേക്ക് വന്ന നാല് പേരെയാണ് മാര്‍ച്ച് മൂന്നിന് സായുധ സംഘം അതിര്‍ത്തിയില്‍വെച്ച് തട്ടിക്കൊണ്ടു പോയത്. വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയും, തോക്ക് ചൂണ്ടി ഇവരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.
മെക്സിക്കോയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ടമൗലിപാസിലെ മാറ്റമോറോസ് നഗരത്തിലേക്കാണ് അമേരിക്കന്‍ പൗരന്മാര്‍ യാത്ര പോയത്. കോസ്മെറ്റിക് ശസ്ത്രക്രിയക്ക് വേണ്ടിയാണ് ഇവര്‍ മെക്സിക്കോയിലേക്ക് പോയതെന്നാണു റിപ്പോര്‍ട്ടുകള്‍.
സംഭവവുമായി ബന്ധപ്പെട്ട് 24 വയസുകാരനായ ജോസ് എന്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിയ പുരുഷനെയും സ്ത്രീയെയും വന്‍ സുരക്ഷാ വലയത്തിലാണ് അമേരിക്കയിലേക്ക് കൊണ്ടുപോയത്. ഇവരിലൊരാള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ സംഭവത്തില്‍ ഖേദപ്രകടനം നടത്തി. രാജ്യത്ത് സമാധനാന്തരീക്ഷം നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവം നടന്ന സംസ്ഥാനമായ ടമൗലിപാസിന്റെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്നത് മയക്കുമരുന്ന് മാഫിയകളാണ്. അതിനാല്‍ തന്നെ സംഭവത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളാണെന്ന വാര്‍ത്തകളും ഉയരുന്നുണ്ട്.
കോസ്മെറ്റിക്ക് സര്‍ജറിക്കായി ഓരോ വര്‍ഷവും ഒരു ദശലക്ഷത്തോളം അമേരിക്കക്കാര്‍ മെക്‌സിക്കോയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. അമേരിക്കയെ അപേക്ഷിച്ച് ഇത്തരം ചികിത്സകള്‍ക്ക് മെക്സിക്കോയില്‍ ചെലവ് കുറവാണ് എന്നതാണ് ആളുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്. മെക്സിക്കോയിലെ 30 ല്‍ അധികം സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളാണ് കോസ്മെറ്റിക്ക് ചികിത്സ പ്രദാനം ചെയ്യുന്നത്.
അതേസമയം നിരന്തരമായുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാന്‍ മെക്സിക്കോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
മെക്‌സിക്കോയില്‍ മയക്കുമരുന്ന് മാഫിയകള്‍ നിരന്തരമായി പിളരുകയും അങ്ങനെയുണ്ടാകുന്ന ചെറിയ സംഘങ്ങള്‍ വളര്‍ന്ന് വലുതാവുകയും ചെയ്യുന്നു. ഇവര്‍ പരസ്പരം സഖ്യങ്ങള്‍ ഉണ്ടാക്കുന്നതും പരസ്പരം പോരാടിക്കുന്നതും പതിവാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.