തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസകാര നിര്‍ണയം ഇത്തവണയും രണ്ട് ഘട്ടങ്ങലിലൂടെ. രണ്ട് പ്രാഥമിക ജൂറികളും അന്തിമ വിധി നിര്‍ണയ സമിതിയുമാണ് പുരസ്‌കാര നിര്‍ണയത്തിന് ഉണ്ടാവുക. ജൂറി അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ 154 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.
മത്സരിക്കാനുള്ള ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നാല് ചിത്രങ്ങളുണ്ട്. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് 'മയക്കം' കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസുകൊട്', തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്ക എന്നിങ്ങനെ നിരവധി സിനിമകളാണ് ലിസ്റ്റിലുള്ളത്. ഇത്രയേറെ സിനിമകള്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നത് സര്‍വകാല റെക്കോര്‍ഡാണ്.
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'നന്‍പകല്‍ നേരത്ത് മയക്കവും' തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയും പല ചലച്ചിത്ര മേളകളിലും ഇതിനോടകം തന്നെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. മലയാള സിനിമയിലെ എല്ലാ പ്രമുഖ താരങ്ങളുടെയും ചിത്രങ്ങള്‍ ഇത്തവണ പുരസ്‌കാര വേളയിലെത്തുന്നുണ്ട്.
റിലീസ് ചെയ്ത ചിത്രങ്ങളേക്കാള്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍ മത്സരത്തിനുണ്ട് എന്നതും മറ്റൊരു പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ റിലീസിനെത്താത്ത പല ചിത്രങ്ങളും അവസാന റൗണ്ട് വരെയെത്തി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. പ്രാഥമിക ജൂറി 77 ചിത്രങ്ങള്‍ വീതമാകും കാണുക. അന്തിമ ജൂറിയ്ക്ക് മുന്നില്‍ 30 ശതമാനം ചിത്രങ്ങള്‍ മാത്രമാകും എത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v