ആശ്രമത്തിൽ സഹായത്തിനായ് വന്നതാണാ വ്യക്തി. അയാൾ സ്വയം പരിചയപ്പെടുത്തിയത് കേട്ടപ്പോൾ വിഷമവും ആകാംക്ഷയുമായി. അയാൾ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: ''അച്ചാ, ഞാനുമൊരു വൈദികനായിരുന്നു. പൗരോഹിത്യം ഉപേക്ഷിച്ച് ഭൗതിക ആകർഷങ്ങളിൽ ലയിച്ചു ജീവിച്ച്, വിവാഹിതനായി. ഞാനിപ്പോഴുമോർക്കുന്നു; എൻ്റെ തെറ്റായ ജീവിതശൈലിയും എടുത്തുചാട്ടവും അഭിവന്ദ്യ പിതാവിനെ ദു:ഖിതനാക്കി. ആദ്യം സ്നേഹത്തോടെയും പിന്നീട് ശകാരിച്ചും എന്നെ നേർവഴിക്ക് നയിക്കാൻ അദ്ദേഹം ആവുന്നത്ര പരിശ്രമിച്ചു. എന്നാൽ എനിക്കത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ആയിടെ ഞാൻ വായിച്ച പുസ്തകങ്ങളും അന്യനാട്ടിലുള്ള ചില സ്നേഹിതരുടെ സ്വാധീനവും എന്നെ വഴിതെറ്റിച്ചു. സഭാവിരോധവും ദൈവനിഷേധവും ക്രമേണ എന്നിൽ കയറിക്കൂടി.
പൗരോഹിത്യം ഉപേക്ഷിച്ച ഞാൻ പിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തി. ഞങ്ങൾ അന്യസംസ്ഥാനത്തേക്ക് കുടിയേറി. ആദ്യമൊക്കെ കുടുംബജീവിതം സന്തോഷപ്രദമായിരുന്നെങ്കിലും പതുക്കെ പതുക്കെ അസ്വസ്ഥത രൂപപ്പെട്ടു തുടങ്ങി. ഭാര്യയുടെ ചില പ്രവൃത്തികൾ എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല എന്നെ സദാ വിമർശിക്കുന്ന അവളുടെ നയവും എന്നെ ദു:ഖിതനാക്കി. ചുരുക്കിപ്പറഞ്ഞാൽ ജീവിതം മുഴുവനും ദുരിതക്കയമായി മാറി. തകർച്ചകളിൽ നിന്നും തകർച്ചകളിലേക്കാണ് ഞാൻ നിപതിച്ചത്. ഉണ്ടായിരുന്ന ജോലി എനിക്ക് നഷ്ടമായി. ഭാര്യക്കിപ്പോൾ ക്യാൻസറാണ്. തുടർ ചികിത്സക്ക് പണമില്ല. എല്ലാ ആശ്രയവും നഷ്ടപ്പെട്ടപ്പോൾ സഹപാഠികളായ പലവൈദികരെയും സമീപിക്കേണ്ടി വന്നു. എൻ്റെ ദുരവസ്ഥ കണ്ട് അവർ പലരും പൊട്ടിക്കരഞ്ഞുപോയി." അയാൾ വിതുമ്പിക്കൊണ്ടാണ് കഥയവസാനിപ്പിച്ചത്.
എന്തെങ്കിലും സഹായം തരണമെന്ന അപേക്ഷ മാനിച്ച് ഞാൻ നൽകിയ പണം സ്വീകരിച്ച് അയാൾ മടങ്ങി. ആശ്രമത്തിൻ്റെ പടിയിറങ്ങി, അയാൾ നടന്നു മറഞ്ഞപ്പോൾ എൻ്റെ മനസിൽ വന്നത് ഇന്ന് വായിച്ച ദൈവ വചനമായിരുന്നു: "യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല" (ലൂക്കാ 9 :62). ആരെയും വിധിക്കാനും പഴിചാരാനും വേണ്ടിയല്ല ഈ അനുഭവം ഇവിടെ കുറിച്ചത്. മറിച്ച്, നമ്മുടെ ജീവിതാന്തസുകളിൽ പ്രലോഭനങ്ങളും ക്ലേശങ്ങളും ഇടർച്ചകളുമുണ്ടാകുമ്പോൾ തിരഞ്ഞെടുപ്പുകളിൽ കൂടെയുണ്ടായിരുന്ന ക്രിസ്തുവിനെ ഒരിക്കലും മറക്കരുത് എന്ന് ഓർമപ്പെടുത്താനാണെന്നു മാത്രം.
ഫാദർ ജെൻസൺ ലാസലെറ്റ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26