സൗരയൂഥത്തിന് പുറത്ത് ശോഭയേറിയ നക്ഷത്രങ്ങള്‍; നിര്‍ണായക പഠനവുമായി വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം

സൗരയൂഥത്തിന് പുറത്ത് ശോഭയേറിയ നക്ഷത്രങ്ങള്‍; നിര്‍ണായക പഠനവുമായി വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം

വത്തിക്കാന്‍ സിറ്റി: ബഹിരാകാശത്തെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചുമുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള നിര്‍ണായക പഠനങ്ങളുമായി വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം. ജര്‍മനിയിലെ പോട്‌സ്ഡാം ലെയ്ബ്‌നിസ്-ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്‌ട്രോഫിസിക്‌സില്‍ നിന്നുള്ള ശാസ്ത്രജ്ഞരും വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രവും സംയുക്തമായാണ് ഗവേഷണം.

സൗരയൂഥത്തിന് പുറത്തെ ഗ്രഹങ്ങളുടെ മാതൃ നക്ഷത്രങ്ങളെയാണ് പഠനവിധേയമാക്കിയത്. ഇത്തരത്തില്‍ 1000-ത്തിലധികം ശോഭയുള്ള നക്ഷത്രങ്ങളിന്മേലുള്ള പഠനം പുരോഗമിക്കുകയാണ്. വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞരായ ഫാ. പോള്‍ ഗബോര്‍, എസ്.ജെ., ഫാ. ഡേവിഡ്ബ്രൗണ്‍, എസ്.ജെ., ഫാ. ക്രിസ് കോര്‍ബാലി, എസ്.ജെ എന്നിവരെ കൂടാതെ എഞ്ചിനീയര്‍ മൈക്കല്‍ ഫ്രാന്‍സ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പഠനങ്ങള്‍ പുരോഗമിക്കുന്നത്.

നക്ഷത്രങ്ങള്‍ പുറത്തേക്കു വിടുന്ന പ്രകാശത്തിന്റെ സ്വഭാവ സവിഷേശതകള്‍ സംബന്ധിച്ചായിരുന്നു പഠനം. ഒരു നക്ഷത്രത്തിന്റെ പ്രകാശത്തിന്റെ തോത് വിലയിരുത്തുന്നതിലൂടെ അതിന്റെ താപനില, മര്‍ദ്ദം, ചലനം, രാസഘടന എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ഭൗതിക സവിശേഷതകള്‍ വെളിപ്പെടുന്നു. ക്വാണ്ടിറ്റേറ്റീവ് അബ്‌സോര്‍പ്ഷന്‍ സ്‌പെക്ട്രോസ്‌കോപ്പി എന്ന രീതി ഉപയോഗിച്ചാണ് ഗവേഷകര്‍ പ്രകാശത്തെ വിശകലനം ചെയ്യുന്നത്. വത്തിക്കാന്‍ ദൂരദര്‍ശിനിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പ്രകാശം പിടിച്ചെടുക്കാന്‍ 1.5 മണിക്കൂര്‍ വരെ ടെലിസ്‌കോപ്പിന് വേണ്ടി വന്നു. ഇത്തരത്തില്‍ ഗ്രഹങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന 1,100 നക്ഷത്രങ്ങളുടെ പ്രകാശം പിടിച്ചെടുക്കാനായി.

നക്ഷത്രങ്ങളും അവയുടെ ഗ്രഹങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകള്‍ ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സൗരയൂഥത്തിന് പുറത്തെ ശൂന്യാകാശത്ത് 5000-ല്‍ ഏറെ ഗ്രഹങ്ങളുണ്ടെന്ന് നാസ കണ്ടെത്തിയിരുന്നു. സൗരയൂഥത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2018-ലാണ് ട്രാന്‍സിസ്റ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റ്‌ലൈറ്റിനെ നാസ വിക്ഷേപിച്ചത്. ഭൂമിയെ കൂടാതെ ജീവന് അനുകൂല സാഹചര്യമുള്ള ഗ്രഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പ്രധാനമായും രണ്ട് വഴികളിലൂടെയാണ് അന്യഗ്രഹങ്ങളെ തിരിച്ചറിയുന്നത്. വിദൂരപ്രപഞ്ചത്തിലെ നക്ഷത്രത്തില്‍ നിന്നും വരുന്ന പ്രകാശത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ തിരിച്ചറിയുകയാണ് ആദ്യത്തെ മാര്‍ഗം. ഭൂമിക്കും ആ നക്ഷത്രത്തിനും ഇടയിലൂടെ ഗ്രഹങ്ങള്‍ കടന്നു പോവുമ്പോള്‍ പ്രകാശത്തിലുണ്ടാവുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ഗ്രഹങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന രീതിയാണിത്.

ഒരു നക്ഷത്രത്തിനുള്ളിലെ വിവിധ രാസ മൂലകങ്ങളുടെ അളവ് നിര്‍ണയിക്കുന്നതിലൂടെ നക്ഷത്രത്തിന് എത്ര ഗ്രഹങ്ങളുണ്ടെന്ന (ഭൂമി അല്ലെങ്കില്‍ ചൊവ്വ പോലുള്ള പാറകള്‍ നിറഞ്ഞ ലോകം) സൂചന നല്‍കുമെന്ന് വത്തിക്കാനിലെ ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ആ ഗ്രഹങ്ങളുടെ പ്രായം ഗണിക്കാനും നക്ഷത്രം അവയെ വിഴുങ്ങിയോ എന്ന സൂചനയും ലഭിക്കും.

ഗവേഷണങ്ങളുടെ കണ്ടെത്തലുകളില്‍ നിന്നും തുടര്‍ന്നുള്ള പഠനങ്ങള്‍ കൂടുതലായി നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ഗവേഷകര്‍.

1572ല്‍ സ്ഥാപിതമായ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒബ്‌സര്‍വേറ്ററികളില്‍ ഒന്നാണ്. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ പോപ്പിന്റെ വേനല്‍ക്കാല വസതിയിലാണ് ഇതിന്റെ ആസ്ഥാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.