റ്റാമ്പായിൽ എം എ സി എഫ് (മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ) ജനശ്രദ്ധ നേടി

റ്റാമ്പായിൽ എം എ സി എഫ് (മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ) ജനശ്രദ്ധ നേടി

ഫ്ലോറിഡ: ടെക്നോളജിയുടെ അതിപ്രസരണം കൊടികുത്തി വാഴുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഗൃഹാതുരത്വം വിളിച്ചോതുന്ന ഓർമ്മകളുമായി എം എ സി എഫ് കാരൊക്കെ ജനശ്രദ്ധ നേടി. ജാതി മത ഭാഷാ ഭേദമന്യേ ഒട്ടനവധി സംഗീത പ്രേമികൾ സമ്മേളിച്ച ഈ പരിപാടിയിൽ ഔപചാരികത തികച്ചും ഒഴിവാക്കിയിരുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വന്നു കാണുവാനും പങ്കെടുക്കുവാനും ആസ്വദിക്കുവാനും ഉള്ള ഒരു അവസരം എം എ സി എഫ് ഇതിലൂടെ സൃഷ്ടിച്ചു.

ഫ്ലോറിഡയുടെ സ്വന്തം മലയാളി മുത്തശ്ശി സംഘടനയായ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ 33 വർഷത്തിനു ശേഷവും അതിൻറെ കർത്തവ്യ നിർവഹണത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകുന്നില്ല. സമൂഹം വ്യക്തിയാണ് വ്യക്തി സമൂഹമാണ് എന്നുള്ള ആശയം മുറുകെപ്പിടിച്ചുകൊണ്ട് ഓരോ വ്യക്തിക്കും അതിന്റേതായ പ്രാധാന്യം നൽകിക്കൊണ്ട് അവരെ ഉൾക്കൊണ്ടുകൊണ്ട്, ഇടതടവില്ലാതെ സധൈര്യം അത് മുന്നോട്ടുപോകുന്നു.

സാങ്കേതികമായി വളരെയധികം വികസിച്ചിരിക്കുന്ന ഈ ആധുനിക ലോകത്ത് പലപ്പോഴും ജീവിതം യാന്ത്രികമായി പോകുന്നു. ഈ വിരസതയെ മറികടക്കുവാനുള്ള ഒരു പ്രത്യക്ഷ ഇടപെടലാണ് എം എ സി എഫ് നമുക്കുവേണ്ടി ഇവിടെ ചെയ്തിരിക്കുന്നത്. ഗാനങ്ങൾ ആലപിക്കുന്നവർക്ക്‌ ഒരുമിച്ചു കൂടുവാനും പരസ്പരം സഹായിക്കുവാനുമുള്ള അവസരം എം എ സി എഫ് ഇതുവഴി സൃഷ്ടിച്ചു.

നമ്മുടെ ഇന്നത്തെ സീനിയർ സിറ്റിസൺസ് അഭിമാനപൂർവ്വം പറഞ്ഞു നടക്കുന്ന നിർമ്മലമായ ആ പഴയ കൂട്ടായ്മ ഇന്നും സാധ്യമാണ് എന്ന് എം എ സി എഫ് ഇതു വഴി തെളിയിച്ചു. ഇരുപതോളം അനുഗ്രഹീത ഗായകർ പാടിയ ഈ സംഗീതവിരുന്ന് സംഗീതപ്രേമികൾക്ക് തികച്ചും ഒരു വേറിട്ട അനുഭവമായിരുന്നു. എം എ സി എഫിന്റെ കേരള സെൻററിൽ വെച്ചു നടത്തപ്പെട്ട ഈ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയും താൻ താലോലിക്കുന്ന ഓർമ്മകളിലേക്ക് ഒരു വട്ടം കൂടി പോയി തിരിച്ചുവന്നു! അത്രമാത്രം ഹൃദ്യമായ അനുഭവമായിരുന്നു അവിടെ സൃഷ്ടിക്കപ്പെട്ടത്.

ഗായകനും ശ്രോതാവും തമ്മിലുള്ള സംഗീത സാന്ദ്രം ആയിട്ടുള്ള ഈ ഇഴയടുപ്പം ഒരു സാമൂഹ്യ വ്യവസ്ഥിതിക്ക് മകുടോദാഹരണമായി. ഓൺലൈൻ മീഡിയക്ക് തികച്ചും അപ്രാപ്യമായ എന്തോ ഉണ്ട് എന്ന തിരിച്ചറിവ് അനുഭവവേദ്യമായ നിമിഷങ്ങളായിരുന്നു അത്, ഓരോ വ്യക്തിയുടെ മുഖത്തും സംഗീതത്തിന്റെ ആ മാസ്മരിക സ്പർശം അത്രമാത്രം സ്പഷ്ടമായി ദൃശ്യമായിരുന്നു!

എല്ലാ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ചകളിലെ സായാഹ്നങ്ങളിൽ എം എ സി എഫ് നിങ്ങൾക്ക് വേണ്ടി കരോക്കെ നൈറ്റ്‌ വാഗ്ദാനം ചെയ്യുന്നു. മനസ്സിൻറെ അകത്തളങ്ങളിൽ ആത്മാവിനെ തൊട്ടറിയാനുള്ള ഈ മുന്നൊരുക്കം നിങ്ങൾ ഏവരും ഉപയോഗപ്പെടുത്തുക എന്ന സന്ദേശമാണ് എം എ സി എഫ് ട്രസ്റ്റ് ബോർഡ് ചെയർമാൻ ശ്രീ ഉണ്ണികൃഷ്ണൻ അവിടെ പങ്കുവെച്ചത്.

സംഘാടനാ മികവു കൊണ്ടും, അനുഗ്രഹീത ഗായകരെ കൊണ്ടും മൊത്തത്തിൽ വളരെ നിലവാരം പുലർത്തിയ ഈ സംഗീത സന്ധ്യ ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. 2023 എം എ സി എഫ് സാരഥികൾ അത്യുൽസാഹത്തോടെ പങ്കെടുത്ത ഈ തനി നാടൻ മലയാളി സംഗമത്തിൽ വിരുന്നുകാരായി അന്യഭാഷക്കാരും ഉത്സാഹപൂർവ്വം പങ്കെടുത്തു.

സാജ് കാവിന്റെ കൂടെ, ഷീല ഷാജു, ശ്രീധ സാജ്, ശ്രീജേഷ് രാജൻ എന്നിവർ ഊർജ്ജസ്വലരായി ഈ പ്രോഗ്രാം കോഡിനേറ്റ് ചെയ്തപ്പോൾ, എം എ സി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും പ്രസിഡൻറ് പ്രദീപ് നാരായണൻ, ജനറൽ സെക്രട്ടറി രോഹിണി ഫിലിപ്പ്, ട്രഷറർ ബെൻ കനക ഭായ്, ജോയിന്റ് സെക്രട്ടറി പ്രിയ കാസൻസ് ജോയിൻ, ട്രഷറർ അബി പ്രാലേൽ, ട്രസ്റ്റ് ബോർഡിൽ നിന്നും ടി ഉണ്ണികൃഷ്ണൻ, ഫ്രാൻസിസ് വയലുംകാൽ, ഷാജു ഔസേപ്പ്, സുനിൽ വർഗീസ്, ബാബു തോമസ്, സജി കരിമ്പന്നൂർ എന്നിവരുടെ ഇടപെടലും സാന്നിധ്യവും കൊണ്ട് മികച്ചതായി.


അടുത്ത കരോക്കെ നൈറ്റ് മെയ് 26 വെള്ളിയാഴ്ച്ച വൈകുന്നേരം എം എ സി എഫ് കേരളാ സെന്ററിൽ നടക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ www.MACFTampa.com സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.