'ഈ ഭക്ഷണം കഴിക്കരുതേ'; വിരുദ്ധാഹാരങ്ങളെ അറിയാം!

'ഈ ഭക്ഷണം കഴിക്കരുതേ'; വിരുദ്ധാഹാരങ്ങളെ അറിയാം!

ആരോഗ്യം ലക്ഷ്യംവെച്ചാണ് നാം ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ഇതേ ഭക്ഷണത്തിന് തന്നെ അനാരോഗ്യമുണ്ടാക്കാനും സാധി്ക്കും. ആരോഗ്യകരമായ ഭക്ഷണവും അനോരോഗ്യകരമായ ഭക്ഷണവുമുണ്ട്. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമെങ്കിലും കഴിക്കുന്ന നേരവും തരവുമെല്ലാം ദോഷം ചെയ്തെന്നു വരാം.

ചില പ്രത്യേക ഭക്ഷണങ്ങള്‍ മററു ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് ആരോഗ്യപരമായി പല ദോഷങ്ങളും വരുത്തുന്നു. ആയുര്‍വേദം ഇത്തരം ആഹാര ക്രമങ്ങളെക്കുറിച്ചു പറയുന്നുണ്ട്. വിരുദ്ധാഹാരം എന്നാണ് ഇതറിയപ്പെടുന്നത്. അതായത് ചില പ്രത്യേക ഭക്ഷണങ്ങള്‍ ചില പ്രത്യേക തരത്തില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. ഇത്തരത്തില്‍ പലരും അറിവില്ലായ്മ കൊണ്ട് വിരുദ്ധാഹാരങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷ്യവിഷബാധയോ അല്ലങ്കില്‍ മറ്റു പ്രശ്‌നങ്ങളോ വരുമ്പോഴാണ് ശ്രദ്ധിക്കുന്നത്.

ഇത്തരം വിരുദ്ധാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ആഴത്തില്‍ പ്രതികൂലമായി ബാധിക്കും. അതിനാല്‍ വിരുദ്ധാഹാരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വിരുദ്ധാഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

ബീഫും പാലും

ബീഫ് ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാകില്ല. പൊറോട്ടയും കൂട്ടി ബീഫ് കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. എന്നാല്‍ ബീഫും പാലും ഒന്നിച്ചു കഴിക്കാറുണ്ടെങ്കില്‍ അതത്ര നല്ലതല്ല. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ ഒന്നിച്ചു കഴിക്കുന്നതിലൂടെ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യം തന്നെ പ്രതിസന്ധിയിലാകും. ചില ആളുകളില്‍ ഇത് ദഹന പ്രശ്‌നങ്ങളും അലര്‍ജിയും ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ഒരിക്കലും ബീഫും പാലും ഒന്നിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബീഫും ശര്‍ക്കരയും

ബീഫും ശര്‍ക്കരയും ഒരുമിച്ച് കഴിക്കുമോ ആരെങ്കിലും? എന്നാല്‍ ഭക്ഷണത്തില്‍ പുതുമ പരീക്ഷിക്കുന്നവര്‍ ഇവ എല്ലാം ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ളവര്‍ ബീഫും ശര്‍ക്കരയും ഒന്നിച്ച് കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഒരിക്കലും ഈ രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളും ഒന്നിച്ചു കഴിക്കുകയോ അല്ലെങ്കില്‍ ഒന്നിച്ചു പാചകം ചെയ്യുകയോ അരുത്.

മത്സ്യവും മോരും

ഉച്ചക്ക് ഊണിനൊപ്പം മോര് കൂട്ടി കഴിക്കുന്നവരായിരിക്കും പലരും. മീനുണ്ടെങ്കിലും ഒപ്പം മോരും ശീലമുളളവരാണ് മലയാളികള്‍. എന്നാല്‍ മീനും മോരും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം മീനും മോരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

റാഡിഷ്, പാല്‍

പച്ചക്കറികളും പാലും ആരോഗ്യകരമെങ്കിലും ചിലത് ഒരുമിച്ചു കഴിച്ചാല്‍ ഏറെ ദോഷം വരുത്തുന്നവയാണ്. റാഡിഷ് പോലുള്ളവ കഴിക്കുന്നതിനൊപ്പം പാല്‍ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇവ കഴിച്ച് കുറച്ച് നേരം കഴിഞ്ഞതിന് ശേഷം, അതായത് ഏകദേശം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് പാല്‍ കുടിക്കുകയാകും ഉചിതം.

തേനും നെയ്യും

തേനും നെയ്യും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. അടുക്കളയിലെ തേന്‍ കുപ്പി നാക്കോട് ചേര്‍ത്ത് ചെരിച്ച് പിടിച്ച് ഒരു തുള്ളി തേന്‍ ഇറ്റി വീഴാന്‍ കാത്തിരിക്കാത്തവരായിട്ട് ആരും ഉണ്ടാകില്ല. അതു പോലെത്തന്നെ നെയ്യും. നെയ് കുപ്പിയില്‍ നിന്ന് ചൂണ്ടു വിരലില്‍ കുറച്ചെടുത്ത് സ്വാദോടെ നുണയാത്തവരായിട്ട് നമ്മളില്‍ ചുരുക്കം ചിലരേ ഉണ്ടാകുകയുള്ളു. എന്നാല്‍ ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം, നെയ്യും തേനും രണ്ടും വിരുദ്ധാഹാരങ്ങളാണ്.

തൈരും ചിക്കനും

പലപ്പോഴും ചിക്കനും തൈരും നമ്മള്‍ ഒന്നിച്ചു കഴിക്കുന്നവരാണ്. ഹോട്ടലില്‍ ഒരു ചിക്കന്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ കല്യാണ വീട്ടില്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍ തൈരും സാമ്പാറും ചിക്കനും ബീഫും എല്ലാം ഒന്നിച്ച് ഉണ്ടാകും. പലപ്പോഴും ചിക്കന്റെ കൂടെ തൈരും കൂട്ടി കഴിക്കാനാണ് നമ്മലില്‍ പലരും താല്‍പര്യപ്പെടാറ്.

എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ആരോഗ്യപരമായി ഏറ്റവും വലിയ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ചിക്കനും തൈരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രുണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ട് ഇവ രണ്ടും ഒന്നിച്ച് കഴിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.

വിരുദ്ധമായ ആഹാരം വിഷം പോലെയോ കൂട്ടുവിഷം പോലെയോ ആണ്. ദഹനാനന്തരം ഈ വിഷം രസാദികളായ ധാതുക്കളെയൊക്കെ വിഷലിപ്തമാക്കുന്നു. അങ്ങിനെ ധാതുക്കള്‍ക്ക് വിപരീത ഗുണമുള്ളതായി മാറും. ശരീരത്തിന് ഹാനികരമായതെന്തും ആമാശയത്തിലേക്കു ചെന്നുപെട്ടാല്‍ അതിനെ ഛര്‍ദി രൂപേണയോ അതിസാര രൂപേണയോ പുറത്തുകളയാനുള്ള നൈസര്‍ഗികമായ കഴിവ് ശരീരത്തിനുണ്ട്. എന്നാല്‍ വിരുദ്ധാഹാരങ്ങളുടെ ഉപയോഗത്തില്‍ ശരീരത്തിന്റെ ഈ കഴിവ് അശക്തമാകുകയും ആഹാരരസവും, മറ്റ് ദോഷങ്ങളും അതുകൊണ്ടുതന്നെ ഉള്ളില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് അപ്പോള്‍തന്നെയോ ദീര്‍ഘകാലം കൊണ്ടോ രോഗങ്ങളെ ഉണ്ടാക്കും.

ആയുര്‍വേദത്തിലെ ചരകസംഹിത, സുശ്രുത സംഹിത തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളൊക്കെയും വിരുദ്ധാഹാരങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അറിഞ്ഞും അറിയാതെയും സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികളും വിരുദ്ധാഹാരങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നതാണു സത്യം.

ഉദാഹരണത്തിന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍, പാല് കുടിച്ചുകൊണ്ടിരിക്കുന്ന ശിശുവിനെ വാത്സല്യപൂര്‍വം അടുത്തുവിളിച്ച് മീന്‍ ചേര്‍ത്ത ചോറുരുള വായിലേക്കു വച്ചുകൊടുക്കുന്നത് ശിശുക്കളുള്ള മിക്ക ഗൃഹങ്ങളിലും ഒരു സാധാരണ കാഴ്ചയാണ്. ആയുര്‍വേദ വിരുദ്ധാന്ന വിജ്ഞാനപ്രകാരം, പാലും മീനും ഒരുമിക്കുന്നത് വിരുദ്ധാഹാരമാണ്. കുട്ടിയുടെ ആമാശയത്തിലെ പാലും ഉടനെ ചെല്ലുന്ന മീനും തമ്മില്‍ കലരുന്നതോടെ അത് വിഷരൂപമാകും.

പലതവണ ഇങ്ങിനെ സംഭവിക്കുന്നുവെന്നു സങ്കല്‍പ്പിക്കുക. കുട്ടിക്കു പനിയോ, ശ്വാസംമുട്ടോ, ഛര്‍ദിയോ, വയറിളക്കമോ, ത്വക്ക് രോഗങ്ങളോ, വിശപ്പില്ലായ്മയോ ഒക്കെ സംഭവിക്കുന്നു. ഈ രോഗങ്ങളെ കുട്ടി കഴിച്ച പാലും മീനുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കാറില്ല. ഇതുസംബന്ധിച്ചുള്ള ആയുര്‍വേദ വീക്ഷണം ഇനി പറയാം. പാല്‍ ശീതവീര്യവും മത്സ്യം ഉഷ്ണവീര്യവുമാണ്. വീര്യത്തിലെ ഈ പരസ്പരവിരുദ്ധത്വം കുട്ടിയുടെ ആമാശയത്തില്‍ പുതിയൊരു വിഷരൂപം ജനിപ്പിക്കുന്നു. അത് ദഹനാനന്തരം രക്തത്തില്‍ കലര്‍ന്ന് ശരീരമാകെ പ്രസരിക്കുന്നു.

മുതിര്‍ന്നവരും ഇക്കാര്യത്തില്‍ മോശക്കാരല്ല. മത്സ്യം കൂട്ടി ഊണുകഴിച്ചിട്ട് അതു ദഹിക്കും മുമ്പ് പാലോ, പാല്‍ ചേര്‍ത്ത ചായയോ കാപ്പിയോ, പാലുല്‍പ്പന്നമായ ഐസ്‌ക്രീമോ കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഇവര്‍ക്കും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ഉണ്ടാകും. രോഗപ്രതിരോധശേഷിയാകട്ടെ ഈ വിരുദ്ധാഹാരം സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള മല്‍പ്പിടുത്തത്തില്‍പ്പെട്ട് ക്ഷീണിതമാകുന്നു. ആയതിനാല്‍ ഒരു കൊതുകു കടിച്ചാല്‍ ചിക്കുന്‍ ഗുനിയയോ, ഡെങ്കിപ്പനിയോ ഒക്കെ ബാധിക്കാന്‍ പാകത്തില്‍ ന്യൂനവ്യാധിക്ഷമത്വത്തില്‍ അയാള്‍ പീഡിതനാകുന്നു.

ഇനി, വിരുദ്ധാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അതു രോഗമുണ്ടാക്കണമെന്നില്ല. ഭക്ഷണം കഴിക്കുന്നതിനുമേല്‍ വീണ്ടും ഭക്ഷണം കഴിക്കുക (അധ്യശനം), ദഹനവൈഷമ്യം ഉണ്ടായിരിക്കുക (അജീര്‍ണം) എന്നിങ്ങനെയുള്ള വിരുദ്ധാന്ന ശീലികള്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.