ലോക സഞ്ചാരത്തില്‍ 70-ാമത് വയസിലും തളരാത്ത ഏകാന്ത പഥികയായി മോഹനയുടെ യാത്ര തുടരുന്നു...

ലോക സഞ്ചാരത്തില്‍ 70-ാമത് വയസിലും തളരാത്ത ഏകാന്ത പഥികയായി മോഹനയുടെ യാത്ര തുടരുന്നു...

ലോക സഞ്ചാരത്തിന് തുടക്കമിട്ടത് വിശുദ്ധ നാട് സന്ദര്‍ശനത്തോടെ

തിരുവനന്തപുരം: തീയും പുകയുമേറ്റ തങ്ങളുടെ ചെറിയ ചായപീടികയില്‍ ഓരോ ചായ എടുക്കുമ്പോഴും മോഹനന്‍- വിജയ ദമ്പതികളുടെ സ്വപ്നം വാനോളം ഉയരത്തിലായിരുന്നു. തങ്ങളുടെ ദിവസ വരുമാനത്തില്‍ നിന്നും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വലിയൊരു സ്വപ്നം സാക്ഷാത്ക്കരിച്ച ഇവര്‍ കേരളക്കരയുടെ മനസ് കീഴടക്കിയിരുന്നു. തന്റെ പ്രിയ ഭര്‍ത്താവുമൊത്ത് 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അടുത്ത യാത്രയ്ക്കായി ഒരുങ്ങിയ സമയത്താണ് മോഹനയുടെ ഭര്‍ത്താവ് വിജയന്‍ (76 വയസ്) 2021 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് ഏകയായ മോഹനയമ്മ തന്റെ പ്രിയതമന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന ജപ്പാന്‍ യാത്ര സഫലീകരിച്ചതിന്റെ ആത്മ സംത്യപ്തിയിലാണിപ്പോള്‍. 

ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം ജപ്പാനിലേക്ക് ഒറ്റയ്ക്ക് സന്ദര്‍ശിച്ച് അവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ഈ അമ്മ തന്റെ അനുഭവങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഇതൊരു സാങ്കല്പ്പിക കഥയോ അതോ യാഥാര്‍ഥ്യമോ എന്ന സംശയത്തിലായിരുന്നു പലരും. വിജയനും മോഹനയും ഒരുമിച്ചുള്ള യാത്രയെക്കുറിച്ച് മലയാളികള്‍ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ മോഹന തനിച്ചുള്ള വിദേശ യാത്ര ഇതാദ്യമാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ കുടുംബശ്രീ രജത ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ മോഹന വിജയന്‍ ഈ യാത്രകളുടെ അനുഭവം മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ അത് ഒരാള്‍ക്കെങ്കിലും പ്രചോദനമാകണമെന്നാണ് പ്രതീക്ഷ.

എറണാകുളം കടവന്ത്രയിലെ വിജയന്‍ - മോഹന ദമ്പതികളുടെ വരുമാന മാര്‍ഗം ശ്രീ ബാലാജി കോഫി ഹൗസാണ്. എന്നാല്‍ ഇവര്‍ കടവന്ത്രയിലോ എറണാകുളത്തോ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഇപ്പോള്‍, ഉദയസൂര്യന്റെ നാട് വരെ എത്തി നില്‍ക്കുന്നു. പക്ഷേ, ഭര്‍ത്താവിന്റെ ആഗ്രഹം പോലെ ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ മോഹന ജീവിത യാത്രയില്‍ ഒറ്റയ്ക്കായി പോയിരുന്നു.

ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് ഇനിയിപ്പോള്‍ താങ്കള്‍ എങ്ങനെയാണ് വിദേശത്ത് ഒറ്റയ്ക്ക് പോകുമോ എന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ തളര്‍ന്നില്ല. ഭര്‍ത്താവിന്റെ ആഗ്രഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് മോഹന ജപ്പാന്‍ സന്ദര്‍ശനം നടത്തിയത്.

2021 ലെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഭര്‍ത്താവ് വിജയന്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്. വളരെ ചെറുപ്പത്തിലെ തന്നെ യാത്രകളെ പ്രണയിച്ചിരുന്ന മോഹനയ്ക്ക് ആ കാലത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് യാത്രകള്‍ സാധ്യമായിരുന്നില്ല.

എന്നാല്‍ വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് യാത്രകള്‍ പോകുന്ന സ്വപ്നം കണ്ടായിരുന്നു അവരുടെ ജീവിതം ആരംഭിച്ചത്. വിവാഹശേഷം ചെറിയ യാത്രകള്‍ പോയെങ്കിലും വിദേശത്തേക്ക് പോകാന്‍ അന്നും സാമ്പത്തികം പ്രശ്‌നമായിരുന്നു. എങ്കിലും ഇവരുടെ ആഗ്രഹത്തെ തുടര്‍ന്ന് ഏക വരുമാന ആശ്രയമായ ചായക്കടയിലെ സമ്പാദ്യത്തില്‍ നിന്നും അവര്‍ സ്വരൂപിച്ച് ഉണ്ടാക്കിയ സ്വര്‍ണം പണയം വെച്ചായിരുന്നു ആദ്യ വിദേശ സന്ദര്‍ശനം. 2008 ല്‍ വിശുദ്ധ നാട്ടിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീടങ്ങോട്ട് 16 വര്‍ഷം കൊണ്ട് 26 ഓളം രാജ്യങ്ങളാണ് ഇവര്‍ ഇരുവരും സന്ദര്‍ശിച്ചത്.

50 രാജ്യങ്ങള്‍ സന്ദര്‍ശിക്കണം എന്നായിരുന്നു ഭര്‍ത്താവിന്റെ ആഗ്രഹമെന്നും അത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ശ്രമം ഇനിയും തുടരും. അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നുമാണ് മോഹനയുടെ പക്ഷം. തങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് അദ്ദേഹത്തിന് പ്രിയപ്പെട്ടതെങ്കില്‍ വിശുദ്ധ നാടായ ഇസ്രായേലിലെ യേശുവിന്റെ പ്രതിമയാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

മലയാളികള്‍ 2014 ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു. മലയാളത്തിലേക്കുള്ള മഞ്ജുവാര്യരുടെ രണ്ടാം വരവ് ആഘോഷമാക്കിയ ഈ ചിത്രത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ നായിക ചെറിയൊരു കടയുടെ വരുമാനത്തില്‍ നിന്ന് ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ച രണ്ട് ദമ്പതിമാരോട് സംസാരിക്കുന്ന രംഗമുണ്ട്. സത്യത്തില്‍ ആ കഥാപാത്രങ്ങളെ കാണുമ്പോള്‍ തീര്‍ച്ചയായും വിജയന്‍ - മോഹന ദമ്പതികളെ ഓര്‍ക്കാത്ത മലയാളികള്‍ ചുരുക്കമാണ്.

യാത്രകള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? ഇല്ലെന്നല്ല, കാണില്ല ! എന്നാല്‍ അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുന്നവര്‍ ചുരുക്കമാണ് ... മലയാളികളുടെ യാത്രകള്‍ക്ക് മിക്കപ്പോഴും അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുമ്പോള്‍ ഈ പ്രായത്തിലും ഒരു ചായക്കടയുടെ വരുമാനത്തില്‍ നിന്നും ലോകം ചുറ്റുകയാണ് പ്രായാധിക്യത്തിലും മോഹനമ്മ...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.