തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരാത്ത പൊതുവിഭാഗം കാർഡുകാരുടെ ഭക്ഷ്യധാന്യ വിഹിതം വീണ്ടും കുറയ്ക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സ്ഥിരമായി റേഷൻ വാങ്ങാത്ത വെള്ളക്കാർഡുകാരുടെ കണക്ക് കേന്ദ്രം ശേഖരിച്ചുതുടങ്ങി.
സംസ്ഥാനത്ത് 28.75 ലക്ഷം വെള്ളക്കാർഡുകളാണുള്ളത്. ഇതിൽ സ്ഥിരമായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തി വിഹിതത്തിൽ കുറവ് വരുത്താനാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം.
ഭക്ഷ്യഭദ്രതാ നിയമം വരുന്നതിന് മുമ്പ് കേരളത്തിനുള്ള പ്രതിവർഷ ധാന്യവിഹിതം 16.04 ലക്ഷം ടണ്ണായിരുന്നു. ഇപ്പോഴത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. നിയമ പരിധിയിൽ വരുന്ന മഞ്ഞ, പിങ്ക് കാർഡുകളിൽപ്പെട്ട 41.43 ലക്ഷത്തോളം കുടുംബങ്ങൾക്ക് നൽകാൻ ഇതിൽ 10.25 ലക്ഷം ടൺ ഭക്ഷ്യധാന്യം വേണം. ബാക്കി വരുന്ന നാലുലക്ഷം ടണ്ണാണ് പൊതുവിഭാഗത്തിൽപ്പെട്ട നീല, വെള്ളക്കാർഡുകാർക്കായി നൽകുന്നത്.
23 ലക്ഷം വരുന്ന നീലക്കാർഡുകളിലെ ഓരോ അംഗത്തിനും മാസം രണ്ട് കിലോ അരി സംസ്ഥാനം സബ്സിഡി നിരക്കിൽ ഉറപ്പാക്കുന്നുണ്ട്. രണ്ട് കിലോ മുതൽ 10 കിലോ വരെയാണ് വെള്ളക്കാർഡിന് വിഹിതം നൽകുന്നത്. ഈ മാസം എട്ടുകിലോയാണ് നൽകിയത്. വെള്ളക്കാർഡിന് പ്രതിമാസം 10 കിലോയെങ്കിലും വീതം നൽകാൻ കഴിയുന്ന തരത്തിൽ വിഹിതമുയർത്തണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം.
അതേസമയം സ്ഥിരമായി ഭക്ഷ്യധാന്യം വാങ്ങാത്ത വെള്ളക്കാർഡുകാരുടെ കണക്കെടുക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ വ്യാജ പ്രചാരണവും തുടങ്ങി. റേഷൻ വാങ്ങിയില്ലെങ്കിൽ വെള്ളക്കാർഡുകൾ റദ്ദാക്കുമെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇത് വ്യാജമാണെന്നും ആരുടെയും കാർഡുകൾ റദ്ദാക്കില്ലെന്നും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റേഷൻ കാർഡ് ആധികാരിക രേഖയായി കണക്കാക്കുന്നതിനാൽ റദ്ദാക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.