ബംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് നിശ്ചയിച്ച മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ നാളെ ഉച്ചകഴിഞ്ഞ് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇപ്പോഴത്തെ തീരുമാന പ്രകാരം ആദ്യ ടേമില്‍ സിദ്ധരാമയ്യയും പിന്നീട് ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയ പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ട് അവസാന നിമിഷം അനുനയിപ്പിക്കുകയായിരുന്നു. ഹൈക്കമാന്‍ഡ് ഓഫര്‍ ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം ഡി.കെ നിക്ഷേധിച്ചതായാണ് അറിയുന്നത്. പിസിസി പ്രസിഡന്റായി അദേഹം തുടരും.
ഇതോടെ സാമുദായിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് സംബന്ധിച്ചും ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ലിംഗായത്ത് സമുദായ വോട്ട് ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ലിംഗായത്ത് നേതാവ് ഉപമുഖ്യമന്ത്രിയാകണം എന്ന് ചില സമുദായ നേതാക്കള്‍ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എം.ബി പാട്ടീല്‍ മൂന്നില്‍ ഒരു ഉപമുഖ്യമന്ത്രിയായേക്കും.
മുസ്ലിം സമുദായ വോട്ട് ഇത്തവണ കാര്യമായി കോണ്‍ഗ്രസിന് ലഭിച്ചു. ജെഡിഎസും കോണ്‍ഗ്രസും വീതം വച്ചിരുന്ന മുസ്ലിം വോട്ട് ഇത്തവണ ജെഡിഎസിന് ലഭിച്ചിട്ടില്ല. ജെഡിഎസിന് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ തിരിച്ചടി ലഭിക്കാന്‍ കാരണവും അതു തന്നെയായിരുന്നു. കര്‍ണാടക വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് മുസ്ലിം ഉപമുഖ്യമന്ത്രി എന്ന ആവശ്യം ഉയരുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഒരു ഉപമുഖ്യമന്ത്രി മുസ്ലിം പ്രതിനിധിയായി ഉണ്ടാകുമെന്നാണ് സൂചന. മുന്‍ മന്ത്രിയും മലയാളിയുമായ യു.ടി ഖാദറിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം ദളിത് വിഭാഗവും കോണ്‍ഗ്രസിന്റെ ജയത്തിന് ഏറെ സഹായിച്ചവരാണ്. ഈ സാഹചര്യത്തില്‍ ദളിത് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി എത്താനുള്ള സാധ്യതയുണ്ട്.
സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ഒരുമിച്ച് നിന്നുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന് 135 സീറ്റ് നേടിയുള്ള മികച്ച വിജയത്തിന് സഹായിച്ചത്. സിദ്ധരാമയ്യയുടെ ജനകീയത പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ പണം കൊണ്ടും എതിരാളികളെ അമ്പരപ്പിക്കുന്ന തന്ത്രം കൊണ്ടും ഡി.കെ വിജയത്തിന് സുപ്രധാന പങ്ക് വഹിച്ചു എന്ന വിലയിരുത്തലുമുണ്ടായി.
ഡി.കെ ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് മാറി നിന്നാല്‍ വൊക്കലിഗ നേതാവ് കൂടിയായ അദേഹം താല്‍പ്പര്യപ്പെടുന്ന എംഎല്‍എമാര്‍ക്ക് സുപ്രധാന വകുപ്പുകള്‍ മന്ത്രിസഭയില്‍ നല്‍കിയേക്കും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.