അമേരിക്കയിലെ പ്രമുഖ ഇന്‍ഷുറന്‍സ് ഏജന്‍സിയില്‍ ഡേറ്റ മോഷണം; നിരവധി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

അമേരിക്കയിലെ പ്രമുഖ ഇന്‍ഷുറന്‍സ് ഏജന്‍സിയില്‍ ഡേറ്റ മോഷണം; നിരവധി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

വാഷങ്ടണ്‍: അമേരിക്കയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ ഡിസി ഹെല്‍ത്ത് കെയറിനെതിരേ സൈബര്‍ ആക്രമണം. കമ്പനിയുടെ ആയിരത്തിലധികം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. ഇതില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടുന്നതായി ഹൗസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കാതറിന്‍ സ്പിന്‍ഡോറിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിഗത വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക്ക് വെബിലൂടെ പുറത്തുവിട്ടതായി എഫ്ബിഐ ഇത് കണ്ടെത്തി.

ചൊവ്വാഴ്ച നടന്ന ഡേറ്റ മോഷണം എഫ്ബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ജനപ്രതിനിധി സഭയിലെ അംഗങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു സൈബര്‍ ആക്രമണം എന്ന് കരുതുന്നില്ലെന്ന് കാതറിന്‍ സ്പിന്‍ഡോര്‍ പറഞ്ഞു.

ഡേറ്റ മോഷണത്തില്‍ ഫോറന്‍സിക് അന്വേഷകരുമായും നിയമപാലകരുമായും സഹകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ഡിസി ഹെല്‍ത്ത് അറിയിച്ചു. എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യ വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനി വക്താവ് പറഞ്ഞു.

അതേസമയം, യു.എസ്. ജനപ്രതിനിധി സഭയിലെ എത്ര അംഗങ്ങളെ സൈബര്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

ഡിസി ഹെല്‍ത്ത് ലിങ്കിന്റെ ഡാറ്റകള്‍ ഒരു സൈബര്‍ ക്രൈം പ്ലാറ്റ്‌ഫോമില്‍ വിറ്റതായി അജ്ഞാത ഉറവിടത്തില്‍നിന്ന് അവകാശവാദം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍ ഉള്‍പ്പെടെ 170,000 ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിച്ചതായാണ് അവര്‍ അവകാശപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.