യാത്ര - (കവിത)

യാത്ര - (കവിത)

കാലിത്തൊഴുത്തിൽ നിന്ന്
കാൽവരിയിലേക്കുള്ള
യാത്രക്കിടയിൽ അവൻ
ആരോടും കലഹിച്ചില്ല,
ഉയിരേകുന്നൊരു -
നൽവഴിയേതെന്ന് കാട്ടി,
സത്യം മാത്രം പറഞ്ഞു,
സ്നേഹത്തോടെ മാത്രം നോക്കി,
സ്നേഹത്തോടെ മാത്രം തൊട്ടു,
ഓരോ വാക്കിലുമുയിർ -
ന്നോരുയിരിൻ്റെ താളമുയരത്തി-
ലേക്കുള്ള വഴിയായ് തെളിഞ്ഞു-
ലകിലാനന്ദം നിറച്ചൂ,
ചിത്തം ചിതറാതെ ചിരി-
ചിന്തയിലലിഞ്ഞു മിഴി -
തുടച്ചുചാരത്തോടിയ -
ണഞ്ഞുലകിൽ കൃപ നിറഞ്ഞോരെല്ലാം ....
നിൻ വാക്കിലെയമൃതുൾ -
ക്കാമ്പിൽ നിറക്കാതെ മൂന്നാണികൾ
കരുതിവച്ചു നിനക്കായ് ഞാൻ,
ഇന്നെൻ്റെ വാക്കിലില്ല നേര്,
ഇന്നെൻ്റെ നോട്ടത്തിലില്ല നേര്,
ഇന്നെൻ്റെ ചിന്തയിലുമില്ല നേര്,
ചന്തത്തിലൊക്കെയും ചേർത്തുവച്ചു
പിന്നെ ചന്തത്തിൽ നിനക്കാ-
യൊരു കുരിശും ചമച്ചൂ,
പ്രണയത്തിൻ്റെ മുറിവുകൾ
മായ്ക്കാതെ വച്ചു നീ മൂന്നാം
ദിനമുയിർത്തു വന്നെൻ്റെ ചങ്കിൽ
പ്രഭയായ് നിറഞ്ഞു നിൽപ്പൂ

ഇനി, മോഹഭാണ്ഡങ്ങളൊക്കെ
ചുട്ടെരിക്കണം നഗ്നപാദനായ്
കാൽവരി മുകളിലേക്ക്
നടക്കണം പ്രഭയായിടാൻ
നിന്നോടൊപ്പം ഉയിരായിടാൻ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.