പ്രായം കൂടുന്തോറും ചര്‍മ്മത്തിന് ദൃഢത നല്‍കുന്ന കൊളാജന്‍ നഷ്ടപ്പെട്ടുതുടങ്ങും. ചര്‍മ്മത്തെ ഉറപ്പുള്ളതും യുവത്വമുള്ളതുമായി നിലനിര്‍ത്തുന്ന പ്രോട്ടീനാണ് ഇത്. കൊളാജന്റെ അളവ് കുറയുന്നത് മൂലമാണ് ചുളിവുകളടക്കമുള്ള പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. അതുകൊണ്ടുതന്നെ കൊളാജന്‍ നഷ്ടപ്പെടാതെ നോക്കേണ്ടത് അനിവാര്യമാണ്. കൊളാജന്‍ കുറയുന്നത് തടയാന്‍ ചില ടിപ്സ് ഇതാ.
കഠിന വെയിലില്‍ നിന്ന് സംരക്ഷണം
കൊളാജന്‍ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെയിലുമായുള്ള സമ്പര്‍ക്കം. ഇത് കൊളാജന്‍ ഫൈബറുകളെ തകര്‍ക്കുന്ന എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രേരിപ്പിക്കുന്നതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണമെന്നത് വളരെ പ്രധാനമാണ്. അത്ര വെയില്‍ ഇല്ലെന്ന് തോന്നുന ദിവസങ്ങളില്‍ പോലും സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുത്. എസ്പിഎഫ് 30 ല്‍ കൂടുതലുള്ള സണ്‍സ്‌ക്രീന്‍ വേണം തിരഞ്ഞെടക്കാന്‍. 
പുകവലി ഉപേക്ഷിക്കാം
പുകവലി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഹാനീകരമായ ഒന്നാണ്. ഇത് രക്തയോട്ടം പരിമിതപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും കൊളാജന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് കൊളാജന്‍ അളവ് ശരീരത്തില്‍ കുറയുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. ഇത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. 
ധാരാളം വെള്ളം കുടിക്കാം
കൊളാജന്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ വെള്ളം അനിവാര്യമാണ്. നിര്‍ജലീകരണം ചര്‍മ്മത്തിലെ കൊളാജന്‍ നഷ്ടപ്പെടുന്നതിന്റെ വേഗത കൂട്ടും. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ വെള്ളമടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. 
ആരോഗ്യകരമായ ഭക്ഷണ ശീലം
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും ഭക്ഷണക്രമത്തിന് നിര്‍ണായക പങ്കുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, പോഷകങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കൊളാജന്റെ അളവ് കുറയുന്നത് തടയാന്‍ സഹായിക്കും. വിറ്റാമിന്‍ സിയുടെ അളവ് കൂടുതല്‍ അടങ്ങിയിട്ടുള്ള പഴങ്ങളും ഇലക്കറികളും കൊളാജന്‍ ഉത്പാദനത്തിന് നല്ലതാണ്. ഇത് കൊളാജന്‍ സിന്തസിസ് പ്രക്രിയയെ സഹായിക്കും. 
സ്‌കിന്‍കെയര്‍ റുട്ടീന്‍ പാലിക്കാം
ദിനചര്യയില്‍ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാനം നല്‍കേണ്ടത് അനിവാര്യമാണ്. ചര്‍മ്മം വൃത്തിയായി സൂക്ഷിക്കാനും നന്നായി മോയിസ്ച്ചറൈസ് ചെയ്യാനും ശ്രദ്ധിക്കണം. റെറ്റിനോള്‍, ഹൈലൂറോണിക് ആസിഡ്, വിറ്റാമിന്‍ സി പോലുള്ള കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവ അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാം. 
ആവശ്യത്തിന് ഉറക്കം നിര്‍ബന്ധമാക്കാം
ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തെ റിപ്പെയര്‍ ആന്‍ റീജനറേറ്റ് എന്ന പ്രക്രിയയിലൂടെ കൊണ്ടുപോകുന്നത് ഉറക്കമാണ്. ഉറങ്ങുമ്പോള്‍ ചര്‍മ്മത്തില്‍ കൊളാജന്‍ ഉല്‍പാദനം നടക്കും. എന്നും ഏഴ്-എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
സമ്മര്‍ദ്ദം കുറയ്ക്കാം
സമ്മര്‍ദ്ദം കൂടുന്നത് ചര്‍മ്മത്തിന് കൊളാജന്‍ നഷ്ടപ്പെടാന്‍ കാരണമാകും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നടത്തം, വ്യായാമം എന്നിങ്ങനെയുള്ള ഇഷ്ട വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.