താനൂര്‍: താനൂരിലുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബോട്ടപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദേഹം. ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്ത് ഒരിടത്തും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ബോട്ടിന് ലൈസന്‍സുണ്ടോയെന്ന് പോലും ബന്ധപ്പെട്ടവര്‍ക്ക് അറിയില്ല.
ലൈസന്‍സുണ്ടെങ്കില്‍ പോലും ഒരിടത്തും വൈകിട്ട് ആറ് മണിക്ക് ശേഷം ബോട്ടോടിക്കാന്‍ അനുവദിക്കാറില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷം വെളിച്ചം പോലും ഇല്ലാത്ത സ്ഥലത്ത് ഇരട്ടിയിലധികം ആളുകളാണ് ബോട്ടില്‍ കയറിയത്. മത്സ്യബന്ധന ബോട്ടിനെ യാത്രാ ബോട്ടാക്കി മാറ്റിയതും നിയമാനുസൃതമായല്ലെന്നും താനൂരില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും അദേഹം പറഞ്ഞു.
തേക്കടി, തട്ടേക്കാട് ബോട്ടപകടങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ദൗര്‍ഭാഗ്യകരമാണ്. നിയമവിരുദ്ധമായും ലൈസന്‍സില്ലാതെയുമാണ് ബോട്ട് സര്‍വീസെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിട്ടും അത് പരിശോധിക്കാന്‍ അധികൃതര്‍ തയാറായില്ല.
ഇനിയും ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ലൈസന്‍സുകള്‍ പരിശോധിക്കാനും ലൈസന്‍സുള്ളവ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടോയെന്നും അടിയന്തിരമായി പരിശോധിക്കണം. ആരുടെ ശിപാര്‍ശയിലാണ് നിയമവിരുദ്ധ സര്‍വീസിന് ഉദ്യോഗസ്ഥര്‍ കണ്ണടച്ചതെന്നും അന്വേഷിക്കണം.
സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കണമെന്നും കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അദേഹം പറഞ്ഞു. ജുഡീഷ്യല്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് സംസ്ഥാനത്ത് ഒരിടത്തും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.