ഏകനായി (കവിത)

ഏകനായി (കവിത)

കിടന്നു ഞാനാ ഒറ്റമുറിയിലന്നവശനായ്
ആരാരുമില്ലാതെ അസ്വസ്ഥനായ് ദിവസങ്ങൾ
നിസ്വനായ്, ഏകനായ് ഭീതിതനായ് മാറി
കണ്ണടക്കാതെ കുതിർന്നൊരാ നിമിഷങ്ങൾ
ആവശ്യമില്ലാതെ പലരുമായ് പലവഴി
ആവശ്യനേരത്തോ ഒറ്റക്കു വിങ്ങലായ്
കൂട്ടായ് വന്നവർ വസന്തത്തിൽ വണ്ടുപോൽ
സായാഹ്ന നേരത്തോ ചിതറിപ്പോയ് ചില്ലുപോൽ
ഒറ്റക്കിരിക്കുന്ന നേരത്തു കേൾക്കാമേ
കളകളം പാടുന്ന കിളികൾതൻ നാദവും
കാതിൽ തഴുകുന്ന കുയിലിന്റെ കൊഞ്ചലും
നീറുന്ന നെഞ്ചിലോ സാന്ത്വനമാരിയായ്
മിഴികളോ മൂകമായ് മൊഴികളോ മൗനമായ്
കിളികളോ പറന്നുപോയ് ഞാനോ ശൂന്യനായ്
ഉയിരിൽ തറച്ചൊരാ മുള്ളുപോൽ വേളകൾ
ഇനിയെങ്കിലുമൊന്നു തിരികെ നടക്കണം
ഉടലുവയ്യെന്നാകിലും മനസ്സുമായെങ്കിലും
കാണാത്ത കാഴ്ചകൾ കണ്ടീടേണം, ഒപ്പം
ചെയ്യാൻ മറന്നതും ചെയ്തീടണം
ഇനിയെങ്കിലുമൊന്നു തിരിഞ്ഞു നോക്കീടേണം
കേൾക്കാത്ത നന്മകൾ കേട്ടീടേണം, ഒപ്പം
പറയാൻ മടിച്ചതും പറഞ്ഞീടേണം
ഇനിയെങ്കിലുമൊന്നു പിറകോട്ടു നീങ്ങണം
ബാല്യത്തെ കണ്ടൊന്നു പുൽകീടുവാനൊപ്പം
യൗവനത്തോടൊന്നു മിണ്ടീടുവാൻ
ഇനിയെങ്കിലുമൊന്നു തിരികെ നടക്കണം
എന്നേക്കുമായൊന്നു ശാന്തമായ് ശയിച്ചിടാൻ






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26