അഹിംസാത്മക സംസ്‌കാരത്തിനായി പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം; ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ മാര്‍പ്പാപ്പ

അഹിംസാത്മക സംസ്‌കാരത്തിനായി പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം; ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗത്തില്‍ മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സമാധാനം പ്രോത്സാഹിപ്പിക്കുന്ന അഹിംസാത്മക സംസ്‌കാരത്തിനായി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഏപ്രില്‍ മാസത്തിലെ പ്രത്യേക പ്രാര്‍ത്ഥനാ നിയോഗത്തിലാണ് അക്രമരഹിത സംസ്‌ക്കാരത്തിനായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥന.

മാര്‍പ്പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കാണ് പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോ സംപ്രേക്ഷണം ചെയ്തത്. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ എഴുതിയ .... (ഭൂമിയില്‍ സമാധാനം) എന്ന ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചിട്ട് 60 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഫ്രാന്‍സിസ് പാപ്പയുടെ സമാധാനത്തിനായുള്ള ആഹ്വാനം. 1963 ഏപ്രിലിലാണ് ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.

ചാക്രിക ലേഖനത്തില്‍ പറയുന്നതുപോലെ, 'യുദ്ധം ഒരു ഭ്രാന്താണ്. അത് യുക്തിഹീനമാണ്. സകല യുദ്ധങ്ങളും സായുധ സംഘര്‍ഷങ്ങളും പരാജയത്തിലാണ് അവസാനിക്കുന്നത്.

അക്രമം കൂടാതെ ജീവിക്കുക, സംസാരിക്കുക, പ്രവര്‍ത്തിക്കുക എന്നതിനര്‍ത്ഥം കീഴടങ്ങുകയോ, എന്തെങ്കിലും നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതല്ല. മറിച്ച് സകലവും തീവ്രമായി അഭിലഷിക്കുക എന്നാണ്. നമുക്ക് എല്ലാവര്‍ക്കും സമാധാന സംസ്‌കാരം വളര്‍ത്തിയെടുക്കാം - പാപ്പാ പറഞ്ഞു.



'ദൈനംദിന ജീവിതത്തിലും അന്തര്‍ദേശീയ ബന്ധങ്ങളിലും അഹിംസയെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാക്കാം. സ്വയം പ്രതിരോധത്തിന്റെ കാര്യത്തിലാണെങ്കിലും ആത്യന്തിക ലക്ഷ്യം സമാധാനമാണെന്ന് നമുക്ക് ഓര്‍ക്കാം. ആയുധങ്ങള്‍ കൂടാതെയുള്ള സമാധാനം മാത്രമേ ശാശ്വത ശാന്തിയാകുകയുള്ളൂ. രാഷ്ട്രങ്ങളുടെയും പൗരന്മാരുടെയും ഭാഗത്തു നിന്ന് ആയുധങ്ങളുടെ ഉപയോഗം കുറക്കുന്നതിലൂടെ അഹിംസയുടെ സംസ്‌കാരം കൂടുതല്‍ വ്യാപിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം' പാപ്പാ തന്റെ സന്ദേശത്തിലൂടെ ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ആവശ്യപ്പട്ടു.

മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, മദര്‍ തെരേസ എന്നിവരുള്‍പ്പെടെ സമാധാനവും അഹിംസയും പ്രോത്സാഹിപ്പിച്ച നിരവധി ആളുകളെ വീഡിയോയ്ക്കൊപ്പമുള്ള പത്രക്കുറിപ്പില്‍ പാപ്പ അനുസ്മരിക്കുന്നു.

'യേശുവിന്റെ ജീവിതം സമാധാനത്തിന്റെ യഥാര്‍ത്ഥ വഴി വെളിപ്പെടുത്തുകയും അവിടുത്തെ അനുഗമിക്കാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് സുവിശേഷം കാണിച്ചുതരുന്നു, വാക്കുകള്‍, പ്രവൃത്തികള്‍, വിദ്വേഷം എന്നിവയെ 'നിരായുധമാക്കുക' എന്നതിന്റെ അര്‍ത്ഥം നമ്മെത്തന്നെ 'നിരായുധരാക്കുക' എന്നാണ് - പാപ്പ ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.