ചൂട് കുറയ്ക്കാന്‍ പണ്ടുകാലത്ത് തയ്യാറാക്കിയിരുന്ന'പാനകം' കുടിച്ചിട്ടുണ്ടോ?

ചൂട് കുറയ്ക്കാന്‍ പണ്ടുകാലത്ത് തയ്യാറാക്കിയിരുന്ന'പാനകം' കുടിച്ചിട്ടുണ്ടോ?

പണ്ടുകാലത്ത് തികച്ചും നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ഒരു പാനീയമാണ് പാനകം. ചെറുനാരങ്ങ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നതെങ്കിലും ഇതില്‍ ചേര്‍ക്കുന്ന ചേരുവകള്‍ സാധാ സര്‍ബത്തില്‍ നിന്നും അല്ലെങ്കില്‍ നാരങ്ങാ വെള്ളത്തില്‍ നിന്നും വ്യത്യസസ്തമാണ്. ഇതില്‍ ഏലക്കായ, ശര്‍ക്കര, തുളസി, ജാതിക്കുരു എന്നിവയെല്ലാം ചേര്‍ക്കും.

ചേരുവകള്‍ കുറച്ച് അധികം ഉണ്ടെങ്കിലും തയ്യാറാക്കി എടുക്കാന്‍ വളരെ എളുപ്പമാണ്. ഇത് കുടിച്ച് കഴിഞ്ഞാല്‍ നിരവധി ഗുണങ്ങളും നമ്മളുടെ ശരീരത്തിന് ലഭിക്കും. ഒരു കാലത്ത് വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ദാഹം അകറ്റാന്‍ തയ്യാറാക്കി നല്‍കിയിരുന്ന പാനീയമാണിത്. ദാഹം മാറ്റുന്നതിനോടൊപ്പം തന്നെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുന്നുണ്ട്.

ചേരുവകള്‍

ശര്‍ക്കര, ഇഞ്ചി, ഏലക്കായ, ജാതിക്ക കുരു, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്. ശര്‍ക്കര നിങ്ങള്‍ക്ക് മധുരം എത്രത്തോളം വേണം അതിനനുസരിച്ച് എടുക്കുക. ഇത് ചീകി എടുത്ത് വേണം മാറ്റി വെക്കാന്‍. അല്ലെങ്കില്‍ ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് കുതിര്‍ത്ത് വെക്കാവുന്നതാണ്.

ഇഞ്ചി ചെറിയ കഷ്ണം എടുത്ത് ചതച്ച് നീര് എടുത്ത് മാറ്റിവെക്കണം. അതുപോലെ ഇതില്‍ ചേര്‍ക്കുന്ന മറ്റൊരു ചേരുവയാണ് തുളസി. സാധാ തുളസി നന്നായി കഴുകി കുറച്ച് മാറ്റി വെക്കണം.

തയ്യാറാക്കാം

പാനകം തയ്യാറാക്കുന്നതിനായി ഒരു ഗ്ലാസ് വെള്ളം എടുക്കുക. ഇതിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി നീര് ചേര്‍ക്കണം. ഇതിലേയ്ക്ക് ആവശ്യത്തിനനുസരിച്ച് ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. ഇവ നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് ഇഞ്ചി നീര്, ഏലക്കായ പൊടിച്ചത് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്യണം. കൂടാതെ, ജാതിക്കയുടെ കുരു( ഉണങ്ങിയത്) പൊടിച്ച് ഇതില്‍ ചേര്‍ക്കണം. കുറച്ച് മാത്രം ചേര്‍ത്താല്‍ മതിയാകും. ഇത് വീട്ടില്‍ ഇല്ലെങ്കില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധം ഇല്ല. അവസാനം ഇതിലേയ്ക്ക് രണ്ടോ മൂന്നോ ഇതള്‍ തുളസിയിലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യണം. ഇത് നല്ല ചൂടുള്ള സമയത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ഗുണങ്ങള്‍

പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും അനീമിയ ഇല്ലാതാക്കുന്നതിനും ക്ഷീണം അകറ്റാനും കരള്‍ ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു. പാനകത്തില്‍ ചേര്‍ത്തിരിക്കുന്ന ഇഞ്ചി ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നു. വയറിന്റെ ആരോഗ്യത്തിന് ജാതിക്ക കുരു ചേര്‍ക്കുന്നത് നല്ലതാണ്. തുളസിയും നിരവധി ഗുണങ്ങള്‍ ശരീരത്തിന് നല്‍കുന്നു. കൂടാതെ നമ്മളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ശരീരം ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനും നിര്‍ജലീകരണം തടയുന്നതിനും ഇത് സഹായിക്കുന്നു. ഇതില്‍ ശര്‍ക്കരയ്ക്ക് പകരം വേണമെങ്കില്‍ പനംചക്കര ഉപയോഗിക്കാവുന്നതാണ്. പക്ഷെ ഒരിക്കലും പഞ്ചസാര ഉപയോഗിക്കരുത്. പഞ്ചസാര ഉപയോഗിച്ചാല്‍ പാനകത്തിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാകും.

കുട്ടികള്‍ക്കും നല്‍കാം

പാനകം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ കഴിക്കാവുന്നതാണ്. പുറത്ത് പോയി വരുന്നവര്‍ക്ക് ഈ വെള്ളം കൊടുത്താല്‍ അവരുടെ രക്തസമ്മര്‍ദ്ദം നോര്‍മല്‍ ലെവലില്‍ ആക്കുന്നതിനും ക്ഷീണവും തളര്‍ച്ചയും വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുന്നു.

അതുപോലെ കുട്ടികള്‍ക്ക് നല്ല ഊര്‍ജ്ജം ലഭിക്കാനും ശരീരത്തിലെ ചൂട് ബാലന്‍സ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. വീട്ടില്‍ ഇരിക്കുമ്പോഴും ഇടയ്ക്ക് കുടിക്കാന്‍ നല്‍കുന്നത് നല്ലതാണ്. പാനകം തയ്യാറാക്കുമ്പോള്‍ ഒരിക്കലും തണുത്ത വെള്ളത്തില്‍ ഉണ്ടാക്കരുത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.