പെര്‍ത്തില്‍ ആണവ അന്തര്‍വാഹനികള്‍ക്ക് താവളമൊരുങ്ങും; ഓകസ് കരാര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ത്രിരാഷ്ട്ര നേതാക്കള്‍; 368 ബില്യണ്‍ ഡോളര്‍ പദ്ധതി

പെര്‍ത്തില്‍ ആണവ അന്തര്‍വാഹനികള്‍ക്ക് താവളമൊരുങ്ങും; ഓകസ് കരാര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി ത്രിരാഷ്ട്ര നേതാക്കള്‍; 368 ബില്യണ്‍ ഡോളര്‍ പദ്ധതി

ഓസ്ട്രേലിയന്‍ പ്രതിരോധ മേഖലയിലെ ഏറ്റവും ചെലവേറിയ പദ്ധതി

കാലിഫോര്‍ണിയ: ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ഓകസ് ത്രിരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി ഓസ്‌ട്രേലിയ നിര്‍മിക്കുന്ന ആണവ അന്തര്‍വാഹിനി നിര്‍മാണ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. അമേരിക്ക, ബ്രിട്ടണ്‍, ഓസ്ട്രേലിയ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരായ ജോ ബൈഡന്‍, റിഷി സുനക്, ആന്റണി അല്‍ബനീസി എന്നിവര്‍ സംയുക്തമായാണ് കാലിഫോര്‍ണിയയില്‍ വച്ച് പ്രഖ്യാപനം നടത്തിയത്.

ഓകസ് പ്രതിരോധ ഉടമ്പടി പ്രകാരം അമേരിക്കയുടെയും ബ്രിട്ടന്റെയും സാങ്കേതിക സഹായത്തോടെയാണ് ഓസ്ട്രേലിയ ആദ്യമായി ആണവ അന്തര്‍വാഹനി നിര്‍മിക്കുന്നത്.

ഓസ്ട്രേലിയയുടെ ആണവ അന്തര്‍വാഹിനി പദ്ധതിക്ക് അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ 368 ബില്യണ്‍ ഡോളര്‍ വരെ ചിലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ എട്ടു ബില്യണ്‍ ഡോളര്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള നാവിക താവളമായ എച്ച്എംഎഎസ് സ്റ്റെര്‍ലിംഗ് നവീകരിക്കുന്നതിനായി ചെലവഴിക്കും. ഇവിടെ അന്തര്‍വാഹിനികള്‍ക്ക് താവളമൊരുക്കും.

അടുത്ത ദശകത്തിന്റെ തുടക്കത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ മൂന്ന് സെക്കന്‍ഡ് ഹാന്‍ഡ് വിര്‍ജീനിയ ക്ലാസ് ആണവ അന്തര്‍വാഹിനികള്‍ അമേരിക്കയില്‍ നിന്നു വാങ്ങാനും ലക്ഷ്യമിടുന്നുണ്ട്.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അമേരിക്കയും യുകെയും ഓസ്ട്രേലിയയും ചേര്‍ന്ന് ഒരു പുതിയ അന്തര്‍വാഹിനി നിര്‍മിക്കും. 2040-നും 2050-നും ഇടയില്‍ ഓരോ രണ്ട് വര്‍ഷത്തിലും ഒരു അന്തര്‍വാഹിനി വീതം ഓസ്‌ട്രേലിയയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും കരാറിലുണ്ട്. 2027 മുതല്‍ നാല് യുഎസ് അന്തര്‍വാഹിനികളും യുകെയില്‍ നിന്നുള്ള ഒരെണ്ണവും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലൂടെ ഒഴുകാന്‍ ആരംഭിക്കും.

ആണവ രഹിത രാജ്യമെന്ന ഓസ്ട്രേലിയയുടെ പ്രതിബദ്ധതയെ ഈ കരാര്‍ അപകടത്തിലാക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.



കരാര്‍ ഇന്തോ-പസഫിക് മേഖലയിലെ സമാധാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അന്തര്‍വാഹിനികള്‍ ആണവശക്തിയുള്ളതാണെങ്കിലും ആണവായുധങ്ങളല്ലെന്നും ജോ ബൈഡന്‍ പറഞ്ഞു.

ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെ സൈനിക ശേഷിയില്‍ കരാര്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കും. ആണവ അന്തര്‍വാഹിനികളുടെ നിര്‍മ്മാണത്തോടനുബന്ധിച്ച് ഓസ്ട്രേലിയയില്‍ 30 വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

യുകെ കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവും അത്യന്താധുനിക ആണവ അന്തര്‍വാഹിനി നിര്‍മാണ സാങ്കേതികവിദ്യ ലഭിക്കുന്ന രണ്ടാമത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി.

അന്തര്‍വാഹിനികള്‍ക്ക് രാജ്യത്തെ നിലവിലുള്ള ഡീസല്‍ എഞ്ചിന്‍ കപ്പലുകളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, കൂടാതെ ശത്രുക്കള്‍ക്കെതിരെ ദീര്‍ഘദൂര ആക്രമണം നടത്താനും കഴിയും.

കരാര്‍ പ്രകാരം, ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കാന്‍ ഈ വര്‍ഷം മുതല്‍ ഓസ്ട്രേലിയന്‍ നാവികരെ യുഎസ്, യുകെ അന്തര്‍വാഹിനി താവളങ്ങളിലേക്ക് അയയ്ക്കും.

ഓസ്ട്രേലിയയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നിക്ഷേപമാണ് ഈ പദ്ധതിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു. ഓസ്ട്രേലിയന്‍ കപ്പല്‍ശാലകളില്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത് ആയിരക്കണക്കിന് പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായനയ്ക്ക്: 

ആണവ അന്തര്‍വാഹിനി കരാര്‍ പ്രഖ്യാപനം നാളെ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അമേരിക്കയില്‍; വരുന്നത് വന്‍ തൊഴിലവസരങ്ങള്‍

എന്തുകൊണ്ട് ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനി?

ഓസ്ട്രേലിയയും യു.എസും ബ്രിട്ടനും ചേര്‍ന്ന് ചൈനക്കെതിരേ ത്രിരാഷ്ട്ര സഖ്യം; ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ തീരുമാനം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.