സ്നേഹം (കവിത)

സ്നേഹം (കവിത)

നിഴലായ് നിലാവേ നീ
രാവിന്റെ കൂടെ കൺ
ചിമ്മാതിരുന്നതും സ്നേഹമല്ലോ
കൺപീലി നനയാതെ കുരുന്നിനു
കാവലായ് ജനനി ഇരുന്നതും സ്നേഹമല്ലോ
തനിച്ചു തളർന്നൊരാ വഴിയോരത്തായന്നു
കൈനീട്ടിയച്ഛൻ ചൊരിഞ്ഞതും സ്നേഹമല്ലോ
പൊരിവെയിലിലുരുകുന്ന മനസ്സിന്റെ
വാടിയിൽ അറിയാതെ
പൊഴിഞ്ഞൊരാ സാന്ത്വനമൊഴിമഴ
നാദങ്ങളൊക്കേയും സ്നേഹമല്ലോ
കുട്ടിക്കുറുമ്പനെ കൊഞ്ചിച്ചു കൈകളിൽ
താരാട്ടു പാടിയുറക്കിയതും സ്നേഹമല്ലോ
അച്ഛനമ്മക്കൊന്നു വയ്യാഞ്ഞ നേരം
ചാരത്തിരുന്നന്നു മക്കൾ
ചൊരിഞ്ഞതും സ്നേഹമല്ലോ
പരിഭവം പറയാതെ തളരാതെ തെല്ലുമേ
പകലിനു വിളക്കായി അർക്കൻ ജ്വലിച്ചതും സ്നേഹമല്ലോ
പെറ്റമ്മപോലെന്റെ കൂട്ടായിനിന്നെന്നും
പോറ്റമ്മയായൊരു ധരിണി പൊഴിച്ചതും സ്നേഹമല്ലോ
ഇണങ്ങിയും പിണങ്ങിയും ചാരിയും ചരിഞ്ഞുമേ
താങ്ങായി നിന്നങ്ങു സഹജൻ പകർന്നതും സ്നേഹമല്ലോ
വാടുന്നൊരാ മുല്ലപ്പെൺകൊടി ഇതളിലോ
ചാറ്റൽമഴ തൂകി മുകിലന്നു പൊഴിഞ്ഞതും സ്നേഹമല്ലോ
കൂടെപ്പിറപ്പുപോൽ കൂടെക്കളിച്ചും കളിവാക്കുമൊഴിഞ്ഞുമേ
കണ്ണാടിയായെന്റെ ചങ്ങാതി തന്നതും സ്നേഹമല്ലോ
പുഴകളും പൂക്കളും കിളികൾതൻ കളികളും
കാനനഭംഗിയും വിസ്മയവാനവും തന്നെന്റെ
ജീവനു കുളിരായി പ്രകൃതി ചൊരിഞ്ഞതും സ്നേഹമല്ലോ
തൊട്ടുതൊട്ടന്നൊടുവിൽ തോറ്റുതന്നുള്ളിലോ
തൊട്ടാവാടിപോലും മുളപ്പിച്ചു തന്നതും സ്നേഹമല്ലോ
ഇരുമെയ്യെന്നാകിലും ഒരുമനമായൊഴുകിയവർ
നല്ലപാതിയായ് പകർന്നതും സ്നേഹമല്ലോ
സന്തോഷസങ്കട സുഖദുഃഖ സമയത്തും
ജീവിതസായാഹ്‌ന വേളകളിൽ പോലും
ഉയിരായി ഉടലായി പ്രിയസഖി പകുത്തതും സ്നേഹമല്ലോ
സ്നേഹമാണെന്നെന്നും അമൂല്യമാം നിധി ഭൂവിൽ
സ്നേഹമല്ലോ മണ്ണിൽ സ്വർഗ്ഗം വിടർത്തിടും വിസ്മയമെന്നുമേ
സ്നേഹമല്ലോ എന്നും മനുജൻ തൻ മനസ്സിനു മാറ്റുകൂട്ടും മന്ത്രം
സ്നേഹമില്ലാ ഭൂവിൽ നരകം ജനിക്കുന്നു
കീടങ്ങൾ തളിർത്തിടും തരിശ്ശായി മാറുന്നു
സ്നേഹത്തിലധിഷ്ടിതം ഭൂഗോളമെന്നുമേ
സ്നേഹം നിറയുമ്പോൾ മനസ്സുകൾ തുളുമ്പുന്നു
ചോരുന്ന നേരത്തോ വിങ്ങുമേ ഹൃത്തടം



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26