ചിക്കാഗോ: ചിക്കാഗോയിലെ ബെൽ വുഡിലുള്ള മാർ തോമാ കത്തീഡ്രലിൽ അത്ഭുത പ്രവർത്തകനായ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ഭക്തിപൂർവം മെയ് 30 ന് 11.15 ന്റെ ആഘോഷമായ പാട്ടുകുർബ്ബാനയോടെ കൊണ്ടാടി.
മാർ ജേക്കബ്ബ് അങ്ങാടിയത്ത് മുഖ്യകാർമ്മികനായ ദിവ്യബലിയ്ക്ക് ഇടവക വികാരിയും വികാരി ജനറലുമായ ഫാ തോമസ് കടുകപ്പിള്ളി, ഫാ ജോസ് എലവത്തിങ്ങൾ എന്നിവർ സഹകാർമ്മികരായിരുന്നു.
തിരുന്നാൾ സന്ദേശത്തിൽ മാർ അങ്ങാടിയത്ത് വി. ഗീവർഗിസ് സഹാദായുടെ രക്തസാക്ഷിത്വ ത്തെക്കുറിച്ചും വിശുദ്ധന്റെ നാമത്തിലുള്ള കേരളത്തിലെ ഇടപ്പള്ളി, മുതലക്കോടം, എടത്വാ, അരുവിത്തറ, പുതുപ്പള്ളി തുടങ്ങിയ പ്രസിദ്ധ ദേവാലയങ്ങളിൽ വിശുദ്ധന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ആഘോഷപൂർവം കൊണ്ടാടുന്ന പാരമ്പര്യത്തെക്കുറിച്ചും വിവരിച്ചു കൊടുത്തു.
ഒരു വിശ്വാസി തന്റെ വിശ്വാസം കാത്തു സൂക്ഷിക്കേണ്ട നാല് തലത്തെ കുറിച്ച് ബിഷപ്പ് വിവരിച്ചു. ഒന്നാമതായി വിശ്വാസി തന്റെ ദൈവത്തെ അറിയുക. മാമ്മോദീസായിലൂടേയും, വിശുദ്ധ കുർബ്ബാന സ്വീകരണ ത്തിലൂടേയും നമുക്ക് ഇത് സാധ്യമാകും. രണ്ടാമതായി ദൈവത്തെ അനുഗമിക്കുക. നല്ല അയൽക്കാരനായി ഉത്തമ ക്രിസ്ത്യാനിയായി ജീവിക്കുന്നതിലൂടെ ഒരു വിശ്വാസിക്ക് തന്റെ ദൈവത്തെ അനുഗമിക്കാൻ സാധിക്കും. മൂന്നാമതായി തന്റെ ദൈവത്തെ ആരാധിക്കുകയെന്നതാണ്. വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുന്നതിലൂടെയും, ഉത്തമ കുടുംബ ജീവിതത്തിലൂടേയും നമുക്ക് ദൈവത്തെ ആരാധിക്കാൻ സാധിക്കുന്നതാണ്. നാലാമത്തെ തലത്തിൽ വിശ്വാസി തന്റെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നു. തന്റെ വിശ്വാസം മുറുകെ പിടിച്ച് വിശ്വാസം മറ്റുള്ള വരുമായി പങ്കവെയ്ക്കുന്നതിലൂടെ രക്തസാക്ഷിത്വം വഹിച്ചവരിൽ പ്രധാനിയാണ് വി. ഗീവർഗിസ്.