കരാറുകള്‍ തീരുമാനിക്കുന്നത് സിപിഎം നേതാക്കള്‍; മേയര്‍ നോക്കുകുത്തിയെന്ന് ടോണി ചമ്മണി

കരാറുകള്‍ തീരുമാനിക്കുന്നത് സിപിഎം നേതാക്കള്‍; മേയര്‍ നോക്കുകുത്തിയെന്ന് ടോണി ചമ്മണി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് കരാറില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടോണി ചമ്മണി. മേയറെ നോക്കുകുത്തിയാക്കി സി.പി.എം നേതാക്കളാണ് കൊച്ചി കോര്‍പ്പറേഷനിലെ പ്രധാനപ്പെട്ട കരാറുകള്‍ തീരുമാനിക്കുന്നതെന്ന് ടോണി ആരോപിച്ചു.

അഭിഭാഷകനായ ഒരാള്‍ കൊച്ചി മേയറായിരിക്കുമ്പോള്‍ തന്നെ കരാര്‍ നിബന്ധനകളുടെ നഗ്നമായ ലംഘനമുണ്ടായിരിക്കുകയാണ്. മറ്റ് ചില കരാറുകളിലെ അഴിമതി ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാല്‍ പുറത്തുവിടാമെന്നും അദ്ദേഹം പറഞ്ഞു. മേയറോട് വ്യക്തിപരമായി അറിയിക്കുകയും സെക്രട്ടറിക്ക് കത്തു നല്‍കുകയും ചെയ്തു. അദ്ദേഹമത് പുച്ഛിച്ചു തള്ളി. പാര്‍ട്ടി നേതാക്കന്മാര്‍ക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി എല്ലാ വഴിവിട്ട കാര്യങ്ങള്‍ക്കും

കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും ടോണി ചമ്മണി പറഞ്ഞു. മേയര്‍ക്കും സെക്രട്ടറിക്കുമെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിക്ക് പരാതി കൊടുത്താല്‍ അവരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രഹ്മപുരത്ത് മാലിന്യസംസ്‌കരണ കാരാര്‍ ലഭിച്ച കമ്പനി, പ്ലാന്റിന് അകത്തെ വഴികളില്‍ പോലും മാലിന്യം നിറച്ചു. ഇത് തീപ്പിടിച്ച ഭാഗത്തേക്ക് അഗ്നിരക്ഷാ സേനയുടെ എന്‍ജിനുകള്‍ക്ക് കയറാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയെന്നും ടോണി പറയുന്നു. തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കരാര്‍ കമ്പനിയുടെ നടപടികള്‍ കാരണമായി. അവിടെ മാലിന്യസംസ്‌കരണം നടന്നിട്ടില്ല. സാമാന്യബുദ്ധിയില്‍പ്പോലും ആലോചിക്കാന്‍ പറ്റാത്ത ക്രമവിരുദ്ധമായ കാര്യങ്ങളാണ് കോര്‍പ്പറേഷനില്‍ ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.