മെല്‍ബണ്‍: പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിത ദൗത്യമാണെന്ന് ഷംസബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍ സഭ ലോകം മുഴുവനും വളരാന്‍ ഇടയായതില്‍ കുടിയേറ്റ സമൂഹത്തിന് നിര്‍ണ്ണായക പങ്കുണ്ട്. മതിയായ കരുതല്‍ നല്‍കിയില്ലെങ്കില്‍ പ്രവാസി നാടുകളില്‍ ആത്മാക്കല്‍ നഷ്ടപ്പെട്ടു പോകും, സഭ തളരും. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ഓണ്‍ലൈനായി സംഘടിപ്പിച്ച പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തികയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
അമേരിക്കയിലും യൂറോപ്പിലും ആദ്യ കാലങ്ങളില്‍ കുടിയേറിയ സമൂഹത്തെ നയിക്കാന്‍ സഭയ്ക്ക് നേതൃത്വമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി അവിടങ്ങളില്‍ ഒരു തലമുറ തന്നെ നമുക്ക് നഷ്ടമായി. വിശ്വാസം ക്ഷയിക്കാനിടയായി. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ രൂപത വന്നതിനുശേഷം സഭ ശക്തിപ്പെടാന്‍ തുടങ്ങി. പൂച്ചെണ്ട് ഒരുക്കാനായി മനോഹരമായ ഒരു ചെടിയില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട സുന്ദരമായ പൂക്കളോടാണ് ഫ്രാന്‍സീസ് മാര്‍പാപ്പ പ്രവാസികളെ താരതമ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പ്രവാസിയും സഭയുടെ ഓരോ പ്രേഷിതനാണ്. അവരിലൂടെയാണ് സഭ വളരുന്നത്. 1987ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയ ഒരു കത്താണ് സീറോ മലബാര്‍ സഭയുടെ പ്രവാസി കരുതലിന്റെ ആരംഭമായി മാറിയത്. കുടിയേറപ്പെട്ട സമൂഹങ്ങളിലെ വിശ്വാസികളുടെ ശരാശരി പ്രായം 38 വയസാണ്. വളരെ ചെറുപ്പമാണ് പ്രവാസി ലോകത്ത് സമ്മുടെ സഭ. അതിനു തക്ക ശ്രദ്ധയോടുള്ള പരിചരണം ആവശ്യമാണ്. വിശ്വാസ പരിശീലനം പ്രവാസി സമൂഹത്തില്‍ കൂടുതല്‍ വ്യാപ്തിയോടെ നടത്തപ്പെടേണ്ടതുണ്ടെന്നും മാര്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. ഇതിനായി പുതിയ സാങ്കേതിക വിദ്യയും നൂതന ഭാഷയും ഉപയോഗിക്കണം. പുതിയ കണ്ടുപിടുത്തങ്ങളേയും സാങ്കേതിക വിദ്യകളേയും നാം മാമോദീസ മുക്കി വിശ്വാസ പരിശീലനത്തിനും സുവിശേഷ പ്രഘോഷണത്തിനുമായി ഉപയോഗിക്കണം.
മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രവാസികളായി ഓസ്‌ട്രേലിയയില്‍ എത്തിയ നമ്മള്‍ ആരും ഒറ്റയ്ക്ക് വളരാനോ തളരാനോ ഉള്ളവരല്ലെന്നും ഒറ്റയ്ക്ക് വളരാന്‍ ശ്രമിച്ചാല്‍ നാം വലിയ തകര്‍ച്ചയെ നേരിടുമെന്നും മാര്‍ ബോസ്‌ക്കോ പുത്തൂര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ചരിത്ര ബോധം നഷ്ടപ്പെട്ടാല്‍ ഒരു സമൂഹം തകര്‍ന്ന് തരിപ്പണമാകും. പൂര്‍വീകരുടെ പ്രവര്‍ത്തനത്തെ അവഗണിച്ചും പാരമ്പര്യങ്ങളെ വിസ്മരിച്ചും നമുക്ക് മുന്നോട്ട് പോകാനാകില്ല. സഭയോട് ചേര്‍ന്ന് നിന്ന് നല്ല ഫലം പുറപ്പെടുവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും ബിഷപ്പ് ബോസ്‌ക്കോ പുത്തൂര്‍ ആശംസിച്ചു.
''ഒരുമിച്ച് ഒരുമയോടെ ക്രിസ്തുവിലേക്ക്'' എന്ന ആഹ്വാനത്തോടെ മെല്‍ബണ്‍ രൂപത സംഘടിപ്പിച്ച ഏഴാമത് പാസ്റ്ററല്‍ കൗണ്‍സിലില്‍ രൂപതയുടെ പാസ്റ്ററല്‍ മാസ്റ്റര്‍ പ്ലാനും അവതരിപ്പിച്ചു. വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സീസ് കോലഞ്ചേരി രൂപതയുടെ ഏഴ് മുന്‍ഗണനാ കാര്യങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കൗദാശിക ജീവിതം, ആരാധന ക്രമം, വിശ്വാസ പരിശീലനം, പ്രേഷിത കുടുംബങ്ങള്‍, ഇടവക നേത്യത്വം, സുരക്ഷിത സഭ വളര്‍ച്ചയും പരിശീലനവും, സാമൂഹ്യ സേവനം എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വികാരി ജനറാളിനു പുറമേ പ്രവീണ്‍ വിന്നി, ഡോ. ജോണ്‍ ജോസഫ്, സോജിന്‍ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ മാത്യൂ, ലിസി ട്രീസ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.