പ്രധാനമന്ത്രി എന്ത് വൃത്തികേടും ചെയ്യുന്ന ആള്‍; ഗാന്ധിയെ കൊന്നവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ മര്യാദ പ്രതീക്ഷിക്കേണ്ട: വെല്ലുവിളിച്ച് എം.എം മണി

പ്രധാനമന്ത്രി എന്ത് വൃത്തികേടും ചെയ്യുന്ന ആള്‍; ഗാന്ധിയെ കൊന്നവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ മര്യാദ പ്രതീക്ഷിക്കേണ്ട: വെല്ലുവിളിച്ച് എം.എം മണി

ഇടുക്കി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം മണി. എന്ത് വൃത്തികേടും നടപ്പിലാക്കുന്ന പ്രധാനമന്ത്രിയാണ് മോഡിയെന്നും അതുകൊണ്ട് തന്നെ രാഹുലിനെതിരായ നടപടിയില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത് അസംബന്ധമാണ്. അദ്ദേഹത്തെ ശിക്ഷിക്കാന്‍ ഒരുന്യായവുമില്ല. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും എം.എം മണി മാധ്യമങ്ങളോട് പറഞ്ഞു.

കൂട്ടത്തില്‍ ആര്‍.എസ്.എസിന്റെ അജണ്ടയാണ് കേന്ദ്രത്തില്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണ്. ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കാന്‍ മോഡിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്ക ചെയ്ത ഭരണാധികാരിയാണ് നരേന്ദ്ര മോഡി എന്നാണ് തനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് ന്യൂപക്ഷക്കാരെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. ശിക്ഷിച്ച കേസില്‍ പ്രതികളെ സര്‍ക്കാര്‍ തീരുമാനിച്ച് മോചിപ്പിച്ചതും മോഡിയാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍.എസ്.എസും എന്തുവൃത്തികേടും ചെയ്യുമെന്നും എം.എം മണി തുറന്നടിച്ചു.

മഹാത്മാ ഗാന്ധിയെ കൊന്നത് ന്യായമാണെന്ന് വാദിക്കുന്ന കള്ളപ്പരിശകളല്ലേ ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. ഹിന്ദുക്കളിലെ സവര്‍ണമേധാവികള്‍ക്ക് വേണ്ടി നിന്നു. ഹിന്ദു ജനവിഭാഗങ്ങളിലെ അവശത അനുഭവിക്കുന്നവര്‍ക്കെതിരെ നിലപാടെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംകളെ കൊന്നുതള്ളി. ക്രിസ്ത്യാനികളെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുന്നു. മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടും. ഇത്തരം പണിയാണ് മോഡി ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെയുള്ള ആളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. എന്നാല്‍ തന്നെയേയും ശിക്ഷിച്ചോട്ടെ, രാഹുല്‍ ഗാന്ധി ഇത്രേം കഠിനമായി പറഞ്ഞില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം മുഴുവന്‍ നടക്കുക, രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുക, അദാനിയെന്ന കള്ളനെ വളര്‍ത്തിക്കൊണ്ടുവന്ന് രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് രൂപയാണ് കൊള്ളയടിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്ന പരിപാടികളാണ് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ രാജ്യത്തെ ഏറ്റവും വലിയ ദ്രോഹികളായിരിക്കും ഇവര്‍. ഗാന്ധിജി ഹിന്ദുമത വിശ്വാസിയാണെങ്കിലും ഇവരെപ്പോലെ ഭ്രാന്തന്‍ ആശയക്കാരനല്ല. അദ്ദേഹത്തെ നിഷ്ഠൂരമായി കൊന്നു, തങ്ങളുടെ സംഘം വളര്‍ത്താന്‍ വേണ്ടിയാണ് കൊന്നതെന്ന് അവര്‍തന്നെ തന്നെ പറഞ്ഞിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടുസീറ്റില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. 'രണ്ട് സീറ്റിലാണ് കെ. സുരേന്ദ്രന്‍ മത്സരിച്ചത്. സഞ്ചരിച്ചത് ഹെലിക്കോപ്റ്ററില്‍. ഞാനൊക്കെ പൊട്ട ജീപ്പില്‍. ഇതിനൊക്കെ കാശ് എവിടുന്ന് ഉണ്ടായി. ഇന്ത്യന്‍ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവര്‍ കൊടുക്കുകയല്ലാതെ എവിടുന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം', അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.